മുസ്ലിം പള്ളികളിലെ കൂട്ടക്കൊല; വെറുപ്പ് ആയുധമാക്കിയെന്ന് കോടതി, ജാമ്യമില്ലാ ജീവപര്യന്തം ശിക്ഷ
2019 മാർച്ച് 15 ന് ന്യൂസിലാൻഡിലെ ക്രൈസ്റ്റ്ചർച്ചിലെ വെള്ളിയാഴ്ച പ്രാർത്ഥന നടക്കുകയായിരുന്ന രണ്ട് മുസ്ലീം പള്ളികളിലേക്ക് ആയുധവുമായി കടന്ന് ചെന്ന ഓസ്ട്രേലിയൻ പൗരന്‍ ബ്രെന്‍റൺ ടാരന്‍റ് പള്ളിയില്‍ പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുകയായിരുന്ന 51 പേരെയാണ് വെടിവച്ച് കൊന്നത്. മതം ഭ്രാന്തനാക്കിയ ആ 28 കാരനായ തീവ്രവാദിയുടെ അക്രമണത്തില്‍ 40 പേര്‍ക്ക് പരിക്കേറ്റു. കൊലയാളി തന്‍റെ ക്രൂരകൃത്യം ഫേസ്ബുക്കില്‍ തത്സമയം കാണിച്ചിരുന്നു. ഒരു വര്‍ഷത്തിന് ശേഷം ന്യൂസിലാൻഡില്‍ ബ്രെന്‍റൺ ടാരന്‍റിന്‍റെ കേസില്‍ വിധി വന്നു. പരോളിന് സാധ്യതയില്ലാതെ ജീവപര്യന്തം തടവ്. ന്യൂസിലാന്‍ഡില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ശിക്ഷ വിധിക്കുന്നത്. ബ്രെന്‍റൺ ടാരന്‍റ് ജാമ്യം പോലും നല്‍കരുതെന്ന് കോടതി നിരീക്ഷിച്ചു.
കൊലപാതകത്തിന്‍റെ ഇരകളായ 51 പേരുടെയും പേരിലുള്ള കേസുകളിൽ ഓരോന്നിനും പരോൾ ഇല്ലാതെ ടാരന്‍റിന് ജീവപര്യന്തം തടവും 40 കൊലപാതക ശ്രമങ്ങളിൽ 12 വർഷവും ഒരേസമയം ജീവപര്യന്തം തടവും തീവ്രവാദത്തിന് മറ്റൊരു ജീവപര്യന്തം ശിക്ഷയുമാണ് ന്യൂസിലാൻഡ് കോടതി വിധിച്ചത്.
ക്രൂരവും മനുഷ്യത്വ രഹിതവുമാണ് കുറ്റവാളിയുടെ നടപടിയെന്ന് കോടതി നിരീക്ഷിച്ചു. വെറുപ്പ് അടിസ്ഥാനമാക്കിയാണ് കുറ്റവാളിയുടെ ചിന്ത. കുട്ടികളെയും സ്ത്രീകളെയുമടക്കം കൊന്നുതള്ളാന്‍ ഇയാളെ പ്രേരിപ്പിച്ചത് വെറുപ്പാണെന്നും കോടതി നിരീക്ഷിച്ചു.
ജഡ്ജ് കമെറോണ്‍ മന്‍ഡറാണ് വിധി പ്രസ്താവിച്ചത്. ന്യൂസിലാന്‍ഡ് നിയമചരിത്രത്തിലെ അഭൂതപൂര്‍വമായ വിധിയാണിതെന്നും ജഡ്ജ് പറഞ്ഞു. 51 മുസ്ലീങ്ങളെ കൊലപ്പെടുത്തിയതിലൂടെ വലത് തീവ്രവാദം വളര്‍ത്താമെന്ന കൊലയാളിയുടെ ലക്ഷ്യം പരാജയപ്പെട്ടെന്നും കോടതി നിരീക്ഷിച്ചു.
