കൊളംബിയ; ജീവിക്കണം, സമാധാനം വേണം, തലസ്ഥാനത്തേക്ക് 7000 പേരുടെ ലോങ്മാര്‍ച്ച്
2016 ലാണ് കൊളംബിയിലെ സായുധ സംഘമായ റെവല്യൂഷണറി ആംഡ് ഫോഴ്‌സ് ഓഫ് കൊളംബിയ (ഫാർക്ക്) യുമായി സര്‍ക്കാര്‍ സമാധാന ചര്‍ച്ചകള്‍ നടത്തിയത്. കുറച്ച് കാലത്തേക്ക് കാര്യങ്ങള്‍ സമാധാപരമായിരുന്നെങ്കിലും പിന്നീട് കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. സായുധ സംഘങ്ങളില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് കൊളംബിയില്‍ നാളെ ദേശീയ പണിമുടക്കിന് രാജ്യത്തെ തദ്ദേശീയ ജനവിഭാഗം ആഹ്വാനം ചെയ്തു. പ്രസിഡന്‍റ് ഇവാൻ ഡ്യൂക്ക് മാര്‍ക്കേസുമായി കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചും ദേശീയ പണിമുടക്കില്‍ പങ്കെടുക്കാനുമായി 7000 ത്തോളം തദ്ദേശീയ ജനവിഭാഗങ്ങളും വിദ്യാര്‍ത്ഥികളുമടക്കമുള്ള ആളുകള്‍ തലസ്ഥാനമായ ബഗോട്ടയിലേക്ക് ലോങ്മാര്‍ച്ച് ചെയ്യുകയാണെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാളെ നടക്കുന്ന ദേശീയ പണിമുടക്കില്‍ പങ്കെടുക്കാൻ കൊളംബിയയിലെ നിരവധി തദ്ദേശീയ ജനതകളുടെ പ്രതിനിധികൾ തെക്ക് പടിഞ്ഞാറൻ നഗരമായ കാലിയിൽ നിന്ന് തലസ്ഥാനമായ ബൊഗോട്ടയിലേക്കാണ് ലോങ് മാര്‍ച്ച് നടത്തുന്നത്.
കൊളംബിയയുടെ പ്രാന്തപ്രദേശത്ത് നിന്ന് പോലും ജനങ്ങള്‍ നാളെ നടക്കുന്ന ദേശീയ സമരത്തിനായി കൊളംബിയന്‍ തലസ്ഥാനമായ ബഗോട്ടയിലേക്ക് നീങ്ങുന്നതായി വോയ്സ് ഓഫ് അമേരിക്ക തുടങ്ങിയ വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിരവധി തദ്ദേശീയരടക്കം 7,000 -ത്തോളം പേരെങ്കിലും തലസ്ഥാനത്ത് എത്തിചേര്‍ന്നതായാണ് റിപ്പോര്‍ട്ട്. പലരും സ്വന്തം ദേശങ്ങളിൽ നിന്ന് ഒരാഴ്ചയിലേറെ യാത്ര ചെയ്താണ് തലസ്ഥാനത്തെത്തിയത്. കൂടുതലും തദ്ദേശവാസികള്‍ എത്തിയത് രാജ്യത്തിന്‍റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്നാണ്.
വർണ്ണാഭമായ ബസുകളിലും പിക്കപ്പ് ട്രക്കുകളിലുമായാണ് ഇവര്‍ ബഗോട്ടയിലെത്തിച്ചേര്‍ന്നത്. പ്രതിഷേധക്കാര്‍ സ്വയം "മിംഗ" എന്നാണ് വിളിക്കുന്നത്. സംയുക്ത കമ്മ്യൂണിറ്റി ജോലികളെയോ പ്രവർത്തനത്തെയോ സൂചിപ്പിക്കുന്ന ഒരു തദ്ദേശീയ പദമാണ് മിംഗ.
കൊളംബിയയിലെ സായുധ സംഘമായ റെവല്യൂഷണറി ആംഡ് ഫോഴ്‌സ് ഓഫ് കൊളംബിയ (ഫാർക്ക്) യുമായി 2016 ലെ സമാധാന കരാറിന് ശേഷവും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വർദ്ധിച്ചുവരുന്ന അക്രമങ്ങളെക്കുറിച്ച് പ്രസിഡന്‍റുമായി ചർച്ച നടത്തണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
സമാധാന കരാര്‍ നടപ്പാക്കുന്നതില്‍ വീഴ്ച സംഭവിച്ചതോടെ ഫാർക്ക് മയക്കുമരുന്ന് കടത്തിലേക്കും മുമ്പ് നിയന്ത്രണമുണ്ടായിരുന്ന പ്രദേശങ്ങളില്‍ വീണ്ടും അവകാശവാദമുന്നയിക്കാനും ആരംഭിച്ചതായി പ്രതിഷേധക്കാർ ആരോപിച്ചു.
