Asianet News MalayalamAsianet News Malayalam

Women's day 2023 : വിവാഹം അത്യാവശ്യമോ? ലിവിംഗ് ടുഗെദര്‍, വിവാഹ മോചനങ്ങള്‍; അടിമുടി മാറി വിവാഹ സങ്കല്‍പ്പം!

'പഠിച്ചിട്ടിപ്പോ എന്താ, നാളെ വേറൊരു വീട്ടിലേക്ക് കേറിപ്പോകാനുള്ളതല്ലേ. പഠിപ്പിക്കുന്ന ആ പൈസയുണ്ടേല്‍ സ്വര്‍ണ്ണം വാങ്ങി കല്ല്യാണം കഴിപ്പിച്ച് വിടാം. പിന്നെ അവിടെ ജീവിച്ചോളും. ഞങ്ങളെല്ലാം അങ്ങനെയല്ലേ'' എന്ന് പറഞ്ഞൊഴിയുന്ന രക്ഷിതാക്കള്‍ ഇന്നുമുണ്ട്.

womens changing concepts of wedding apn
Author
First Published Mar 7, 2023, 10:03 PM IST

പെണ്‍കാലം. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഒരുക്കിയ വിശേഷ ഉപഹാരം. മാറുന്ന പെണ്‍കാലത്തെക്കുറിച്ചുള്ള വ്യത്യസ്തമായ കുറിപ്പുകളും വീഡിയോകളും. 

 

womens changing concepts of wedding apn

 

''വിവാഹമോ,  ഇപ്പഴൊന്നും അതേ കുറിച്ച് ചിന്തിക്കുന്നില്ല. ആദ്യം പഠനം, കരിയര്‍, സെറ്റിലായതിന് ശേഷം മറ്റെല്ലാം. പിന്നെ ഇരുപത്തിയൊന്ന് വയസിലൊന്നും വിവാഹം വേണമെന്നില്ലല്ലോ. ലിവിംഗ് ടുഗെദറിനെയെല്ലാം കേരളത്തിലും അംഗീകരിച്ച് തുടങ്ങിയല്ലോ''-വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് ഡിഗ്രി വിദ്യാര്‍ത്ഥിയായ ഒരു പെണ്‍കുട്ടിയുടെ മറുപടിയാണിത്. 

വൈവാഹിക ജീവിതത്തെ കുറിച്ചുള്ള സ്ത്രീ ചിന്തകളില്‍ വലിയ മാറ്റങ്ങളുണ്ടായ കാലത്തിലൂടെയാണ് കടന്നുപോകുന്നത്. വിവാഹം, കുടുംബം തുടങ്ങി പരമ്പരാഗതമായ രീതികളില്‍ നിന്നും ഒരു വിഭാഗം സ്ത്രീകള്‍ മാറി ചിന്തിച്ചുതുടങ്ങിയ കാലഘട്ടം. അതില്‍, വിവാഹമേ വേണ്ടെന്ന് വെച്ച് തനിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളും, വിവാഹ ബന്ധത്തില്‍ നിന്നുപോകാന്‍ സാധിക്കാതെ നിയമപരമായി വേര്‍പിരിഞ്ഞ് ജിവിക്കുന്ന സ്ത്രീകളും, സെപറേറ്റഡ് ആയി മുന്നോട്ട് പോകുന്നവരും നിയമത്തിന്റെ പിന്‍ബലമില്ലാതെ തന്റെ പങ്കാളിക്കൊപ്പം ഒരുമിച്ച് ജീവിക്കുന്നവരുമെല്ലാം (ലിവിംഗ് ടുഗേദര്‍) ഉണ്ട്.

പരമ്പരാഗത വൈവാഹിക ജീവിതത്തില്‍ നിന്നും വലിയ മാറ്റങ്ങളുണ്ടായ കാലം, ഈ മാറ്റങ്ങളിലേക്ക് സ്ത്രീകള്‍ എത്തിച്ചേര്‍ന്നതെങ്ങനെയാകും?

വ്യവസ്ഥാപിതമായ വിവാഹ രീതികളില്‍ നിന്നും മാറി ചിന്തിക്കാന്‍ സ്ത്രീകളെ പ്രേരിപ്പിച്ച ഒരുപാടു ഘടകങ്ങളുണ്ട്. വിദ്യാഭ്യാസം തൊഴില്‍, തൊഴിലിടങ്ങള്‍, സമൂഹ മാധ്യമങ്ങളുടെ കടന്നുവരവ് ഇതെല്ലാം സ്ത്രീകളുടെ ചിന്തകളില്‍ വലിയ മാറ്റം കൊണ്ടുവരാനിടയാക്കി. അതിനൊപ്പം പുരുഷ കേന്ദ്രീകൃതമായ ഒരു സമൂഹത്തില്‍ വിവാഹ ജീവിതം നയിക്കുന്ന സ്ത്രീകള്‍ക്ക് നേരിടേണ്ടി വന്ന തിരിച്ചടികളിലെ യാഥാത്ഥ്യവും,സ്വയം പര്യാപ്തതയും സാമ്പത്തിക സ്വാശ്രയത്വവുമെല്ലാം കൈവരിച്ച് ജീവിക്കാന്‍ സ്ത്രീകള്‍ക്ക് പ്രചോദനമാകുന്നു.