അക്രമണത്തോടെ മാരകമായ തരം സെമി ഓട്ടോമാറ്റിക് ആയുധങ്ങൾ നിരോധിക്കുന്ന പുതിയ നിയമങ്ങൾക്ക് വേണ്ടി കൂടുതല്‍ പേര്‍ ന്യൂസിലാൻഡില്‍ രംഗത്ത് വന്നു. അക്രമി ഫേസ്ബുക്കില്‍ തത്സമയ സംപ്രേഷണം ചെയ്തതിനുശേഷം സോഷ്യൽ മീഡിയ പ്രോട്ടോക്കോളുകളിൽ ആഗോള മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യവും ശക്തമായി.
കൊലയാളിയുടെ പ്രവൃത്തിക്ക് ന്യൂസിലാന്‍ഡ് മുസ്ലിം സമൂഹത്തിന് വലിയ വില നല്‍കേണ്ടി വന്നു. ക്രൂരവും നിന്ദ്യവും മനുഷ്യത്വ രഹിതവുമായിരുന്നു നിങ്ങളുടെ പ്രവൃത്തിയെന്നും വിധി പ്രസ്താവത്തില്‍ കോടതി പറഞ്ഞു. കുറ്റവാളിയുടേത് ഭീകരവാദ പ്രവര്‍ത്തനമായിരുന്നെന്നും കോടതി നിരീക്ഷിച്ചു.
'ഓരോ കൊലപാതകത്തിന്‍റെയും ദുഷ്ടത മറികടക്കാൻ പ്രയാസമാണ്. ബ്രെന്‍റൺ ടാരന്‍റ് ഒരു കൊലപാതകി മാത്രമല്ല തീവ്രവാദിയുമാണ്' എന്നായിരുന്നു ജസ്റ്റിസ് മന്ദർ അഭിപ്രായപ്പെട്ടത്. 'നിങ്ങളുടെ പ്രവൃത്തികൾ മനുഷ്യത്വരഹിതമായിരുന്നു. മൂന്ന് വയസുള്ള ഒരു കുട്ടിയെ പിതാവിന്‍റെ കാലിൽ പറ്റിപ്പിടിച്ചുകൊണ്ട് നില്‍ക്കുമ്പോഴും നിങ്ങള്‍ക്ക് കൊല്ലാതെ വിടാന്‍ തോന്നിയില്ല. നിങ്ങൾ മനഃപൂർവ്വം ആ കുട്ടിയേയും വെടിവച്ച് കൊന്നു. ' ജസ്റ്റിസ് മന്ദർ കൊല്ലപ്പെട്ടതും പരിക്കേറ്റതുമായ ഓരോ വ്യക്തിക്കും വാക്കാലുള്ള ആദരാഞ്ജലി അർപ്പിച്ചു.
ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡെർസണ്‍ ശിക്ഷ വിധിക്ക് തൊട്ടുപിന്നാലെ സംസാരിച്ചു. ടാരന്‍റിനെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ലെന്നും അവർ പറഞ്ഞു. 'സമ്പൂർണ്ണവും തികച്ചും നിശബ്ദവുമായ ഒരു ജീവിതകാലം അയാള്‍ അർഹിക്കുന്നു.' എന്നായിരുന്നു അവര്‍ പറഞ്ഞത്.
ജസ്റ്റിസ് മന്ദർ ശിക്ഷയ്ക്ക് ശേഷം കോടതിമുറിയെ അഭിസംബോധന ചെയ്യാൻ അവസാന അവസരം ബ്രെന്‍റൺ ടാരന്‍റ് നൽകിയപ്പോൾ, 'ഇല്ല, നന്ദി' എന്നായിരുന്നു അയാള്‍ പറഞ്ഞത്. നാല് ദിവസത്തെ ഹിയറിംഗിനിടെ അത് മാത്രമാണ് അയാള്‍ പറഞ്ഞതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരോൾ ഇല്ലാത്ത ജീവപര്യന്തം തടവിനെ ടാരന്‍റ് എതിർത്തിട്ടില്ലെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ ഫിലിപ്പ് ഹാൾ പറഞ്ഞു.
