കടലെടുത്ത് ഇല്ലാതാകുന്ന കൊച്ച്തോപ്പ് ഗ്രാമം
ഒരു ആയുഷ്കാലം മുഴുവനും കഷ്ടപ്പെട്ട് നിർമ്മിച്ച വീട് നിന്നനില്‍പ്പില്‍ കടലെടുത്ത് പോവുമ്പോൾ നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വരുന്നവരാണ് തീരദേശവാസികള്‍. വര്‍ഷാവര്‍ഷം കടലെടുപ്പും തീരനഷ്ടവും വീടുകളുടെ തകര്‍ച്ചയും അഭയാര്‍ത്ഥി ക്യാമ്പുകളും ആവര്‍ത്തിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ കടലേറ്റത്തിനെ തുടര്‍ന്ന് വീട് തകര്‍ന്നവര്‍ ഇന്നും ക്യാമ്പുകളില്‍ തന്നെ കഴിയുന്നു. അപ്പോഴും പുതിയ അഭയാര്‍ത്ഥികള്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വാഗ്ദാനങ്ങളും. കാണാം കൊച്ചുതോപ്പിന്‍റെ ഇപ്പോഴത്തെ അവസ്ഥ. ചിത്രങ്ങള്‍: റോബിന്‍ കൊച്ചുതോപ്പ്.
2019 ലെ കടല്‍ക്ഷോഭത്തില്‍ ഏകദേശം 32 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. 45 വീടുകള്‍ക്ക് ഭാഗീകമായി തകരുകയോ വീണ്ടും കടല്‍ ആക്രമണ ഭീഷണി നേരിടുകയോ ചെയ്തിരുന്നവയാണ്.
കടലാക്രമണ സമയത്ത് ഈ നൂറോളം കുടുംബങ്ങളെ പുനരധിവാസ പാക്കേജിന്‍റെ ഭാഗമായി മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു.
വലിയതുറ എല്‍പി സ്കൂള്‍, ബഡ്സ് സ്കൂള്‍, ഫിഷറീസ് ഗോഡൗണ്‍ എന്നിവടങ്ങളിലേക്കാണ് കഴിഞ്ഞ വര്‍ഷം ആളുകളെ മാറ്റി പാര്‍പ്പിച്ചത്.
എന്നാല്‍ വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും ഇവര്‍ക്ക് പുനരധിവാസം സാധ്യമായിട്ടില്ല. പല കുടുംബങ്ങളും വീടില്ലാത്തതിനാല്‍ പുനരധിവാസ ക്യാമ്പുകളില്‍ തന്നെയാണ് കഴിയുന്നത്.
നിരന്തരമായി ആവശ്യപ്പെട്ടിട്ടും പുനരധിവാസത്തിനായി ഇതുവരെയായി യാതൊരു സംവിധാനങ്ങളും സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല. ഒടുവില്‍ നിരന്തരമായി ആവശ്യപ്പെട്ടതിന് ശേഷം മന്ത്രി കടകംപള്ളി സ്ഥലം സന്ദര്‍ശിച്ചിരുന്നു.
ഒടുവില്‍ നാലേകാല്‍ കോടിയുടെ പദ്ധതി കൊച്ചുതോപ്പ് തീരത്തിനായി തയ്യാറായി. എന്നാല്‍ ഇതുവരെയായും ഒരു കല്ല് പോലും പ്രദേശത്ത് ഇട്ടിട്ടില്ല. ഒരു വര്‍ഷത്തിന് ശേഷം വീണ്ടും നൂറോളം വീടുകള്‍ തകര്‍ച്ചയുടെ വക്കിലാണ്.
ഇനിയൊരു കടല്‍ക്ഷോഭമുണ്ടായാല്‍ റോഡിന് പടിഞ്ഞാറുള്ള കൊച്ചുതോപ്പ് ഗ്രാമം മുഴുവനായും കടലെടുക്കുമെന്ന് ഫാദര്‍ റോഡ്രിഗസ് കുട്ടി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.