വിവാഹ മോചനങ്ങള്‍ വര്‍ധിക്കുന്ന കാലം

ചെറിയ പ്രായത്തില്‍ തന്നെ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ച് അയച്ച് ''ബാധ്യത'' തീര്‍ക്കാന്‍ ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ കൂടിയുള്ള ഒരു നാടാണ് നമ്മുടേത്. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയായ, ഉടനെ പെണ്‍കുട്ടികളുടെ വിവാഹം നടത്താന്‍ രക്ഷിതാക്കള്‍ ധൃതിപ്പെടുന്ന അവസ്ഥ ഇന്നും കേരളത്തിലുണ്ട്. നാട്ടിന്‍പുറങ്ങളില്‍ ഇതല്‍പ്പം കൂടും. ''പഠിച്ചിട്ടിപ്പോ എന്താ, നാളെ വേറൊരു വീട്ടിലേക്ക് കേറിപ്പോകാനുള്ളതല്ലേ. പഠിപ്പിക്കുന്ന ആ പൈസയുണ്ടേല്‍ സ്വര്‍ണ്ണം വാങ്ങി കല്ല്യാണം കഴിപ്പിച്ച് വിടാം. പിന്നെ അവിടെ ജീവിച്ചോളും. ഞങ്ങളെല്ലാം അങ്ങനെയല്ലേ'' എന്ന് പറഞ്ഞൊഴിയുന്ന രക്ഷിതാക്കള്‍ ഇന്നുമുണ്ട്.

ചിലരൊക്കെ വിവാഹത്തിന് ശേഷവും പഠിക്കാമല്ലോ എന്ന ഒറ്റ വാക്കിന്റെ പേരില്‍ കഴുത്ത് നീട്ടി നല്‍കിയവരാകും. അതെല്ലാം വാഗ്ദാനങ്ങള്‍ മാത്രമായിരുന്നുവെന്ന യാഥാര്‍ത്ഥ്യം മനസിലാക്കുന്നത് ഏറെ കഴിഞ്ഞായിരിക്കും. അപ്പോഴേക്കും 'മക്കളുടെ ഭാവി' എന്ന ചിന്ത സമൂഹം ഇവരില്‍ കുത്തി നിറച്ചിട്ടുണ്ടാകും. അതിന്റെ ഇടയിലാകും ഭര്‍ത്താവില്‍ നിന്നും ഭര്‍തൃ വീടുകളില്‍ നിന്നുമുണ്ടാകുന്ന എതിര്‍പ്പുകള്‍. പലരും ഇതിനോടെല്ലാം പൊരുത്തപ്പെട്ട് ജീവിച്ച് തീര്‍ക്കുന്നു. മറ്റ് ചിലര്‍ സമൂഹമെന്ത് കരുതുമെന്ന് ചിന്തിക്കാതെ തനിക്കെന്താണ് വേണ്ടതെന്ന് സ്വയം തിരിച്ചറിഞ്ഞ് വിവാഹ ജീവിതത്തില്‍ നിന്നും പുറത്തേക്ക് വരുന്നു. ഇന്നത്തെ തലമുറ എല്ലാം സഹിച്ചും  സമൂഹമെന്ത് പറയുമെന്ന് ചിന്തിച്ചും ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല.

സ്വന്തം ജീവിതം എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കാന്‍, അത് തിരഞ്ഞെടുക്കാന്‍ സ്ത്രീകള്‍ മുന്നോട്ട് വരുന്നുവെന്നത് വലിയ മാറ്റം തന്നെയാണ്. പക്ഷേ അതെല്ലാം എത്രത്തോളം സ്ത്രീകള്‍ക്ക് സാധ്യമാവുന്നു എന്നതാണ് ചോദ്യം. സാമ്പത്തിക സ്വാതന്ത്ര്യമെന്നതിന് ഇവിടെ വലിയ പ്രാധാന്യമുണ്ട്. സാമ്പത്തിക സ്വാതന്ത്ര്യം അനുഭവിക്കുന്ന സ്ത്രീകള്‍ക്ക്, ഭര്‍ത്താവിനെയും ഭര്‍തൃ വീട്ടുകാരെയും സ്വന്തം വീട്ടുകാരെയും ആശ്രയിച്ച് ജീവിക്കുന്നവരേക്കാള്‍ ഒഴുക്കിനെതിരെ നീന്താനുള്ള കരുത്ത് ലഭിക്കും.

