Malala Yousafzai |എല്ലാറ്റിനും മറുപടിയുണ്ട്; വിവാഹത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളോട് മലാലയുടെ പ്രതികരണം
സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ മനുഷ്യാവകാശ പ്രവര്‍ത്തക മലാല യൂസഫ് സായിയുടെ വിവാഹം അഞ്ച് ദിവസം മുമ്പാണ് നടന്നത്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജര്‍ അസര്‍ മാലിക്ക് ആയിരുന്നു വരന്‍. ഈ വിവാഹവുമായി ബന്ധപ്പെട്ട് മലാലയ്ക്ക് എതിരെ ചില ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. ബ്രിട്ടീഷ് മാസികയായ വോഗിന് നേരത്തെ നല്‍കിയ ഒരഭിമുഖത്തില്‍ വിവാഹം അനാവശ്യമാണെന്ന് പറഞ്ഞ മലാല നിലപാട് മാറ്റിയതിന് എതിരായിരുന്നു ചില വിമര്‍ശനം. ലിബറല്‍ പശ്ചാത്തലത്തില്‍ ജീവിക്കുന്ന മലാല പാക്കിസ്താനില്‍നിന്നും വരനെ കണ്ടെത്തി എന്നതായിരുന്നു മറ്റൊരു വിമര്‍ശനം. ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി ഉണ്ടെന്നാണ് മലാല വിവാഹത്തിനു ശേഷം ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്
2012 -ലാണ് മലാല വാര്‍ത്തകളില്‍ നിറഞ്ഞത്. പാക്കിസ്താനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പോരാടിയ മലാലയ്ക്ക് നേരെ താലിബാന്‍ ആക്രമണം നടത്തുകയായിരുന്നു.
വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ മലാലയും കുടുംബത്തോടൊപ്പം തുടര്‍ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോയി. പിന്നീട്, ബ്രിട്ടന്‍ മലാലയ്ക്ക് പൗരത്വം നല്‍കി.
മലാലയ്ക്ക് ബ്രിട്ടനിലെ ആശുപത്രിയില്‍ മികച്ച പരിചരണം ലഭിച്ചു. അധികം വൈകാതെ തന്നെ ലോകത്തിനറ പ്രാര്‍ത്ഥനകള്‍ക്കിടയില്‍ മലാല ആരോഗ്യസ്ഥിതി വീണ്ടെടുത്തു.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിന് വേണ്ടി പോരാടിയതിന്റെ പേരിലാണ് മലാലയ്ക്ക് 2014 -ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചത്.
ഇക്കഴിഞ്ഞ ആഴ്ചയാണ് താന്‍ വിവാഹിതയാവുന്ന കാര്യം മലാല ട്വീറ്റ് ചെയ്തത്. ഇതിനു പിന്നാലെയാണ് മലാലയുടെ പഴയ അഭിമുഖത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നത്.
ബ്രിട്ടീഷ് മാഗസിനായ വോഗിന് നല്‍കിയ അഭിമുഖത്തിലാണ് മലാല വിവാഹത്തെക്കുറിച്ചുള്ള വ്യത്യസ്തമായ അഭിപ്രായം തുറന്നുപറഞ്ഞിരുന്നത്. വോഗ് മാസികയുടെ കവര്‍ സ്‌റ്റോറി ആയിരുന്നു മലാലയുടെ അഭിമുഖം.
എന്തിനാണ് ആളുകള്‍ വിവാഹിതരാകുന്നത് എന്ന് മനസ്സിലാകുന്നില്ലെന്നും ജീവിതത്തിലേക്ക് ഒരാളെ കൂട്ടുന്നതിന് എന്തിനാണ് രേഖകളില്‍ ഒപ്പുവെക്കുന്നത് എന്നുമായിരുന്നു അന്ന് മലാല അഭിമുഖത്തില്‍ പറഞ്ഞത്. ഇതാണ് മലാലയുടെ വിവാഹത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ചര്‍ച്ചയായത്.
വിവാഹം കഴിക്കണമെന്ന് താല്‍പര്യമേ ഉണ്ടായിരുന്നില്ല എന്നാണ് അഭിമുഖത്തില്‍ മലാല പറഞ്ഞിരുന്നത്. മനുഷ്യത്വവും സ്വാതന്ത്ര്യവും സ്ത്രീത്വവുമൊക്കെ വിവാഹത്തോടെ നഷ്ടപ്പെടുമോ എന്ന ആശങ്കയും അഭിമുഖത്തില്‍ അവര്‍ പങ്കുവെച്ചിരുന്നു. വിവാഹത്തെ ഒഴിവാക്കുകയാണ് പരിഹാരം എന്നാണ് താന്‍ കരുതുന്നതെന്നും അവര്‍ പറഞ്ഞിരുന്നു.
വോഗിന്റെ അഭിമുഖം പാക്കിസ്താനിലെ യാഥാസ്ഥിതിക സമൂഹത്തില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. വിവാഹത്തിന് എതിരായ മലാലയുടെ നിലപാടിനെതിരെ പാക് സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.
അതിനു ശേഷമാണ് മലാല വിവാഹം കഴിക്കാന്‍ തീരുമാനിച്ചതും അക്കാര്യം പരസ്യമായി അറിയിച്ചതും അതോടെയാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നത്. നിലപാടില്ലാത്ത സ്ത്രീയാണ് മലാലയെന്ന് വ്യക്തമാക്കുന്നതാണ് ഈ തീരുമാനം എന്നായിരുന്നു പിന്നീട് ഉയര്‍ന്ന വിമര്‍ശനം.
