രാജ്യം സ്വകാര്യ മേഖലയ്ക്ക് നിയന്ത്രിതമായി തുറന്ന് കൊടുത്ത് ക്യൂബ
' ചെ, ഫിഡല്‍, പിന്നെ ക്യൂബ'യും എന്ന് പറയുമ്പോള്‍ കമ്മ്യൂണിസ്റ്റ് ആശയത്തിന് ഏറെ വേരോട്ടമുള്ള കേരളത്തില്‍ വൈകാരികമായൊരു ബന്ധം ഉടലെടുത്തിരുന്നെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാകില്ല. ഇന്ന്, ക്യൂബ പഴയ വിപ്ലവാവേശത്തില്‍ നിന്ന് പതുക്കെ പിന്‍നടത്തം തുടങ്ങിയിരിക്കുന്നു. 2000 മുതലാണ് ക്യൂബയില്‍ ആദ്യമായി സ്വകാര്യമേഖലയ്ക്ക് കൂടി രാജ്യത്ത് പ്രവര്‍ത്തന സ്വാതന്ത്രം നല്‍കിത്തുടങ്ങിയതെങ്കില്‍ 2020 ആകുമ്പോഴേക്കും സ്വകാര്യമേഖലയ്ക്ക് കൂടുതല്‍ മേഖലയില്‍ പങ്കാളിത്തം നല്‍കാന്‍ ക്യൂബ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യത്തെ പൊതുമേഖലാ നിയന്ത്രണത്തിലുള്ള സമ്പദ് വ്യവസ്ഥയില്‍ വമ്പന്‍ പരിഷ്കകരണ നടപടികള്‍ക്ക് ഒരുങ്ങാന്‍ ക്യൂബ തയ്യാറെടുക്കുന്നു. പൊതുമേഖലയ്ക്ക് മാത്രം പ്രവര്‍ത്തന സ്വാതന്ത്രമുള്ള ക്യൂബയില്‍ സ്വകാര്യമേഖലയ്ക്കും പ്രവര്‍ത്തനാനുമതി നല്‍കുമെന്നാണ് ക്യൂബ വ്യക്തമാക്കിയിരിക്കുന്നത്.
പൊതുമേഖല അടക്കി ഭരിക്കുന്ന സമ്പദ് വ്യവസ്ഥയില്‍, സ്വകാര്യമേഖലയ്ക്ക് മിക്ക മേഖലകളിലും പ്രവര്‍ത്തനാനുമതി നല്‍കുമെന്നും ക്യൂബ പ്രഖ്യാപിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. (കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More -ല്‍ ക്ലിക്ക് ചെയ്യുക.)
പൊതുമേഖലയ്ക്ക് ഇതുവരെ പ്രവര്‍ത്തനാനുമതി ഉണ്ടായിരുന്ന അംഗീകൃത പ്രവർത്തനങ്ങളുടെ പട്ടിക 127 ആയിരുന്നു. ഇത് 2,000 ത്തിലധികം പ്രവര്‍ത്തനങ്ങളിലേക്ക് വ്യാപിപിച്ചതായി തൊഴില്‍ മന്ത്രി മാർട്ട എലീന ഫൈറ്റോ പറഞ്ഞു.
എന്നാല്‍ സ്വകാര്യ മേഖലയ്ക്ക് സര്‍വ്വസ്വാതന്ത്രവും അനുവദിച്ചിട്ടില്ല. സ്വകാര്യമേഖലയ്ക്ക് കൂടുതല്‍ മേഖലകളില്‍ പ്രവര്‍ത്തനാനുമതി നല്‍കുമ്പോഴും പ്രധാനപ്പെട്ട മേഖലകളിലെല്ലാം തന്നെ പൊതുമേഖലയുടെ കീഴിലായിരിക്കും.