ഈ അടുത്തിറങ്ങിയ ദര്‍ശനാ രാജേന്ദ്രനും ബേസില്‍ ജോസഫും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച 'ജയ ജയ ജയ ജയ ജയഹേ' എന്ന ചിത്രം ചര്‍ച്ച ചെയ്യുന്നതും ഇത്തരം ചില കാര്യങ്ങള്‍ തന്നെയാണ്. ഭര്‍ത്താവിന്റെ ദേഹോപദ്രവം സഹിച്ച് സ്വന്തം വീട്ടുകാര്‍ പറയുന്ന ''ക്ഷമിച്ച് ജീവിക്കുന്നതിനോട്'' ജയയ്ക്ക് പൊരുത്തപ്പെടാന്‍ കഴിയുന്നില്ല. സ്വന്തം വീട്ടുകാരെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് ധൈര്യപൂര്‍വം ഹോസ്റ്റലിലേക്ക് മാറി നില്‍ക്കുമ്പോഴാണ് സാമ്പത്തിക പ്രശ്‌നം ജയയെ ബാധിക്കുന്നത്.  അതിന് ശേഷമാണ് സ്വന്തം കാലില്‍ നില്‍ക്കാനായി ബിസിനസിലേക്ക് ജയ എത്തിച്ചേരുന്നത്.

വിവാഹം ഒരു അത്യാവശ്യ കാര്യമാണോ?

മാറിയ ഈ കാലത്ത് പരസ്പരം സ്‌നേഹിക്കുന്ന രണ്ട് പേര്‍ക്ക് ഒന്നിച്ച് ജിവിക്കാന്‍ വിവാഹം എന്ന വ്യവസ്ഥാപിത സംഗതി ആവശ്യമാണോ?  ഇഷ്ടമുള്ള ഒരു പങ്കാളിയെ തെരഞ്ഞെടുത്ത്, ഒരുമിച്ചു ജീവിക്കുക, മതിയാക്കാമെന്ന് തോന്നുമ്പോള്‍ പരസ്പര സമ്മതത്തോടെ പരസ്പര ബഹുമാനത്തോടെ പിരിഞ്ഞ് പോകുക. അവിടെ നിയമത്തിന്റെ കുരുക്കുകളില്ല. അതു പോലെ തന്നെ നിയമത്തിന്റെ സംരക്ഷണവുമില്ല. ഈ  പാശ്ചാത്യ രീതിയെ  പുതുതലമുറയും സ്വീകരിച്ച് കഴിഞ്ഞു. കൂടുതലും ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ളവരാണ് ലിവിംഗ് റ്റുഗെദര്‍ രീതി പിന്തുടരുന്നത്. എന്ത് കാര്യത്തിനും നല്ല വശവും  മോശം വശവുമുണ്ടാകുമെന്നത് പോലെ തന്നെയാണിവിടെയും. ഒരു ലിവിംഗ് ഇന്‍ റിലേഷനില്‍ നിന്നും പരസ്പര ബഹുമാനത്തോടുകൂടിയും സമ്മതത്തോടു കൂടിയും പിരിഞ്ഞ് പോകുകയെന്നത് എത്രത്തോളം പേര്‍ക്ക് സാധ്യമാകുമെന്നത് ചോദ്യമാണ്. പക്ഷേ വിവാഹത്തിലേക്ക് പോകുന്നതിന് മുമ്പ് ലിവിംഗ് റ്റുഗേദര്‍ റിലേഷന്‍ ആരംഭിക്കുകയാണെങ്കില്‍ രണ്ട് കൂട്ടര്‍ക്കും പരസ്പരം മനസിലാക്കാന്‍ സാധിക്കുമല്ലോ. മുന്നോട്ട് പോകാന്‍ കഴിയുമോയെന്ന് രണ്ട് പേര്‍ക്കും ഇതിലൂടെ മനസിലാക്കാമെന്നതാണ് മറ്റൊരു പോസിറ്റീവായ വശം.

ഇന്ന് സമൂഹത്തില്‍ നിലനില്‍ക്കുന്ന വ്യവസ്ഥിതി വെച്ച് നോക്കുകയാണെങ്കില്‍, ലിവിംഗ് റിലേഷനില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ റിസ്‌ക് എടുക്കേണ്ടി വരും. ഒരുമിച്ച് ജീവിച്ച് തുടങ്ങുമ്പോഴാണ് തെഞ്ഞെടുക്കുന്ന പുരുഷന്‍ എത്രത്തോളം ഉത്തരവാദിത്തമുള്ളതാണെന്ന് വ്യക്തമാകുക. പക്ഷേ അപ്പോഴും നിയമത്തിന്റെ നൂലാമാലകളില്ലാതെ ബന്ധത്തില്‍ തുടരാതിരിക്കാനും സ്ത്രീകള്‍ക്കും സാധിക്കുമെന്നതാണ് പുതുതലമുറയെ ലിവിഗ്ടുഗെദറിലേക്ക് ആകര്‍ഷിക്കുന്നത്.

വിവാഹം വേണോ വേണ്ടയോ എന്ന രീതിയിലുള്ള ചർച്ചകൾ വരുമ്പോൾ ഒരേയൊരു കാര്യമാണ് പറയാനുള്ളത്. അതവരുടെ സ്വാതന്ത്ര്യമാണ്. മറ്റുള്ളവരുടെ നിർബന്ധങ്ങൾക്കിരയാകാതെ അവർക്കിഷ്ടപ്പെട്ടത് തിരഞ്ഞെടുക്കട്ടെ...

 

 


പെണ്‍കാലം: ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഒരുക്കിയ വിശേഷ ഉപഹാരം. 

റിനി രവീന്ദ്രന്‍: പുതുകാലത്തിലേക്ക് വണ്ടി കിട്ടാത്തവരോട്, നടക്കുകയെങ്കിലും വേണം, ഞങ്ങള്‍ പറന്ന് തുടങ്ങി

നിത്യ റോബിന്‍സണ്‍: സിനിമയിലെ സ്ത്രീകള്‍: മാറ്റത്തിന്റെ കൊടുങ്കാറ്റായി ഡബ്ല്യൂ സി സി

രമ്യ മഹേഷ്: സ്വര്‍ണ്ണത്തിന് വിട, ഓണ്‍ലൈനില്‍ വിരിയുന്ന പുത്തന്‍ ആഭരണഭ്രമങ്ങള്‍ !

ബിസ്മി ദാസ് ബി: തൊണ്ണൂറുകളില്‍ ചില പെണ്‍കുട്ടിക്കാലങ്ങള്‍

ഫസീല മൊയ്തു: ഏക സിവില്‍ കോഡ് അല്ല ഞങ്ങളുടെ ആവശ്യം, ഭരണഘടന അനുവദിക്കുന്ന തുല്യാവകാശമാണ്!

അനൂജ :'ഏലിയനെ പോലെ ജീവിക്കേണ്ട കാര്യമില്ല'; മാറിയ വസ്ത്ര ധാരണത്തെക്കുറിച്ച് വനിതാ നേതാക്കള്‍...

എല്‍സ ട്രീസ ജോസ്: ക്രിസ്തീയ സഭകളിലെ സ്ത്രീ പ്രാതിനിധ്യം; സഭകള്‍ എന്ന് കണ്ണുതുറക്കും

നിര്‍മലാ ബാബു: 'പെണ്ണിനെന്താ കുഴപ്പം'; വിവാദങ്ങളോട് പൊരുതി വളര്‍ന്ന അഞ്ച് സ്ത്രീകള്‍!

ആതിര നാരായണന്‍: വിവാഹം അത്യാവശ്യമോ? ലിവിംഗ് ടുഗെദര്‍, വിവാഹ മോചനങ്ങള്‍; അടിമുടി മാറി വിവാഹ സങ്കല്‍പ്പം!

ജിതിരാജ്: പൊട്ടിത്തെറികള്‍, തെറിവിളികള്‍, തുറന്നെഴുത്തുകള്‍; സോഷ്യല്‍ മീഡിയയിലെ സ്ത്രീ

പവിത്ര ജെ ദ്രൗപതി: അത്ര ഇഷ്ടമാണെങ്കില്‍ കലിപ്പന്‍ ഇടട്ടെ ഷോള്‍, അതല്ലേ ഹീറോയിസം!

അസ്മിത കബീര്‍: ക്രമേണ ആര്‍ത്തവം വിലക്കപ്പെട്ട വാക്കായി, കൂടെ ആര്‍ത്തവമുള്ള സ്ത്രീയും...

രശ്മി: മാറിയ ജീവിതരീതി സ്ത്രീകളുടെ ആരോ​ഗ്യത്തെ ബാധിക്കുമ്പോള്‍...

ആര്‍ദ്ര എസ് കൃഷ്ണ: സോഷ്യല്‍ പോരാട്ടത്തിലെ പെണ്ണുങ്ങള്‍; സെലിബ്രേറ്റി വ്‌ളോഗേഴ്‌സും വരുമാന വഴിയും!

വര്‍ഷ പുരുഷോത്തമന്‍: സാമ്പത്തിക സ്വാശ്രയത്വത്തിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍, തീരാത്ത വെല്ലുവിളികള്‍!

റിനി: മാറുന്ന ലോകവും നിരന്തരം അക്രമിക്കപ്പെടുന്ന സ്ത്രീയും

 

Follow Us:
Download App:
  • android
  • ios