2019 മാർച്ച് 15 ന് വെള്ളിയാഴ്ച നടന്ന പ്രാർത്ഥനയ്ക്കിടെ ഉച്ചയ്ക്ക് 1:40 ന് ന്യൂസിലാൻഡിലെ ക്രൈസ്റ്റ്ചർച്ചിലെ റിക്കാർട്ടൺ നഗരപ്രാന്തത്തിലുള്ള അൽ നൂർ പള്ളിയിലാണ് ആദ്യ വെടിവെപ്പ് നടന്നത്. അതിന് ശേഷം ഉച്ചയ്ക്ക് 1:52 ന് തൊട്ടടുത്തുള്ള ലിൻവുഡ് ഇസ്ലാമിക് സെന്‍ററിലും വെടിവെപ്പ് തുടര്‍ന്നു.
ബ്രെന്‍റൺ ടാരന്‍റ് ഒറ്റയ്ക്കാണ് വെടിവെപ്പിന് ശ്രമിച്ചത്. വെടിവെപ്പില്‍ അയാള്‍ 51 പേരെ കൊല്ലുകയും 40 പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഈ സംഭവം ന്യൂസിലാൻഡിന്‍റെ സമീപ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയാണ്. കൊലയാളിയെ ഓസ്‌ട്രേലിയയിലേക്ക് നാടുകടത്തണമെന്ന ആവശ്യം ന്യൂസിലാന്‍റില്‍ ഉയര്‍ന്നുകഴിഞ്ഞു.
തുടര്‍ന്ന് വന്ന മാധ്യമ റിപ്പോർട്ടുകളിൽ ബ്രെന്‍റൺ ടാരന്‍റ്, വെളുത്തവര്‍ഗ്ഗ മേധാവിത്വ ബോധത്തില്‍ ആകൃഷ്ടനാണെന്നും അയാള്‍ തീവ്ര വലതുപക്ഷത്തിന്‍റെ ഭാഗമാണെന്നും വാര്‍ത്തകള്‍ വന്നു. കൂട്ടക്കൊല തത്സമയം സംപ്രേഷണം ചെയ്യുന്നതിന് മുമ്പ് ഒരു ഓൺലൈൻ മാനിഫെസ്റ്റോ ഇയാള്‍ പ്രസിദ്ധീകരിച്ചിരുന്നു.
എന്നാല്‍, അത് ഒരു സാധാരണ കാര്യമാണെന്നാണ് ആളുകള്‍ ധരിച്ചിരുന്നത്. പിന്നീട്, കോടതി ബ്രെന്‍റൺ ടാരന്‍റിന്‍റെ ഫേസ്ബുക്ക് വീഡിയോയും പോസ്റ്റുകളും ന്യൂസിലാൻഡില്‍ നിരോധിച്ചു. പൊലീസ് അന്വേഷണത്തിന് ശേഷം 51 കൊലപാതകങ്ങൾ, 40 കൊലപാതകശ്രമങ്ങൾ, തീവ്രവാദ പ്രവർത്തനത്തിൽ ഏർപ്പെട്ടു എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ആദ്യം താന്‍ കുറ്റക്കാരനല്ലെന്നായിരുന്നു ബ്രെന്‍റൺ ടാരന്‍റ് വാദിച്ചിരുന്നത്. എന്നാല്‍ പിന്നീട് എല്ലാ കുറ്റങ്ങളിലും താന്‍ കുറ്റക്കാരനാണെന്ന് അയാള്‍ സമ്മതിച്ചു. പ്രതി കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് കോടതി പരോൾ ലഭിക്കാതെ ജീവപര്യന്തം തടവിനാണിപ്പോള്‍ ശിക്ഷിച്ചിരിക്കുന്നത്.