കൊവിഡ് മഹാമാരിയുടെ വ്യാപനവും യുഎസ് ഉപരോധവും രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിച്ചുവെന്ന വിലയിരുത്തലിലാണ് പൊതുമേഖലയോടൊപ്പം സ്വകാര്യമേഖലയ്ക്കും രാജ്യത്ത് പ്രവര്‍ത്തനാനുമതി നല്‍കാന്‍ ക്യൂബന്‍ ഭരണകൂടം തയ്യാറായത്.
കഴിഞ്ഞ വര്‍ഷം മാത്രം ക്യൂബന്‍ സമ്പദ് വ്യവസ്ഥ 11 ശതമാനമാണ് ഇടിഞ്ഞത്. ഇത് കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ഇടിവാണ്. അടിസ്ഥാന വിഭവശേഷിയുടെ ദൌര്‍ബല്യം ക്യൂബയെ സാരമായി ബാധിച്ചിട്ടുണ്ട്.
കൃത്യമായി ഏതൊക്കെയെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും 124 പ്രവര്‍ത്തികളെ സ്വകാര്യമേഖലയില്‍ നിന്നും മാറ്റി പൊതുമേഖലയില്‍ തന്നെ നിര്‍ത്തുമെന്നും മന്ത്രി മാർട്ട എലീന ഫൈറ്റോ വ്യക്തമാക്കി.
"സ്വകാര്യമേഖലയുടെ ഇടപെടലിലൂടെ വികസനം കൊണ്ടുവരാമെന്നതാണ് ഈ നവീകരണത്തിന്‍റെ ലക്ഷ്യം" മന്ത്രി ഫീറ്റോ പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്‍റെ ഈ നീക്കം ഉദ്പാദന ശക്തികളെ സ്വതന്ത്രമാക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ക്യൂബയുടെ സാമ്പത്തീക മേഖലയ്ക്ക് ഇതൊരു പുത്തന്‍ ഉണര്‍വാകുമെന്ന് സാമ്പത്തീക വിദഗ്ദരും അഭിപ്രായപ്പെടുന്നു. ദ്വീപിലെ ഏതൊരു സാമ്പത്തിക ഇടപാടും സ്വകാര്യമേഖലയുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെടുന്നതാകുമെന്ന് ഹവാനയിലെ ബിബിസി പ്രതിനിധിയായ വില്‍ ഗ്രാന്‍റ് പറയുന്നു.
ഇത് വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ഒരു പോലെ പ്രധാനപ്പെട്ടതാണ്. ചെറിയ സംരംഭങ്ങളുള്ളവര്‍ക്ക് ഇടത്തരം സംരംഭങ്ങളിലേക്ക് തിരിയാന്‍ ഈ നയം ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ക്യൂബയുടെ പൊതുമേഖലയ്ക്ക് പുറത്ത് കൈത്തൊഴിലാളികള്‍, ടാക്സി ഡ്രൈവര്‍മാര്‍, വ്യാപാരികള്‍ എന്നിവരടങ്ങുന്ന ലക്ഷക്കണക്കിന് ചെറുകിട സ്വകാര്യ സംരംഭകരെ ഉള്‍ക്കൊള്ളുന്നതാണ് ഇന്നത്തെ ക്യൂബന്‍ സമ്പദ്‍വ്യവസ്ഥ.
പുതിയ സാധ്യത തുറക്കുന്നതോടെ ക്യൂബയുടെ പൊതുമേഖലയില്‍ നിന്ന് സ്വകാര്യമേഖലയിലേക്ക് ഒറ്റയടിക്ക് മാറ്റപ്പെടുന്നത് 6,00,000 ലക്ഷം ജനങ്ങളും 13 ശതമാനം തൊഴിലാളികളുമാണ്.
