Asianet News MalayalamAsianet News Malayalam

സിദ്ധീഖിന്‍റെ വാര്‍ത്താസമ്മേളനം ദിലീപിന്‍റെ ലൊക്കേഷനില്‍ നിന്നെന്ന് ജഗദീഷ്

ആരെന്ത് പറഞ്ഞാലും അടി കൊള്ളുന്നത് മോഹന്‍ലാലിനാണെന്നും ദിലീപിനെ സംരക്ഷിക്കേണ്ട ആവശ്യം സംഘടനയ്ക്കില്ലെന്നും ബാബുരാജ് 

jagadeesh against siddique
Author
Kochi, First Published Oct 17, 2018, 4:32 PM IST

കൊച്ചി: ഡെബ്ള്യൂ.സി.സിക്കെതിരെ നടന്‍ സിദ്ധീഖും കെപിഎസി ലളിതയും വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിന് പിന്നാലെ താരസംഘടനയായ അമ്മയില്‍ അഭിപ്രായ ഭിന്നത ചേരിപ്പോരിലേക്ക് വഴിമാറുന്നു. അമ്മ പ്രസിഡന്‍റ് മോഹന്‍ലാലുമായി ചര്‍ച്ച ചെയ്ത് ജഗദീഷ് പുറത്തു വിട്ട വാര്‍ത്താക്കുറിപ്പിനെ സിദ്ധീഖ് വാര്‍ത്താസമ്മേളനത്തില്‍ തള്ളിപ്പറഞ്ഞതും നടിമാരുമായി മോഹന്‍ലാല്‍ നടത്തുന്ന സമവായ ചര്‍ച്ചകള്‍ അട്ടിമറിച്ചതുമാണ് പുതിയ ചേരിപ്പോരിന് കളമൊരുക്കുന്നത്. 

ദിലീപ് അഭിനയിക്കുന്ന പുതിയ സിനിമയുടെ സെറ്റില്‍ നിന്നാണ് സിദ്ധീഖും കെപിഎസി ലളിതയും വാര്‍ത്താസമ്മേളനം നടത്തിയതെന്നും അതിനാല്‍ അദ്ദേഹത്തിന്‍റെ ഉദ്ദേശശുദ്ധിയെ ആരെങ്കിലും സംശയിച്ചാല്‍ തെറ്റു പറയാനാവില്ലെന്നും ഒരു ദേശീയമാധ്യമത്തോട് ജഗദീഷ് പറഞ്ഞു. രാജിവച്ചു പോയ നടിമാരെ തിരിച്ചെടുക്കുന്നതില്‍ മോഹന്‍ലാലിന് തുറന്ന സമീപനമാണ് ഉള്ളത്.  പക്ഷേ മാപ്പ് പറഞ്ഞാല്‍ അല്ലാതെ നടിമാരെ തിരിച്ചെടുക്കില്ലെന്നാണ് സിദ്ധീഖ് പറയുന്നത്. എന്തിനാണ് അവര്‍ മാപ്പ് പറയേണ്ടത്. ഇത്ര വലിയ അതിക്രമത്തിലൂടെ കടന്നു പോയ നടിയോട് മാപ്പ് പറയണമെന്ന് നമ്മള്‍ പറയേണ്ടി വരുന്നതില്‍ എന്ത് ശരിയാണുള്ളത്. 

തനിക്ക് കിട്ടുന്ന അവസരങ്ങള്‍ ഇല്ലാതാക്കുന്ന എന്ന പരാതി അവര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നതാണ്. അതൊന്നും പ്രതികരിക്കാതെ സിദ്ധീഖ് ഇപ്പോള്‍ പറയുകയാണ് ആരുടെയൊക്കെ സിനിമയില്‍ നിന്നാണ് ഒഴിവാക്കപ്പെട്ടത് എന്നതിന്‍റെ ലിസ്റ്റ് കൊടുക്കാന്‍. ഇതൊക്കെ എങ്ങനെ അംഗീകരിക്കും. 

അതേസമയം വിഷയത്തില്‍ പരസ്യപ്രതികരണം വേണ്ടെന്നും എക്സിക്യൂട്ടീവില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കാം എന്നുമാണ് മോഹന്‍ലാല്‍ ഇരുപക്ഷത്തോടും നിര്‍ദേശിച്ചിരിക്കുന്നത്. അമ്മ എക്സിക്യൂട്ടീവ് അംഗങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പില്‍ ജഗദീഷും ബാബു രാജും ഇക്കാര്യം തുറന്നടിച്ചുവെന്നാണ് സൂചന. ആരെന്ത് പറഞ്ഞാലും അടി കൊള്ളുന്നത് മോഹന്‍ലാലിനാണെന്നും ദിലീപിനെ സംരക്ഷിക്കേണ്ട ആവശ്യം സംഘടനയ്ക്കില്ലെന്നും അങ്ങനെ ആഗ്രഹിക്കുന്നവര്‍ക്ക് സ്വന്തം നിലയില്‍ അതാവാം എന്നും  ബാബു രാജ് പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios