Climate Change | കാലാവസ്ഥാ വ്യതിയാനം; പക്ഷികളുടെ ശരീരത്തില്‍ മറ്റമുണ്ടാക്കുന്നതായി പഠനം
കാലാവസ്ഥാ വ്യതിയാനം മൂലം ആമസോൺ മഴക്കാടുകളിലെ പക്ഷികളുടെ ശരീരത്തില്‍ രൂപമാറ്റം ഉണ്ടാകുന്നതായി ലൂസിയാന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നടന്ന പഠനം പറയുന്നു. മനുഷ്യന്‍റെ ഇടപെടല്‍ മൂലം കാലാവസ്ഥയില്‍ ഉണ്ടായിരിക്കുന്ന മാറ്റങ്ങള്‍, നേരിട്ട് മനുഷ്യ സമ്പർക്കമില്ലാത്ത ആമസോൺ മഴക്കാടുകളില്‍ പോലും വലിയ മറ്റങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ മേഖലയിലെ വിദഗ്ദര്‍ നടത്തിയ പഠനത്തിലാണ് ആമസോൺ മഴക്കാടുകളിലെ തദ്ദേശീയ പക്ഷികളുടെ ശരീരവലിപ്പത്തിലെ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞത്. പഠനവിധേയമായ മിക്ക പക്ഷികളുടെയും ശരീര വലുപ്പത്തിലും ചിറകിന്‍റെ നീളത്തിലും പ്രകടമായ വ്യത്യാസമുണ്ട്.
ലൂസിയാന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരുടെ പുതിയ ഗവേഷണ പഠനമനുസരിച്ച്, നേരിട്ടുള്ള മനുഷ്യ സമ്പർക്കം ഇല്ലാത്ത ആമസോൺ മഴക്കാടുകളിലെ ഏറ്റവും പ്രാകൃതമായ ഭാഗങ്ങളില്‍ പോലും മനുഷ്യ പ്രേരിത കാലാവസ്ഥാ വ്യതിയാനം സ്വാധീനിക്കുന്നുണ്ടെന്നാണ്.
കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ശേഖരിച്ച ഡാറ്റയുടെ പുതിയ വിശകലനങ്ങൾ കാണിക്കുന്നത്, ആമസോൺ മഴക്കാടുകളിൽ ഉടനീളം സെൻസിറ്റീവ് റസിഡന്‍റ് പക്ഷികളുടെ എണ്ണം കുറഞ്ഞുവെന്ന് മാത്രമല്ല, പഠനവിധേയമായ മിക്ക പക്ഷികളുടെയും ശരീര വലുപ്പവും ചിറകിന്‍റെ നീളവും മാറിയിട്ടുണ്ട്.
"ആമസോൺ മഴക്കാടുകളുടെ നടുവിൽ പോലും, ഞങ്ങളുൾപ്പെടെയുള്ള ആളുകൾ മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ആഗോള പ്രത്യാഘാതങ്ങൾ ഞങ്ങൾ കാണുന്നു," ഇന്‍റഗ്രൽ ഇക്കോളജി റിസർച്ചിലെ അസോസിയേറ്റ് ഇക്കോളജിസ്റ്റ് വിറ്റെക് ജിറിനെക് പറഞ്ഞു. സയൻസ് അഡ്വാൻസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തെ നയിച്ചത് വിറ്റെക് ജിറിനെക് ആണ്.
ആമസോൺ മഴക്കാടുകളിലെ പക്ഷികൾ വലുപ്പത്തില്‍ ചെറുതായി തീര്‍ന്നു. എന്നാല്‍ അവയുടെ ചിറകുകൾ പല തലമുറകളായി നീളുന്നു. ഇത് പുതിയ, മാറിക്കൊണ്ടിരിക്കുന്ന പാരിസ്ഥിതിക സാഹചര്യങ്ങളോടുള്ള പക്ഷികളുടെ ശാരീരികമായ പ്രതികരണത്തെ സൂചിപ്പിക്കുന്നതായി പഠനം പറയുന്നു.
ദേശാടനം ചെയ്യാത്ത പക്ഷികളുടെ ശരീരവലിപ്പത്തിലും ആകൃതിയിലും ഇത്തരത്തില്‍ മാറ്റങ്ങൾ കണ്ടെത്തുന്ന ആദ്യ പഠനമാണിതെന്ന് സയന്‍സ് ഡെയ്ലി പറയുന്നു.
ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകളിൽ കഴിഞ്ഞ 40 വർഷത്തിലേറെയായി പക്ഷികളെ പിടിച്ച്, അളന്ന്, തൂക്കി, ലെഗ് ബാൻഡ് ഉപയോഗിച്ച് അടയാളപ്പെടുത്തി വിട്ടയച്ച 15,000-ലധികം പക്ഷികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളാണ് ജിറിനെക്കും സഹപ്രവർത്തകരും പഠനത്തിനായി ഉപയോഗിച്ചത്.