ആഗോളതലത്തിൽ വെള്ളക്കാരന്‍റെ ആധിപത്യത്തിന്‍റെയും മുസ്ലീം വിരുദ്ധതയുമായും ആൾട്ട്-റൈറ്റ് തീവ്രവാദത്തിന്‍റെയും വർദ്ധനവുമായി ഈ ആക്രമണം ബന്ധപ്പെട്ടിരിക്കുന്നു. രാഷ്ട്രീയക്കാരും ലോക നേതാക്കളും അക്രമത്തെ അപലപിച്ചു. പ്രധാനമന്ത്രി ജസീന്ദ ആർഡെർസൻ ഇതിനെ "ന്യൂസിലാൻഡിലെ ഇരുണ്ട ദിവസങ്ങളിലൊന്നാണ്" എന്നാണ് വിശേഷിപ്പിച്ചത്.
കോടതി മുറികളില്‍ ഹാജരാക്കിയപ്പോഴൊക്കെ ചാരനിറത്തിലുള്ള ഉടുപ്പ് ട്രാക്ക് സ്യൂട്ട് അണിഞ്ഞ് നാല് സെക്യൂരിറ്റി ഗാർഡുകള്‍ക്ക് നടുവിലായിരുന്നു ബ്രെന്‍റൺ ടാരന്‍റ്. സ്വന്തമായി അഭിഭാഷകനില്ലാത്തതിനാല്‍ ജസ്റ്റിസ് മാണ്ടർ, ബ്രെന്‍റൺ ടാരന്‍റിന് ഒരു സ്വതന്ത്ര 'അമിക്കസ് ക്യൂറി' യെ നിയമിച്ചിരുന്നു.
ടാരന്‍റെ തന്‍റെ ചില വീക്ഷണങ്ങളിൽ മാറ്റം വരുത്തിയെന്ന സ്വകാര്യ റിപ്പോർട്ടുകൾ അമിക്കസ് ക്യൂറിയായ കെറി കുക്ക് കോടതിയില്‍ നിരത്തി. പരോൾ ഇല്ലാത്ത ജീവപര്യന്തം തടവ് മനുഷ്യാവകാശത്തിന്‍റെ സാർവത്രികതയ്ക്ക് വിരുദ്ധമാണെന്ന് അദ്ദേഹം വാദിച്ചു.
'കുറ്റകൃത്യം ഒരു സ്വതസിദ്ധമായ സ്വഭാവമല്ല. പുനരധിവാസത്തിനായി മങ്ങിയെങ്കിലും പ്രതീക്ഷയുണ്ട്,' കെറി കുക്ക് പറഞ്ഞു. മനുഷ്യന്‍റെ അന്തസ്സിനെ അതിന്‍റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്ന ഏതൊരു സമൂഹത്തിലും പുനരധിവാസം ഭരണഘടനാപരമായി ആവശ്യമാണെന്നും അദ്ദേഹം വാദിച്ചു.
എന്നാല്‍ സമീപകാലത്തെ ഇത്തരം പ്രതിഭാസങ്ങള്‍ ഹൃദയത്തെ ശുദ്ധീകരിക്കില്ലെന്ന് പറഞ്ഞത് ജസ്റ്റിസ് മാണ്ടർ ഈ വാദങ്ങളെ തള്ളിക്കളയുകയായിരുന്നു.
ജീവിച്ചിരിക്കുന്ന പല ഇരകളും കോടതിയില്‍ വിധികേള്‍ക്കാനെത്തിയിരുന്നു. പലരും ഇപ്പോഴും രാത്രി ഉറങ്ങാൻ ബുദ്ധിമുട്ടാണെന്ന് പറയുന്നു. 'ജീവിച്ചിരിപ്പുണ്ടെങ്കിലും ജീവിക്കുന്നില്ല' എന്നായിരുന്നു അവരില്‍ പലരും പറഞ്ഞത്. കോടതി മുറിയിലെത്തിയ പലരും കൊല്ലപ്പെട്ടവരുടെ ചിത്രങ്ങള്‍ വസ്ത്രങ്ങളില്‍ കുത്തിയിരുന്നു.