2020 ജൂലൈ 20 മുതല്‍ തുടങ്ങിയ ഈവര്‍ഷത്തെ കടല്‍ ക്ഷോഭത്തില്‍ 12 വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു. 28- ഓളം വീടുകള്‍ ഭാഗീകമായി തകര്‍ന്ന് ഉപയോഗശൂന്യമായി. ഏകദേശം നൂറോളം വീടുകള്‍ കടല്‍ക്ഷോഭ ഭീഷണിയിലാണ്.
ജിയോളജി ഡിപ്പാര്‍ട്ടുമെന്‍റ് കല്ല് കൊണ്ടുവരാനുള്ള അനുമതി നല്‍കുന്നില്ല. ഇനി എവിടെ നിന്നെങ്കിലും കല്ല് കൊണ്ടുവന്നാല്‍ തീരത്തെത്തുന്നതിന് മുമ്പ് തന്നെ പൊലീസ് തടയുകയാണ്.
ഇത് കൊണ്ട് തന്നെ കല്ല് കൊണ്ടുവരാന്‍ പദ്ധതിയുടെ കോണ്‍ട്രാക്റ്റ് ഏറ്റെടുത്തയാള്‍ തയ്യാറാകുന്നില്ലെന്നും ഫാദര്‍ റോഡ്രിഗസ് കുട്ടി പറഞ്ഞു.
ഒരു പദ്ധതിക്കായി അനുമതി കൊടുക്കുമ്പോള്‍ എല്ലാ വകുപ്പില്‍ നിന്നും പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് അനുമതി നേടിക്കൊടുക്കണം.
എന്നാല്‍ ഇവിടെ സംഭവിക്കുന്നത് ജനങ്ങള്‍ പ്രശ്നമുണ്ടാക്കുമ്പോള്‍ കോടികളുടെ പദ്ധതിക്ക് അനുമതി നല്‍കുക. പിന്നെ മറ്റ് വകുപ്പുകളുടെ നിസഹകരണത്തില്‍ പദ്ധതിയെ തന്നെ ഇല്ലാതാക്കുന്നതാണെന്നും ഫാദര്‍ റോഡ്രിഗസ് കുട്ടി ആരോപിച്ചു.
ഈ പ്രശ്നത്തിനാണ് ഇപ്പോള്‍ പരിഹാരം കണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഒന്നര കിലോമീറ്റര്‍ പ്രദേശത്ത് ഏറെ ജനസാന്ദ്രതയുള്ള പ്രദേശമായ കൊച്ചുതോപ്പില്‍ ഇന്നലെ ഒറ്റദിവസം ഏട്ട് പേര്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.
വൈറസ് ഭീതിയെ തുടര്‍ന്ന് കഴിഞ്ഞ ഏഴ് മാസമായി കടലില്‍ പോകാനാകാത്തത് കൊണ്ട് തീരദേശത്തെ ഏതാണ്ട് മിക്കവാറും വീടുകളിലും പട്ടിണിയാണ്.
സാമ്പത്തികമായി തകര്‍ന്ന ദേശത്ത് ഇന്ന് ആകെ ലഭിക്കുന്നത് റേഷന്‍ മാത്രമാണ്. മറ്റ് സാധനങ്ങളൊന്നും ലഭിക്കുന്നില്ല.
കൊച്ച്തോപ്പ് സെന്റ് ആന്റണിസ് സിബിഎസ്ഇ സ്കൂളിന്റെ തൊട്ടടുത്ത ഭൂമി സര്‍ക്കാറിന് നല്‍കാമെന്നും പകരം റോഡിന് സമീപത്തെ സര്‍ക്കാര്‍ ഭൂമി പ്രദേശത്തുകാര്‍ക്ക് ഫ്ലാറ്റ് വയ്ക്കാന്‍ നല്‍കണമെന്ന നിര്‍ദ്ദേശം സര്‍ക്കാറിന് മുന്നില്‍ ഞങ്ങള്‍ കഴിഞ്ഞ വര്‍ഷം തന്നെ വച്ചിരുന്നു.