തിമിര്‍ത്ത് പെയ്യുന്ന മഴയത്ത്, വയറ് കത്തുമ്പോള്‍ നല്ല പൊടിക്കപ്പ വേവിച്ചതും, മത്തി മുളകിട്ടതും കട്ടനും കഴിക്കണം. എന്നിട്ട് ആശ്വാസത്തോടെ ആ മഴയും കേട്ട് അങ്ങനെ കിടന്ന് മയങ്ങണം. ശരാശരിക്കോ അതിന് താഴെയോ വരുന്ന കുടുംബങ്ങളില്‍ ജനിച്ചുവളര്‍ന്ന മലയാളികളുടെ നൊസ്റ്റാള്‍ജിയയുടെ ഭാഗം തന്നെയാണ് മത്തി. 

ധനികര്‍ മാര്‍ക്കറ്റുകളില്‍ വന്ന് വലിയ വില കൊടുത്ത് തരാതരം മീനുകള്‍ വാങ്ങിക്കൂട്ടുമ്പോള്‍, സാധാരണക്കാരന്റെ 'ചെമ്മീന്‍' ആയി മത്തി മാറി. രണ്ട് നേരത്തേക്കുള്ള കറിയൊരുക്കാന്‍ അഞ്ചും പത്തും രൂപയ്ക്ക് മത്തി വാങ്ങി വീട് പറ്റിയിരുന്ന ദിവസക്കൂലിക്കാര്‍ക്ക് അതിലുമധികം ഒരാര്‍ഭാടം താങ്ങാവുന്നതായിരുന്നില്ല. 

അന്നൊക്കെ മത്തി വാങ്ങിക്കുന്നവര്‍, തരത്തില്‍ താഴ്ന്നവരായാണ് കണക്കാക്കപ്പെടുക. എന്നാല്‍ പിന്നീടങ്ങോട്ട് കഥ മാറി. ലോകത്തിലെ തന്നെ ഏറ്റവും ആരോഗ്യഗുണങ്ങളുള്ള മീന്‍ മത്തിയാണെന്ന തരത്തിലുള്ള പഠനങ്ങള്‍ എത്രയോ പുറത്തുവന്നു. ഡോക്ടര്‍മാര്‍ വരെ, മത്തി വാങ്ങിക്കഴിക്കാന്‍ നിര്‍ദേശിച്ചുതുടങ്ങി. പതിയെ ധനികരുടെ അടുക്കളകളിലും മത്തിക്ക് സ്ഥാനം ലഭിച്ചുതുടങ്ങി. അപ്പോഴും സാധാരണക്കാരന്റെ പോക്കറ്റിന് വലിയ തകര്‍ച്ചയൊന്നും മത്തിയുണ്ടാക്കിയില്ല. 

ഹൃദ്രോഗത്തെ പ്രതിരോധിക്കാനുള്ള മത്തിയുടെ കഴിവാണ് ആരോഗ്യരംഗത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. മത്തിയിലടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡാണ് ഇതിന് സഹായിക്കുന്നതെന്നും വിദഗ്ധര്‍ കണ്ടെത്തി. ഇത് മാത്രമല്ല, ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും, ധാരാളം പ്രോട്ടീന്‍ ലഭിക്കാനും, രക്തസമ്മര്‍ദ്ദം നിയന്ത്രണത്തിലാക്കാനും, എല്ല് തേയ്മാനം പരിഹരിക്കാനും, ശരീരഭാരം കരുതാനും, ബുദ്ധിശക്തിക്കും- എന്തിനധികം ക്യാന്‍സറിനെ നേരിടാന്‍ വരെ മത്തിക്ക് കഴിവുണ്ടെന്ന വിവരങ്ങള്‍ മലയാളിയെ ഞെട്ടിക്കുന്നതായിരുന്നു. 

അങ്ങനെ മനസറിഞ്ഞ്, എല്ലാ അതിരുകളും ലംഘിച്ച് കേരളം മത്തിയെ സ്‌നേഹിച്ചുതുടങ്ങിയ കാലം വന്നു. എന്നാല്‍ ഈ നല്ലകാലത്തിന് അധികം ആയുസുണ്ടായില്ല. പസഫിക് സമുദ്രോപരിതലത്തിലെ ചൂട് അമിതമായി ഉയരുന്ന 'എല്‍നീനോ' എന്ന പ്രതിഭാസത്തിന്റെ ഭാഗമായി പതിയെ മത്തിയുടെ ഉത്പാദനം കുറഞ്ഞുവന്നു. 2013ലാണ് ആദ്യമായി ഇത് ഗവേഷകര്‍ രേഖപ്പെടുത്തിയത്. 

