കൊവിഡ് 19 എന്ന മഹാമാരി ലോകത്തെയാകെ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തെ സ്തംഭിപ്പിക്കുന്ന ദുരന്തങ്ങളാണ് മഹാമാരികളും യുദ്ധവുമെല്ലാം. ഭയത്തിലൂടെയാണിന്ന് ലോകമാകെ കടന്നുപോവുന്നത്. അതിനിടയിലും കാത്തുവയ്ക്കുന്ന പ്രതീക്ഷയുടെ ഇത്തിരി പ്രകാശം മാത്രമാണ് മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. 

ഉറ്റവരെ നഷ്ടപ്പെട്ട വേദന, മഹാമാരി നമ്മുടെ പടിവാതിലിലും എത്തിയേക്കാമെന്ന ഭയം. ഇവിടെ ആളുകളുടെ ക്രിയാത്മകതയും വേറെ രീതിയില്‍ മാറുകയാണ്. ഇതുവരെ വരക്കാത്ത പലതും വരച്ചു ചേര്‍ക്കുകയാണ് ചിത്രകാരന്മാര്‍. മഹാമാരിയുടെ വ്യത്യസ്ത ഭാവപ്പകര്‍ച്ചകള്‍ വരക്കുന്നതിലൂടെ ഈ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുക കൂടിയാണവര്‍. കൊവിഡ് 19 എന്ന മഹാമാരി ഏറെ പടര്‍ന്നുപിടിച്ച ഒരിടമാണ് മുംബൈ. 

മുംബൈയില്‍ നിന്നുള്ള ധ്രുവി ആചാര്യ എന്ന ചിത്രകാരി ഈ ദുരിതകാലത്ത് അതിന്‍റെ നേര്‍ക്കാഴ്ചകളെ വരച്ചു ചേര്‍ക്കുകയാണ്. അവരുടെ വാട്ടര്‍ കളര്‍ പെയിന്‍റിംഗുകള്‍ കൊവിഡ് കാലത്തെ അടയാളപ്പെടുത്തുന്നവയാണ്. സാമൂഹിക അകലം പാലിക്കുന്ന, മാസ്ക് ധരിക്കുന്ന ഈ കാലത്തെ മനുഷ്യരെ അവള്‍ തന്‍റെ ചിത്രങ്ങളിലേക്ക് ചേര്‍ത്തു വയ്ക്കുന്നു. ഒപ്പം തന്നെ ആരോഗ്യപ്രവര്‍ത്തകരുടെ ധൈര്യം, കുടിയേറ്റ തൊഴിലാളികളുടെ കഷ്ടതകള്‍ ഇവയെല്ലാം ആ ചിത്രങ്ങളിലുണ്ട്. 'ഡാര്‍ക്ക് ഹ്യൂമര്‍' ഗണത്തില്‍ പെടുത്താവുന്നവയാണ് ധ്രുവിയുടെ മിക്ക ചിത്രങ്ങളും. 

 

Quartz -ന് നല്‍കിയ അഭിമുഖത്തില്‍ ധ്രുവി ആചാര്യ എങ്ങനെയാണ് ഈ മഹാമാരി തന്‍റെ വരയെ സ്വാധീനിച്ചത് എന്ന് വ്യക്തമാക്കുന്നുണ്ട്. 

കൊറോണ വൈറസ് മഹാമാരിയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് വരച്ച താങ്കളുടെ സമീപകാലചിത്രങ്ങളെ സ്വാധീനിച്ച ചിന്തകളെന്തെല്ലാമാണ്?

ഈ മഹാമാരിക്കാലത്ത് ജീവിക്കുന്ന എല്ലാവരേയും പോലെത്തന്നെ എന്‍റെയുള്ളിലും പലപല ചിന്തകളും ഭയങ്ങളുമുണ്ട്. വരക്കാനിരിക്കുമ്പോള്‍ എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് എനിക്കൊരു രൂപവുമില്ലായിരുന്നു. എന്‍റെ ബ്രഷ് പേപ്പറില്‍ വരയായി മാറുകയായിരുന്നു ഞാന്‍ പോലും ചിന്തിക്കാതെ തന്നെ. എല്ലാവരും പാലിക്കുന്ന സാമൂഹിക അകലം, വൈറസിനോടുള്ള പേടി, വീട്ടിലെ കാര്യങ്ങള്‍, ഡോക്ടര്‍മാരുടെ ധൈര്യം, ദിവസവേതനക്കാരുടെ പ്രശ്നങ്ങള്‍ തുടങ്ങിയവയെല്ലാം അങ്ങനെ ഞാന്‍ പോലുമറിയാതെ വരക്കപ്പെടുകയായിരുന്നു. 

 

ലോകചരിത്രത്തില്‍ മുമ്പ് ഇതുപോലെ ദുരന്തങ്ങളുണ്ടായപ്പോള്‍ രൂപംകൊണ്ട ആര്‍ട്ട് വര്‍ക്കുകള്‍ താങ്കളെ സ്വാധീനിച്ചിട്ടുണ്ടോ? 

