ഭൂമികേരളം മറക്കാത്ത ഗൗരി
കേരള രാഷ്ട്രീയത്തിലെ ഏറ്റവും കരുത്തയായ സ്ത്രീ ഓര്‍മ്മയായി. സംസ്ഥാനത്തിന്‍റെ രാഷ്ട്രീയ സാമൂഹികാവസ്ഥകളെ നിര്‍ണ്ണയിക്കുന്നതില്‍ ഏറ്റവും നിര്‍ണ്ണായകമായ പങ്ക് വഹിച്ച വ്യക്തിയാണ് കെ ആര്‍ ഗൗരിയമ്മ. വക്കീലായി പ്രാക്റ്റീസ് ചെയ്യുമ്പോഴാണ് കെ ആര്‍ ഗൗരി ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ആദ്യ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും കേരള രാഷ്ട്രീയ സാമൂഹ്യ സാമ്പത്തീക രംഗത്തെ അത്രമേല്‍ ഉലച്ച് ഉടച്ചുവാര്‍ത്ത അസാമാന്യ വ്യക്തിയായിരുന്നു തീര്‍ന്നു കെ ആര്‍ ഗൗരി എന്ന ഗൗരിയമ്മ. കൊവിഡ് പ്രോട്ടോകോളില്‍ ഇളവ് നല്‍കിയായിരുന്നു ഗൗരിയമ്മയുടെ വിലാപയാത്ര തിരുവന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് പോയത്. യാത്രയിലെ ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്മാരായ രാഗേഷ് തിരുമല, വി അരവിന്ദ്. ആലപ്പുഴയില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് അനീഷ് നെട്ടൂരാന്‍.
ഈഴവ സമുദായത്തില്‍ നിന്നുള്ള ആദ്യ നിയമവിദ്യാര്‍ത്ഥിനിയായിരുന്നു കളത്തില്‍പറമ്പില്‍ രാമന്‍ ഗൗരി എന്ന കെ ആര്‍ ഗൗരി. പി കൃഷ്ണപ്പിള്ളയുടെ ആവശ്യപ്രകാരം 1948 തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പാരജയപ്പെട്ടു. തോല്‍വിയോടെ തുടങ്ങിയ ആ രാഷ്ട്രീയ പ്രവേശനമാണ് പിന്നീട് കേരളം ആരാധിച്ച ഗൗരിയമ്മയെന്ന വ്യക്തിയിലേക്ക് വളര്‍ന്നത്.
1952 - 1954 വരെ ഗൗരി, തിരുവിതാംകൂര്‍ കൊച്ചി നിയമസഭാംഗമായിരുന്നു. 1957 ല്‍ ലെ ആദ്യ സംസ്ഥാന തെരഞ്ഞെടുപ്പില്‍ സിപിഎം എംഎല്‍എയായി നിയമസഭയിലെത്തിയ കെ ആര്‍ ഗൗരിയെ കാത്തിരുന്നത് റവന്യൂ വകുപ്പായിരുന്നു. ഒപ്പം ദേവസ്വം, എക്സൈസ് വകുപ്പുകളും. കെ ആര്‍ ഗൗരി റവന്യൂ മന്ത്രിയായിരിക്കുമ്പോഴാണ് കേരളം ആദ്യ ഭൂപരിഷ്കരണ നിയമം കൊണ്ടുവരുന്നത്.
കേരളത്തിന്‍റെ സാമൂഹിക, സാമ്പത്തീകാവസ്ഥയില്‍ രാഷ്ട്രീയമായി നടത്തിയ ആദ്യ വിസ്ഫോടനമായിരുന്നു ഭൂപരിഷ്കരണ നിയമം. ഈ സമയത്തായിരുന്നു (1957) കെ വി തോമസുമായുള്ള വിവാഹവും.
ഗൗരിയമ്മയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം കൂടയാണ് കേരളത്തിലെ ഭൂപരിഷ്കരണം നിയമം. കമ്മ്യൂണിസ്റ്റ് മന്ത്രാലയം ആദ്യമായി ചെയ്ത കാര്യം സംസ്ഥാനത്തൊട്ടാകെയുള്ള എല്ലാ കുടിയാന്മാരെയും കുടികിടപ്പുകാരെയും കുടിയൊഴിപ്പിക്കുന്നതിനെ നിരോധിക്കുന്ന ഓർഡിനൻസ് പ്രഖ്യാപിക്കുകയായിരുന്നു.
യഥാസമയം സമഗ്ര കാർഷിക ബന്ധ ബിൽ തയ്യാറാക്കി പൈലറ്റ് ചെയ്തത് വക്കീല്‍ കൂടിയായിരുന്ന വന്യൂ മന്ത്രി കെ.ആർ. ഗൗരിയായിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം കുടിയാന്മാർക്ക് നൽകാനും ഭൂവുടമയ്ക്ക് കൈവശമുള്ള സ്ഥലത്തിന് പരിധി നിശ്ചയിക്കാനുമാണ് ബില്ലില്‍ നിര്‍ദ്ദേശിച്ചിരുന്നത്.
ഭൂവുടമകളിൽ നിന്ന് എടുത്ത മിച്ചഭൂമി ഭൂരഹിതരായ ദരിദ്രർക്ക് വിതരണം ചെയ്യുന്നതിനും വ്യവസ്ഥകളുണ്ടായിരുന്നു. കുടികിടപ്പ് കാരെയും കുടിയാന്മാരെയും ഭൂമിയുടെ അവകാശികളാക്കാനുള്ള ശ്രമത്തിനൊടുവില്‍, മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തിയ 'വിമോചന സമരം' ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാറിനെ താഴെയിറക്കി.