മഹാമാരിയുടെ വ്യാപനത്തില്‍ തകര്‍ന്നടിഞ്ഞ ചെറുതെങ്കിലും ശക്തമായൊരു ടൂറിസ്റ്റ് വ്യവസായവും ക്യൂബയിലുണ്ട്. സ്വകാര്യമേഖലയ്ക്കു കൂടി പങ്കാളിത്തം വരുന്നതോടെ രാജ്യത്തെ ടൂറിസം മേഖല ശക്തിപ്പെടുമെന്ന് കരുതുന്നു.
ഏതാണ്ട് അറുപത് വര്‍ഷത്തോളം നിലനിന്ന ക്യൂബന്‍ - അമേരിക്കന്‍ ശീതസമരം ഒബാമയുടെ പ്രസിഡന്‍റ് പദത്തോടെയാണ് അല്‍പ്പമൊന്ന് അയഞ്ഞത്. 2015 ല്‍ ഒബാമയും ക്യൂബന്‍ നേതാവ് റൌള്‍ കാസ്ട്രോയും യുഎസ് പൌരന്മാര്‍ക്ക് ക്യൂബ സന്ദര്‍ശിക്കാനുള്ള അനുമതി നല്‍കുന്ന കരാറില്‍ ഒപ്പ് വച്ചിരുന്നു.
തൊട്ട് പുറകെ അമേരിക്കയുടെ പ്രസിഡന്‍റായ ട്രംപ് അമേരിക്കന്‍- ക്യൂബന്‍ ബന്ധം വളര്‍ത്തുന്നതിനേക്കാള്‍ തളര്‍ത്താനാണ് ശ്രമിച്ചത്. അമേരിക്കയുടെ പുതിയ പ്രസിഡന്‍റായി ചുമതലയേറ്റെടുത്ത ബൈഡന്‍, ഒബാമയുടെ വൈസ് പ്രസിഡന്‍റായിരുന്നു. ക്യൂബയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ താത്പര്യമെണ്ടെന്ന് ബൈഡന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നുവെന്നത് ക്യൂബയ്ക്ക് ഏറെ ആശ്വാസം നല്‍കുന്നു.
ഇത് ആദ്യമായല്ല ക്യൂബയില്‍ സ്വകാര്യ വത്കരണത്തെ അനുകൂലിച്ച് കൊണ്ട് രംഗത്തെത്തുന്നത്. 2000 ല്‍ ക്യൂബ ജല വിനിമയ - ഉപയോഗ മേഖലകളില്‍ ( ജലസേചനം, മലിന ജല നിര്‍മാര്‍ജ്ജനം, കൊടുങ്കാറ്റിനാല്‍ സൃഷ്ടിക്കപ്പെടുന്ന അമിത ജലം നീക്കല്‍ ) എന്നീ മേഖലകളില്‍ പൊതു - സ്വകാര്യ മേഖലകള്‍ക്ക് സംയുക്ത പങ്കാളിത്തം അംഗീകരിക്കുകയും തലസ്ഥാനമായ ഹവാനയിലെ 15 മുനിസിപ്പാലിറ്റികളില്‍ 8 ലും ഇത്തരത്തില്‍ പൊതു - സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കിയിരുന്നു.
ഈ പദ്ധതിയില്‍ രണ്ട് വിദേശ സ്വകാര്യ പങ്കാളിത്തം ക്യൂബന്‍ സര്‍ക്കാര്‍ ഉറപ്പാക്കിയെങ്കിലും 'സ്വകാര്യവത്കരണം' എന്ന വാക്ക് ഉപയോഗിക്കുന്നില്ല. 2016 ആയപ്പോഴേക്കും 200 ലധികം സംരംഭങ്ങളില്‍ വിദേശ മൂലധനം ഉപയോഗിച്ച് ധനസഹായം ചെയ്യുന്നുണ്ടെന്ന് വിദേശ വ്യാപാര, വിദേശ നിക്ഷേപ മന്ത്രാലയത്തിലെ വിദേശ നിക്ഷേപ മേധാവി ഡെബോറ റിവാസ് പറഞ്ഞിരുന്നു.