പിന്നീട് ഓരോ സീസണിലും ഈ ദുരവസ്ഥ ആവര്‍ത്തിച്ചു. ഒടുവില്‍ മത്തിക്കും വ്യാജന്മാരിറങ്ങാന്‍ തുടങ്ങി. ഒമാന്‍ മത്തിയാണ് ഇതിലെ പ്രധാനി. എങ്കിലും കിട്ടാവുന്നത് പോലെ, ചിലപ്പോഴൊക്കെ പൊന്നും വില വരെ കൊടുത്ത് മലയാളികള്‍ മത്തി വാങ്ങിക്കഴിച്ചു. 

ഇക്കുറി പക്ഷേ, വിചാരിച്ചതിലും രൂക്ഷമാണ് കാര്യങ്ങളെന്നാണ്  'സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്' ഉള്‍പ്പെടെയുള്ള മത്സ്യഗവേഷണ സ്ഥാപനങ്ങള്‍ അറിയിക്കുന്നത്. ഇനി വരുന്ന കാലത്ത് മത്തി കിട്ടാക്കനിയായി മാറുമെന്നാണ് ഇവര്‍ നല്‍കുന്ന സൂചന. ഓരോ കാലങ്ങളിലായി ഇല്ലാതായിപ്പോയ പലതരം മീനുകളുടേയും കൂട്ടത്തിലേക്ക് ഇതാ മത്തിയും ഉള്‍പ്പെടാന്‍ പോകുന്നു. 

ഇഷ്ടവിഭവങ്ങളിലൊന്ന് ഇല്ലാതാകുന്നുവെന്ന ദുഖം മാത്രമല്ല, ഇതോടെയുണ്ടാകുന്നത്. സംസ്ഥാനത്ത് ഒന്നേകാല്‍ ലക്ഷം പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് മത്തിയില്ലാതാകുന്നതോടെ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട് പെരുവഴിയിലാകാന്‍ പോകുന്നത്. മത്തിയെ ആശ്രയിച്ച് മാത്രം മത്സ്യബന്ധനം നടത്തിയിരുന്ന നൂറുകണക്കിന് ബോട്ടുകളും വള്ളങ്ങളും കടല് കാണാതെ കരയില്‍ത്തന്നെ കിടപ്പിലാണിപ്പോള്‍. അങ്ങനെ കേരളത്തിന്റെ നീണ്ട കാലത്തെ ചരിത്രവും സാംസ്‌കാരികമാറ്റങ്ങളും കണ്ട മത്തി, യാത്ര പറച്ചിലിന്റെ വക്കിലായിരിക്കുന്നു. 

പണ്ട്, പരിമിതമായ മാര്‍ക്കറ്റുകളും പരിമിതമായ കച്ചവടവുമായി ജീവിച്ചുകൊണ്ടിരുന്ന കാലത്ത്, ചാകര വരുമ്പോള്‍ വാങ്ങാനും വില്‍ക്കാനും ആളില്ലാതെ ചെറുമത്തി, കുട്ടകളിലാക്കി തെങ്ങിന് വളമായി ഇട്ടിരുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ടെന്ന് തീരദേശത്ത് താമസിക്കുന്നവര്‍ ഇപ്പോള്‍ ഓര്‍ത്ത് പറയുകയാണ്. ഇനിയങ്ങനൊരു ചാളക്കാലം ജീവിതത്തില്‍ കാണാനാകുമോയെന്ന് ഇവര്‍ ചോദിക്കുന്നു. ഇനിയും മഴ തിമിര്‍ത്ത് പെയ്യുമ്പോള്‍, കപ്പയ്ക്കും കട്ടനുമൊപ്പം മത്തിക്കറിയുടെ ചൂര് ഉയരുന്ന വൈകുന്നേരങ്ങളുണ്ടാകുമോയെന്ന് മത്തിപ്രേമികളും നെടുവീര്‍പ്പിടുന്നു.