മന്ത്രി സഭ രാജിവെക്കും മുമ്പ് നിയമസഭയിൽ ബില്ല് പാസാക്കുന്നതിൽ സർക്കാർ വിജയിച്ചെങ്കിലും രാഷ്ട്രപതിയുടെ അനുമതി നേടുന്നതിൽ ബിൽ പരാജയപ്പെട്ടു. പുതിയ സര്‍ക്കാര്‍ പുതിയ ഭൂപരിഷ്കരണ ബിൽ തയ്യാറാക്കി. പക്ഷേ അതില്‍ ഭൂഉടമകള്‍ക്കുള്ള ഇളവുകള്‍ വര്‍ദ്ധിക്കുകയും കര്‍ഷകരുടെ ഇളവുകള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തു.
അതിനിടെ, ആശയപോരാട്ടത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 1964 ല്‍ രണ്ട് വഴി പിരിഞ്ഞപ്പോള്‍, രണ്ട് പക്ഷത്തായി പോയ ആ ദാമ്പത്യവും അവസാനിച്ചു. മാതൃസംഘടനയില്‍ കെ വി തോമസ് ഉറച്ച് നിന്നു. എന്നാല്‍, കൂടുതല്‍ ജനകീയ നേതാക്കളുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) എന്ന പുതിയ പാര്‍ട്ടിക്കൊപ്പമായിരുന്നു കെ ആര്‍ ഗൗരി.
കെ ആര്‍ ഗൌരി കാത്തിരുന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍, ഭൂവുടമസ്ഥാവകാശം നിർത്തലാക്കുകയും കൃഷിക്കാർക്ക് ഭൂമി നൽകുകയും ചെയ്യുന്ന ഭൂപരിഷ്കരണ ബിൽ പാസാക്കിയെടുക്കുകയും അത് പൂർണമായി നടപ്പാക്കുകയും ചെയ്തു.
അതെ, 1967 ലെ ഇ എം എസ് നമ്പൂതിരിപ്പാട് മന്ത്രിസഭയില്‍ കെ ആര്‍ ഗൗരിതന്നെയായിരുന്നു റവന്യൂ വകുപ്പ് കൈകാര്യം ചെയ്തത്. കൂടെ സെയില്‍ടാക്സ്, സിവില്‍ സര്‍വ്വീസ്, സാമൂഹിക വകുപ്പ്, നിയമം എന്നീ വകുപ്പുകളും കെ ആര്‍ ഗൗരി നിയന്ത്രിച്ചു.
1980 ലെ ആദ്യത്തെ ഇ. കെ. നായനാർ മന്ത്രിസഭയിൽ കെ ആര്‍ ഗൗരി കൃഷി, സാമൂഹ്യക്ഷേമം, വ്യവസായം, വിജിലൻസ്, നീതിന്യായം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തു. 1987 -ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കെ ആര്‍ ഗൗരിയെ ഉയര്‍ത്തിക്കാട്ടി. ജീവനും ജീവിതവും കൊടുത്ത് വളര്‍ത്തിയ പാര്‍ട്ടിയെ അന്ന് ഒറ്റയ്ക്ക് നിന്ന് ഗൗരിയമ്മ വിജയിപ്പിച്ചു.
പക്ഷേ, തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കെ ആര്‍ ഗൗരിയുടെ 'മുന്‍കോപം' ഉയര്‍ത്തിക്കാട്ടിയ പാര്‍ട്ടി ഗൗരിക്ക് മുഖ്യമന്ത്രി സ്ഥാനം നിഷേധിച്ചു. കെ ആര്‍ ഗൗരിക്ക് ഒരു മുന്നണിയെന്ന നിലയില്‍ ഇടത് മുന്നണി സംവിധാനത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്നായിരുന്നു പാര്‍ട്ടിയുടെ കണ്ടെത്തല്‍.
എങ്കിലും നായനാരുടെ നേതൃത്വത്തിലുള്ള 1987–1991 -ലെ രണ്ടാം മന്ത്രിസഭയിലും വ്യവസായം, സാമൂഹ്യക്ഷേമം, വിജിലൻസ്, നീതിന്യായം എന്നീ വകുപ്പുകള്‍ കെ ആര്‍ ഗൗരിയെ തേടിയെത്തി. ഒടുവില്‍ 1994 ല്‍ പാര്‍ട്ടിയില്‍ നിന്ന് എന്നന്നത്തേക്കുമായി കെ ആര്‍ ഗൗരി പുറത്താക്കപ്പെട്ടു.
പിന്നീട്, ഇടത് മുന്നണിയിലേക്ക് തിരിച്ച് വന്നെങ്കിലും ഒരുവേള മുന്നണിയിലെ പാര്‍ട്ടി എന്ന നിലയില്‍ 2011 ലെ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നല്‍കാതെ സിപിഎം കെ ആര്‍ ഗൗരിയുടെ പാര്‍ട്ടിയായ ജാനാധിപത്യ സംരക്ഷക സമിതി എന്ന ജെഎസ്എസിനെ നിഷ്കരുണം തള്ളിക്കളഞ്ഞു.
എങ്കിലും ഇന്ന് കേരളം സാമൂഹിക സാമ്പത്തിക അവസ്ഥയില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഏതെങ്കിലും തരത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നുണ്ടെങ്കില്‍ അതില്‍ വലിയൊരു പങ്കിനും കെ ആര്‍ ഗൌരി അവകാശിയാണെന്ന് നിസംശയം പറയാം.
പുന്നപ്രവയലാര്‍ രക്ഷസാക്ഷി സ്മാരകം.