
രാജ്യത്ത് 'അബോര്‍ഷന്‍' അനുവാദത്തിനായി കോടതികളെ സമീപിക്കുന്ന കേസുകളില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. സ്ത്രീകളുടെ അവകാശസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന 'പ്രതിഗ്യ' എന്ന സംഘടനയുടേതാണ് ശ്രദ്ധേയമായ റിപ്പോര്‍ട്ട്.
2019 മെയിനും 2020 ആഗസ്റ്റിനുമിടയില്‍ രാജ്യത്തെ ഹൈക്കോടതികളിലായി ആകെ 243 കേസുകളാണ് വന്നിട്ടുള്ളതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിന് പുറമെ ഒരു സുപ്രീംകോടതി അപ്പീല്‍ കൂടി ഇതേ ആവശ്യമുന്നയിച്ച് വന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആകെ കേസുകളില്‍ 74 ശതമാനം കേസുകളും ഗര്‍ഭധാരണത്തിന്റെ 20 ആഴ്ചകള്‍ക്ക് ശേഷമാണ് ഫയല്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ബാക്കിയുള്ളതില്‍ 23 ശതമാനം കേസുകള്‍ ഗര്‍ഭധാരണത്തിന്റെ 20 ആഴ്ചയ്ക്കുള്ളില്‍ ഫയല്‍ ചെയ്യപ്പെട്ടിട്ടുള്ളതുമാണ്. ഈ 23 ശതമാനം കേസുകളും കോടതിയിലെത്തേണ്ടതല്ലെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
ഇവ 'അബോര്‍ഷന്‍' അനുവദിക്കപ്പെട്ടിട്ടുള്ള സമയപരിധിയില്‍ വരുന്നതിനാല്‍ കോടതിയെ സമീപിക്കേണ്ട കാര്യമില്ലായിരുന്നുവെന്നും എന്നാല്‍ നിലവിലെ നിയമപ്രകാരം ഇവര്‍ക്കും കോടതിയെ സമീപിക്കേണ്ടതായ സാഹചര്യമുണ്ടായതാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
'ഗര്‍ഭധാരണത്തിന്റെ 20 ആഴ്ചകള്‍ക്ക് ശേഷം വന്നിട്ടുള്ള 74 ശതമാനം കേസുകളില്‍ 29 ശതമാനവും റെയ്പ്- ലൈംഗിക പീഡനം എന്നിവയുമായി ബന്ധമുള്ളവയാണ്. 42 ശതമാനമാകട്ടെ, ശാരീരിക പ്രശ്‌നമുള്ള കുഞ്ഞുങ്ങളാണെന്ന് കണ്ട് വേണ്ടെന്ന് വയ്ക്കാന്‍ തീരുമാനിച്ചവയും. അതായത്, അബോര്‍ഷന്‍ അനിവാര്യമായ കേസുകളാണ് പലപ്പോഴും നിയമക്കുരുക്കില്‍ പെട്ട് കോടതി കയറിയിറങ്ങേണ്ടി വരുന്നത്. റെയ്പ് കേസുകളില്‍ പെട്ട സ്ത്രീകളെ സംബന്ധിച്ച് ഇത്തരം കോടതി നടപടികള്‍ അവര്‍ക്ക് കൂടുതല്‍ മാനസികബുദ്ധിമുട്ടുകളുണ്ടാക്കുന്നതാണ്. അതിനാല്‍ നിയമപരമായി തന്നെ അബോര്‍ഷന്‍ കാലാവധി നീട്ടിക്കിട്ടുന്ന സാഹചര്യമുണ്ടാകണം. അല്ലാത്ത പക്ഷം ഇതുപോലെ കോടതിയെ സമീപിക്കേണ്ടി വരുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കും. അതൊരു അവകാശപ്രശ്‌നം കൂടിയാണെന്ന് എല്ലാവരും മനസിലാക്കേണ്ടതുണ്ട്. താല്‍പര്യമില്ലാത്ത ഗര്‍ഭധാരണം സ്ത്രീയില്‍ അടിച്ചേല്‍പിക്കുകയാണ് ഇവിടെ നിയമം ചെയ്യുന്നത്...'- റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
നിലവിലെ നിയമപ്രശ്‌നങ്ങള്‍ തന്നെയാണ് കോടതിയില്‍ 'അബോര്‍ഷന്‍' കേസുകള്‍ കൂടുതലായി എത്താന്‍ കാരണമെന്ന് തന്നെയാണ് റിപ്പോര്‍ട്ട് അടിവരയിട്ട് പറയുന്നത്. ഈ നിയമക്കുരുക്കുകള്‍ ഒഴിവാക്കേണ്ടതുണ്ടെന്നും അതിനായി പല സംഘടനകളും, രാജ്യസഭയില്‍ വരാനിരിക്കുന്ന 'ദ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി ബില്‍ 2020'ലേക്ക് കാര്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Also Read:- ഗര്‍ഭകാലത്തെ ബ്ലീഡിംഗ് അബോർഷൻ മാത്രമല്ല; മറ്റ് കാരണങ്ങൾ അറിയാം...