1979 മുതല്‍ 2019 വരെയുള്ള വിവരങ്ങളാണ് പഠനത്തിനായി ഉപയോഗിച്ചത്. 1979-കൾ മുതൽ മിക്കവാറും എല്ലാ പക്ഷികളുടെയും ശരീരത്തിന്‍റെ പിണ്ഡം (mass) കുറഞ്ഞു. പക്ഷികളില്‍ ക്രമമായി ഭാരം കുറഞ്ഞുവരുന്നതായി കണക്കുകള്‍ കാണിക്കുന്നു.
പഠനവിധേയമാക്കിയ ഒട്ടുമിക്ക പക്ഷി ഇനങ്ങൾക്കും ഓരോ ദശാബ്ദത്തിലും അവയുടെ ശരീരഭാരത്തിന്‍റെ ശരാശരി 2 ശതമാനം വച്ച് നഷ്ടപ്പെടുന്നു. 1980-കളിൽ 30 ഗ്രാം ഭാരമുണ്ടായിരുന്ന ഒരു ശരാശരി പക്ഷി ഇനത്തിന് ഇപ്പോൾ ശരാശരി 27.6 ഗ്രാം മാത്രമാണുള്ളത്.
"ഈ പക്ഷികൾ വലിപ്പത്തിൽ അത്ര വലുതല്ല. വളരെ സൂക്ഷ്മമായ ഒരു നിര്‍മ്മിതിയാണ്. അതുകൊണ്ട് തന്നെ കൂട്ടത്തിലെല്ലാവരും രണ്ട് ഗ്രാം വീതം തൂക്കം കുറയുകയെന്ന് പറയുന്നത് വളരെ പ്രധാനമാണ്," പ്രൊഫ. ഫിലിപ്പ് സ്റ്റൗഫർ കൂട്ടിച്ചേര്‍ത്തു. ലൂസിയാന സ്റ്റേറ്റ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് റിന്യൂവബിൾ നാച്ചുറൽ റിസോഴ്‌സിലെ പ്രൊഫസറാണ് പ്രെഫ. ഫിലിപ്പ് സ്റ്റൗഫർ.
പഠനവിധേയമാക്കിയ സ്ഥിതിവിവര കണക്കുകള്‍ ആമസോണ്‍ മഴക്കാടുകളിലെ പക്ഷികളുടെ വലിയൊരു വിവരശേഖരണമാണ്. പക്ഷികളുടെ ശരീരത്തിലെ ഈ പ്രതിഭാസം വ്യാപകമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നതായി പഠനം പറയുന്നു.
"നിങ്ങൾ നിങ്ങളുടെ ജനാലയിലൂടെ പുറത്തേക്ക് നോക്കിയാൽ, അവിടെ നിങ്ങൾ എന്താണ് കാണുന്നതെന്ന് പരിഗണിക്കുകയാണെങ്കിൽ, അവ 40 വർഷം മുമ്പുള്ള അവസ്ഥയല്ല, സസ്യങ്ങളും മൃഗങ്ങളും ആ മാറ്റങ്ങളോട് പ്രതികരിക്കാൻ സാധ്യതയുണ്ട്." പ്രൊഫ. ഫിലിപ്പ് സ്റ്റൗഫർ പറയുന്നു. "പക്ഷികളിൽ മാത്രമല്ല, ഈ മാറ്റം എല്ലായിടത്തും കാണാം " സ്റ്റൗഫർ കൂട്ടിച്ചേര്‍ക്കുന്നു.
തണുത്തതും ഇരുണ്ടതുമായ വനത്തിന്‍റെ അടിത്തട്ടിലും, ചൂടുള്ളതും സൂര്യപ്രകാശം കടന്ന് ചെല്ലുന്നതുമായ മധ്യഭാഗത്തും വസിക്കുന്ന 77 ഇനം പക്ഷികളെയാണ് പഠന വിധേയമാക്കിയത്. ഇതില്‍ 80 ശതമാനം പക്ഷികളിലും മാറ്റാം ദൃശ്യമായിരുന്നു.
ഏറ്റവും ഉയർന്ന ഭാഗത്ത് വസിക്കുന്നതും ചൂടും വരണ്ടതുമായ അവസ്ഥയിൽ ഏറ്റവുമധികം സമ്പർക്കം പുലർത്തുന്നതുമായ പക്ഷികളുടെ ശരീരഭാരത്തിലും ചിറകിന്‍റെ വലുപ്പത്തിലുമാണ് ഏറ്റവും നാടകീയമായ മാറ്റം ഉണ്ടെന്ന് കണ്ടെത്തിയത്.