കൊളംബിയന്‍ പ്രസിഡന്‍റ് ഡ്യൂക്ക് അധികാരത്തിലിരുന്ന രണ്ട് വർഷത്തിനിടെ 167 പേരെങ്കിലും കൊല്ലപ്പെട്ടുവെന്ന് പ്രതിഷേധ നേതാക്കൾ ആരോപിച്ചു. കഴിഞ്ഞ സെപ്തംബറിന് ശേഷം ശക്തി പ്രാപിച്ച പ്രതിഷേധങ്ങളില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഏതാണ്ട് 13 ഓളം പേര്‍ മരിച്ചു.
ഫാർക്കുമായുള്ള സമാധാന കരാർ ഒപ്പിട്ടതിന് ശേഷം ആയിരത്തോളം സിവിൽ സൊസൈറ്റി നേതാക്കളും പ്രവർത്തകരും കൊല്ലപ്പെട്ടുവെന്ന് വാച്ച്ഡോഗ് ഇൻഡെപാസ് അവകാശപ്പെട്ടു. 65 ഓളം കൂട്ടക്കൊലകളും അവർ റിപ്പോർട്ട് ചെയ്യുന്നു.
തദ്ദേശീയരുൾപ്പെടെയുള്ള ഗ്രാമീണ സമൂഹങ്ങളിൽ മെച്ചപ്പെട്ട അടിസ്ഥാന സൌകര്യങ്ങളും സഹായങ്ങളും 2016 ലെ സമാധാന കരാർ വ്യവസ്ഥ ചെയ്തിരുന്നുവെങ്കിലും ഇവ നടപ്പായിട്ടില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
സർക്കാരിന്‍റെ സാമ്പത്തിക, സാമൂഹിക നയങ്ങളെക്കുറിച്ച് പ്രസിഡന്‍റ് ഡ്യൂക്കുമായി പരസ്യ ചർച്ച നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ബോഗോട്ടയിലെ മുന്‍ മേയറായിരുന്ന ക്ലൌഡിയ ലോപ്പസിന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധക്കാരുടെ ലോങ്മാര്‍ച്ച്.
"പ്രസിഡന്‍റ് ഞങ്ങളെ കാണുവരെ ഞങ്ങൾ ഇവിടെ ഉണ്ടാകും, കാരണം, ഞങ്ങള്‍ക്ക് ജീവിക്കണം, ഞങ്ങൾക്ക് സമാധാനം വേണം. ഞങ്ങൾ ഇവിടെ യുദ്ധം ചെയ്യാൻ വന്നതല്ല." കോക്ക സംസ്ഥാനത്തെ ഒരു പ്രദേശിക നേതാവ് റിച്ചാർഡ് ഫ്ലോറസ് പറയുന്നു.
പാർലമെന്‍റില്‍ വിഷയം ചർച്ച ചെയ്യാമെന്ന് പറഞ്ഞ പ്രസിഡന്‍റ് ഡ്യൂക്ക് പക്ഷേ, പ്രതിഷേധക്കാരുമായി കൂടിക്കാഴ്ച നടത്താൻ വിസമ്മതിച്ചു. എന്നാല്‍, പിന്നീട് പ്രതിഷേധക്കാരുടെ വിവിധ ഗ്രൂപ്പുകളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട ഒരു ചെറിയ കൂട്ടം നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ തയ്യാറാണെന്ന് അദ്ദേഹം സമ്മതിച്ചു.
കഴിഞ്ഞ ആഴ്ച കാലിയിൽ നടന്ന യോഗത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ പ്രതിനിധി സംഘം മിംഗയുമായി ധാരണയിലെത്താൻ ശ്രമിച്ചെങ്കിലും ചര്‍ച്ച പരാജയപ്പെട്ടിരുന്നു.
ഇതിനെ തുടര്‍ന്നാണ് തദ്ദേശീയ ജനതയും ട്രേഡ് യൂണിയനുകളും വിദ്യാർത്ഥി ഗ്രൂപ്പുകളും നാളെ രാജ്യത്ത് "ദേശീയ പണിമുടക്കിന്" ആഹ്വാനം ചെയ്തതത്.
രാജ്യത്തിന്‍റെ തെക്കുപടിഞ്ഞാറുള്ള കോക്ക, നരിയോ, വാലെ ഡെൽ കോക്ക എന്നീ വിഭാഗങ്ങളിലെ കമ്മ്യൂണിറ്റികളാണ് മിംഗ സംഘടിപ്പിക്കുന്നത്. ഏതാണ്ട് 500 കിലോമീറ്ററോളം സഞ്ചരിച്ചാണ് പ്രതിഷേധക്കാര്‍ തലസ്ഥാനമായ ബഗോട്ടയിലേക്ക് എത്തിയത്.
വാഹനങ്ങളിലും നടന്നുമാണ് പ്രതിഷേധക്കാര്‍ തലസ്ഥാനത്തേക്ക് ഒഴുകുന്നത്. വാഹനങ്ങളില്‍ പോകുന്നവര്‍ ഭക്ഷണം പാകം ചെയ്യാനാവശ്യമായ വിറകും മറ്റ് ഭക്ഷ്യസാധനങ്ങളുമായാണ് ലോങ്മാര്‍ച്ചില്‍ പങ്കെടുക്കുന്നത്.