'പോസ്റ്റര്‍ വിപ്ലവം'; ബേഡഡുക്കയില്‍ മത്സരം കടുപ്പിച്ച് സിപിഎം
സംസ്ഥാനം തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ പഴയപോലെ വലിയ ആഘോഷം ഇത്തവണ ഉണ്ടാവില്ല. എന്നാല്‍ പ്രചാരണം തണുപ്പന്‍ മട്ടിലായാല്‍ അത് സ്ഥാനാര്‍ത്ഥിക്കും പാര്‍ട്ടിക്കും ക്ഷീണമാകും. അപ്പോള്‍ 'വെറൈറ്റിക്ക്' വേണ്ടി ആരാണ് ശ്രമിക്കാത്തത് ? ഇത്തവണത്തെ തെരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ 'വിപ്ലവം' തന്നെ കൊണ്ടുവന്നിരിക്കുന്നത് കാസര്‍കോട് ജില്ലയിലെ ബേഡഡുക്ക പഞ്ചായത്തില്‍ മത്സരരംഗത്തുള്ള സിപിഎം സ്ഥാനാര്‍ത്ഥികളാണ്.
ചുമരെഴുത്തിനും കോളാമ്പി അറിയിപ്പുകള്‍ക്കും ശേഷം ഫ്ലക്സുകളാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്നിലുണ്ടായിരുന്നത്. എന്നാല്‍ കോടതി വിധിയോടെ ഫ്ലക്സുകള്‍ അരങ്ങൊഴിഞ്ഞു. വീണ്ടും ചുമരെഴുത്തുകള്‍ സജീവമായിത്തുടങ്ങി. എന്നാല്‍, പുതിയ പ്രചാരണ മേഖലയായ നവമാധ്യമങ്ങളെ കൂട്ടുപിടിക്കാന്‍ ഇവയൊന്നും മതിയാകില്ല. അവിടെയാണ് ബേഡടുക്കയിലെ സിപിഎം സ്ഥാനാര്‍ത്ഥി പോസ്റ്ററുകള്‍ വ്യത്യസ്തമാകുന്നത്.
സ്ഥാനാര്‍ത്ഥിയുടെ മാനറിസങ്ങളോ ജീവിത സാഹചര്യങ്ങള്‍ക്കോ പ്രാമുഖ്യം നല്‍കിയാണ് ബേഡഡുക്കയില്‍ സിപിഎം പോസ്റ്ററുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ചില പോസ്റ്ററുകള്‍ സിനിമാ പോസ്റ്ററുകളെ പകര്‍ത്തുമ്പോള്‍ മറ്റുള്ള സ്ഥാനാര്‍ത്ഥിയുടെ ജീവിത സാഹചര്യങ്ങള്‍ കാട്ടിത്തരുന്നു. എല്ലാ പോസ്റ്ററുകള്‍ക്കും വോട്ടറോട് ഒരു കഥ പറയാനുണ്ടാകും. കാണാം ആ വൈവിധ്യമാര്‍ന്ന പോസ്റ്ററുകള്‍.