ഈ പക്ഷികൾ വനത്തിന്‍റെ അടിത്തട്ടിൽ വസിക്കുന്ന പക്ഷികളേക്കാൾ കൂടുതൽ ദൂരം പറക്കുന്നു. മാത്രമല്ല ഇവചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. ചിറകുകളുടെ ഭാരം കുറച്ചുകൊണ്ട് പറക്കലിൽ കൂടുതൽ ഊർജ്ജക്ഷമത കൊണ്ടുവരാന്‍ അവയ്ക്ക് കഴിഞ്ഞു
മെലിഞ്ഞ ശരീരവും കുറഞ്ഞ ഊർജത്തിൽ കുതിച്ചുയരാൻ കഴിയുന്ന നീണ്ട ചിറകുകളുമുള്ള ഒരു ഗ്ലൈഡർ വിമാനത്തെ അപേക്ഷിച്ച് ഭാരമേറിയ ശരീരവും ഉയരം കുറഞ്ഞ ചിറകുകളുമുള്ള ഒരു യുദ്ധവിമാനത്തെക്കുറിച്ച് ചിന്തിക്കുക. ഈ വ്യത്യാസം തന്നെയാണ് പഠനവിധേയമായ പക്ഷികളിലും ഉണ്ടായിരിക്കുന്നത്.
ഒരു പക്ഷിക്ക് ഉയർന്ന ചിറകുകൾ ഉണ്ടെങ്കിൽ, ഉയരത്തിൽ പറന്ന് നിൽക്കാനായി അതിന്‍റെ ചിറകുകൾ വേഗത്തിൽ അടിക്കേണ്ടത് ആവശ്യമാണ്. ഇതിന് കൂടുതൽ ഊർജ്ജം ആവശ്യമായി വരുന്നതും കൂടുതൽ ശരീരോഷ്മാവ് ഉൽപ്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു.
ശരീരഭാരം കുറയ്ക്കുന്നതും ചിറകിന്‍റെ നീളം കൂട്ടുന്നതും ശരീരിക ക്ഷമത കൂട്ടുകയും കൂടുതല്‍ നേരെ ഇര പിടിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. അതേസമയം ചൂടുപിടിച്ച കാലാവസ്ഥയിൽ ശരീരോഷ്മാവ് നിലനിർത്താനും കഴിയുന്നു.
പ്രബന്ധത്തിന്‍റെ മറ്റൊരു രചയിതാവും ലൂസിയാന സ്റ്റേറ്റ് യൂണിവേഴ്സിറ്റി പൂർവ്വ വിദ്യാർത്ഥിയുമായ റയാൻ ബർണർ (Ph.D. '19) ആണ് വർഷങ്ങളായി പക്ഷികളുടെ വലുപ്പത്തിലുള്ള വ്യത്യാസങ്ങളുടെ ഭൂരിഭാഗം വിവര ശേഷരണവും നടത്തിയത്. അദ്ദേഹം ഇപ്പോൾ യുഎസ് ജിയോളജിക്കൽ സർവേ അപ്പർ മിഡ്‌വെസ്റ്റ് എൻവയോൺമെന്റൽ സയൻസസ് സെന്ററിൽ ഗവേഷണ വൈൽഡ് ലൈഫ് ബയോളജിസ്റ്റാണ്.
കാലാവസ്ഥാ വ്യതിയാനമൂലം അന്തരീക്ഷോഷ്മാവിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ പക്ഷികളുടെ ശരീരത്തില്‍ വലുപ്പത്തിലും രൂപത്തിലുമുണ്ടാക്കിയ മാറ്റങ്ങള്‍ പോലുള്ള പ്രത്യേകതകള്‍ മറ്റ് ജീവജാലങ്ങളിലും രൂപപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 1979 ഫെബ്രുവരിയിൽ നടന്ന ആദ്യത്തെ ലോക കാലാവസ്ഥാ സമ്മേളനം സമാപിച്ചപ്പോൾ, സന്നിഹിതരായ ശാസ്ത്രജ്ഞർ ലോക നേതാക്കളോട് "മനുഷ്യരാശിയുടെ ക്ഷേമത്തിന് പ്രതികൂലമായേക്കാവുന്ന കാലാവസ്ഥയിൽ മനുഷ്യനിർമിത മാറ്റങ്ങൾ മുൻകൂട്ടി കാണാനും തടയാനും" ആഹ്വാനം ചെയ്തു. അതേ വർഷം ഒക്‌ടോബർ 17-ന്, ബ്രസീലിയൻ ആമസോണിലെ മഴക്കാടിന് താഴെയുള്ള പക്ഷികളെക്കുറിച്ചുള്ള പഠനം ആരംഭിച്ചു. ആ പഠനത്തിന്‍റെ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വിട്ടത്.