ലോകചരിത്രത്തിലെ യുദ്ധത്തിന്‍റെയും ഇതുപോലെയുള്ള മഹാമാരികളുടെയും കാലത്ത് വരക്കപ്പെട്ടിരുന്ന ചിത്രങ്ങള്‍ ഞാന്‍ നേരത്തെ കണ്ടിട്ടുണ്ട്. പക്ഷേ, ഞാന്‍ വരച്ചത് അവയുടെ സ്വാധീനമല്ല, എന്‍റെ തന്നെ ചിന്തകളാണ്. 

വരക്കുന്ന സമയത്ത് ഭയം, ആകാംക്ഷ പോലെയെന്തെങ്കിലും താങ്കളെ ബുദ്ധിമുട്ടിച്ചിട്ടുണ്ടോ?

എന്നെ  സംബന്ധിച്ച് കല എന്നത് വിഷമഘട്ടത്തില്‍ എപ്പോഴും സാന്ത്വനം പകരുന്ന, വേദനകളില്‍ നിന്നെന്നെ മോചിപ്പിക്കുന്ന ഒന്നാണ്. ഞാന്‍ കലയുടെ കരുത്തില്‍ വിശ്വസിക്കുന്നയാളാണ്. അത് സംഗീതമാവാം, സിനിമകളാവാം, കവിതകളാവാം, സാഹിത്യമാവാം, നൃത്തമോ നാടകമോ ആവാം. എന്‍റെ ഭര്‍ത്താവിന്‍റെ അകാലമരണവുമായി പൊരുത്തപ്പെടാന്‍ എന്നെ സഹായിച്ചത് എന്‍റെ കലയാണ്. അതുപോലെ തന്നെ ഈ മഹാമാരിക്കാലത്തും ഞാന്‍ ആശ്വാസം കണ്ടെത്തുന്നത് എന്‍റെ വരയിലൂടെയാണ്. 

 

രണ്ടാം ലോക മഹായുദ്ധം ലോകത്തിന്‍റെ കാഴ്ചപ്പാട് ആകെ മാറ്റിമറിച്ചിട്ടുണ്ട്. കലയിലും സാഹിത്യത്തിലും പുതിയൊരു മൂവ്മെന്‍റ് തന്നെ ഉണ്ടായിട്ടുണ്ട്. കൊറോണ വൈറസ് എന്ന മഹാമാരിയും അങ്ങനെ എന്തെങ്കിലും കൊണ്ടുവരുമെന്ന് കരുതുന്നുണ്ടോ? 

ഉണ്ട്. ഈ മഹാമാരിക്കാലത്തെ നമ്മുടെ ജീവിതം ഇനിയങ്ങോട്ടുള്ള നമ്മുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരും, സ്വാധീനം ചെലുത്തും. നമ്മുടെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തും. നമ്മള്‍ ജന്മം നല്‍കുന്ന കലയിലും മാറ്റമുണ്ടാക്കും. 

മാറ്റം വരുന്ന ആ ലോകം എങ്ങനെയായിരിക്കും?

നാം പരിചയിച്ചുവന്ന ഒരു ജീവിതമല്ല ഇപ്പോള്‍ അതെല്ലാം മാറിയിരിക്കുകയാണ്. നമ്മുടെ സമൂഹമാകപ്പാടെ ഒരു മാറ്റത്തിലൂടെയാണ് കടന്നുപോവുന്നത്. ഇതിനെ എങ്ങനെയാണ് മറികടക്കാന്‍ പോകുന്നത് എന്നെനിക്കറിയില്ല. പക്ഷേ, ഒരിക്കല്‍ വാക്സിന്‍ കണ്ടുപിടിക്കപ്പെടുകയും ഈ വൈറസിനെ പ്രതിരോധിക്കാനാവുകയും ചെയ്താല്‍ നാം മനുഷ്യര്‍ മാറുമെന്ന് ഞാന്‍ കരുതുന്നു. 

 

ഇനി വരുന്ന കാലത്ത് ആയുധങ്ങളേക്കാള്‍, യുദ്ധത്തേക്കാള്‍, മതത്തോടുള്ള ഭ്രാന്തിനേക്കാള്‍, കണ്ണില്ലാത്ത വികസനത്തിനേക്കാള്‍ നാമെല്ലാം ആരോഗ്യത്തിന്, കുടുംബത്തിന്, മറ്റ് ജീവികളുടെ ജീവന്, പ്രകൃതിക്ക്, സയന്‍സിന്,  വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുമെന്ന് ഞാന്‍ കരുതുന്നു. ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നതിനനുസരിച്ച് ഭൂമിക്കും ഭൂമിയിലെ മറ്റ് ജീവജാലങ്ങള്‍ക്കും നാം കരുതല്‍ നല്‍കുമെന്നും ഞാന്‍ കരുതുന്നു. ഇല്ലെങ്കില്‍ വലിയ തോതില്‍ നാശത്തിനും രോഗങ്ങള്‍ക്കും അത് കാരണമാവും. 

(കടപ്പാട്: Quartz)