കശ്മീരില്‍ മഞ്ഞ് വീഴ്ച് ; വിനോദ സഞ്ചാരത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് കശ്മീരികള്‍
കൊവിഡ് 19 മഹാമാരിയുടെ വ്യാപനത്തിനിടെ അടച്ചുപൂട്ടിയ വ്യാപാരങ്ങള്‍ ഭാഗീകമായി തുറന്നു തുടങ്ങി. എങ്കിലും രാഷ്ട്രീയമായ അനിശ്ചിതത്വത്തില്‍ തന്നെയായിരുന്നു കശ്മീര്‍. അതിനിടെ അപ്രതീക്ഷിതമായി നേരത്തെ മഞ്ഞ് പെയ്യാന്‍ തുടങ്ങിയത് കശ്മീരില്‍ ടൂറിസം സാധ്യതകള്‍ ഉണര്‍ത്തി. കൊവിഡ് 19 ന്റെ വ്യാപനം കശ്മീരിലെ എല്ലാം മേഖലയെയും കാര്യമായി ബാധിച്ചിരുന്നു. സഞ്ചാരികള്‍ ഇല്ലാത്തത് കശ്മീരിലെ ടൂറിസത്തിന് ഏറ്റവും വലിയ അടിയായിരുന്നു. ഇതിനിടെ കശ്മീരിലെ ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഗുല്‍മാര്‍ഗ്, സോണ്‍മാര്‍ഗ് എന്നിവിടങ്ങളില്‍ മഞ്ഞ് വീഴ്ച തുടങ്ങിയത് വിനോദ സഞ്ചാരത്തെ സഹായിക്കുമെന്ന വിശ്വാസത്തിലാണ് കശ്മീരികള്‍.
ജമ്മുകശ്മീരിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ശനിയാഴ്ച തന്നെ മഞ്ഞ് വീഴ്ച തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ശ്രീനഗർ-ലേ റോഡ് അടച്ചുപൂട്ടി.
ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഗുൽമാർഗ്, ബാരാമുള്ള, സോനമാർഗ്, ഗണ്ടർബാൽ ജില്ല എന്നിവിടങ്ങളില്‍ മഞ്ഞുവീഴ്ച റിപ്പോർട്ട് ചെയ്തു.
വടക്കൻ കശ്മീരിലെ ബന്ദിപോര ജില്ലയിലെ ഗുരേസിലും മഞ്ഞുവീഴ്ചയുണ്ടായി.
താഴ്വരയിലെ ഏറ്റവും കുറഞ്ഞ താപനില ഈ പ്രദേശത്തെ മഞ്ഞുവീഴ്ച കാരണം സാധാരണ നിലയേക്കാൾ 4 ഡിഗ്രി കുറഞ്ഞതായാണ് റിപ്പോര്‍ട്ട്.
ഞായറാഴ്ച വരെ താഴ്വരയിൽ കൂടുതൽ മഴയും മഞ്ഞും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പുണ്ടായിരുന്നു.
തിങ്കളാഴ്ച മുതൽ കാലാവസ്ഥ അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ താപനില കുറവായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
ഇത് വിനോദ സഞ്ചാരത്തിന് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് കശ്മീര്‍ വിനോദ സഞ്ചാര വകുപ്പ്.
കനത്ത മഞ്ഞു വീഴ്ചയില്‍ സിന്താന് ചുരത്തില്‍ കുടുങ്ങിയ പത്ത് പേരെ കരസേനയും ജമ്മു കശ്മീര്‍ പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി.
മഞ്ഞില്‍ പുതഞ്ഞ എൻഎച്ച് 244 ലൂടെ രാത്രിയില്‍ 5 മണിക്കൂറോളം നടന്നാണ് രക്ഷാപ്രവർത്തനം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.