ഇതിന്റെ പശ്ചാത്തലത്തിലാണ് ബിബിസിയുടെ ആന്‍ഡ്രൂ മാര്‍ ഷോയില്‍ തനിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മലാല പ്രത്യക്ഷപ്പെട്ടത്. വിവാഹത്തെക്കുറിച്ച് തനിക്് ആശങ്ക ഉണ്ടായിരുന്നു എന്നത് സത്യമാണെന്നും എന്നാല്‍, പിന്നീട് അത് മാറി എന്നും അവര്‍ അഭിമുഖത്തില്‍ പറഞ്ഞു.
വിവാഹം അനാവശ്യമാണ് എന്നതായിരുന്നു 35 വയസ്സുവരെ തനിക്കുണ്ടായിരുന്ന അഭിപ്രായമെന്ന് മലാല പറഞ്ഞു. എന്നാല്‍, വിവാഹം എന്ന ആചാരത്തോടായിരുന്നു ആ എതിര്‍പ്പ്. ആ വ്യവസ്ഥയോടാണ് താന്‍ വിയോജിച്ചത്.
പാക് സമൂഹത്തില്‍ വിവാഹം എന്ന വ്യവസ്ഥയുടെ അടിത്തറ പുരുഷാധിപത്യ വ്യവസ്ഥയാണ്. അതിന്റെ ആഘാതം സ്ത്രീകളാണ് അനുഭവിക്കേണ്ടി വരുന്നത്. വിവാഹശേഷം സ്ത്രീകള്‍ ചെയ്യണമെന്നു പറയപ്പെടുന്ന വിട്ടുവീഴ്ചകളും തന്നെ ഭയപ്പെടുത്തിയിരുന്നതായി അവര്‍ പറഞ്ഞു.
''എന്റെ മനുഷ്യത്വവും സ്വാതന്ത്ര്യവും സ്ത്രീത്വവുമൊക്കെ നഷ്ടപ്പെടുമോ എന്ന് ഞാന്‍ ഭയന്നു, അതിനുള്ള ഏക പരിഹാരം വിവാഹത്തെ ഒഴിവാക്കുക എന്നാണ് ഞാന്‍ ചിന്തിച്ചത്''- മലാല പറഞ്ഞു.
പാകിസ്ഥാനില്‍, പഠിച്ചില്ലെങ്കിലോ ജോലി നേടിയില്ലെങ്കിലോ സ്വന്തം ഇടം നേടിയില്ലെങ്കിലോ മുന്നില്‍ വരുന്ന ഏകവഴി വിവാഹം കഴിക്കുക എന്നതാണ്. പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ അപ്പോള്‍ പറയും വിവാഹിതരാകൂ എന്ന്. ഇതൊക്കെയാണ് വിവാഹത്തെക്കുറിച്ചുള്ള ആശങ്കകള്‍ തനിക്കുണ്ടാവാന്‍ കാരണമെന്നും മലാല പറഞ്ഞു.
എന്നാല്‍ വിദ്യാഭ്യാസം നേടുകയും സ്വന്തം കാലില്‍ നില്‍ക്കുകയും ചെയ്ത്, ശാക്തീകരിക്കപ്പെട്ട അവസ്ഥയില്‍ വിവാഹം എന്ന വ്യവസ്ഥയെ മാറ്റിയെടുക്കാനാവുമെന്ന് പിന്നീട് ബോധ്യമായി.
വിവാഹ ബന്ധത്തിന്റെയും കുടുംബത്തിന്റെയും ഘടനയെ തന്നെ മാറ്റിയെഴുതാനാവുമെന്നും ബോധ്യമായി. അങ്ങനെയാണ് വിവാഹം എന്ന ആശയത്തിലേക്ക് എത്തിയതെന്ന് മലാല പറയുന്നു.
സുഹൃത്തുക്കളും മെന്റര്‍മാരും ഭര്‍ത്താവായി മാറിയ അസറുമൊക്കെ തന്റെ ചിന്താഗതി മാറ്റുന്നതില്‍ പങ്കുവഹിച്ചതായും അവര്‍ പറഞ്ഞു. തന്നെ സംബന്ധിച്ചിടത്തോളം അസര്‍ എന്ന പങ്കാളി ഭാഗ്യമാണ്. തന്റെ മൂല്യങ്ങള്‍ മനസ്സിലാക്കുന്ന ഒരാളാണ് അസര്‍ എന്നും മലാല പറയുന്നു.
2018 ലാണ് അസറിനെ കണ്ടുമുട്ടിയതെന്നും മലാല പറഞ്ഞു. ഓക്‌സ്ഫഡില്‍ സുഹൃത്തുക്കളെ കാണാനെത്തിയതായിരുന്നു അദ്ദേഹം. തങ്ങള്‍ സുഹൃത്തുക്കളാവുകയും ഏറെ സംസാരിക്കുകയും ചെയ്തു. സമാനമായ മൂല്യങ്ങള്‍ ഉണ്ടെന്ന് തിരിച്ചറിയുകയും പരസ്പരം സൗഹൃദം ആസ്വദിക്കുകയും ചെയ്തു.
സൗഹൃദം വളര്‍ന്നു. സന്തോഷത്തിലും നിരാശയിലും പരസ്പരം താങ്ങാവാന്‍ ആ ബന്ധത്തിന് കഴിയുമെന്ന് ബോധ്യമായി. അസറില്‍ നല്ല സുഹൃത്തിനെയും പങ്കാളിയെയുമാണ് കണ്ടെത്തിയത്-മലാല പറയുന്നു.
''സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് ഇപ്പോഴും എനിക്കുത്തരമില്ല, പക്ഷേ വിവാഹത്തില്‍ സൗഹൃദവും സ്നേഹവും തുല്യതയുമൊക്കെ ആസ്വദിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.''-അഭിമുഖത്തില്‍ മലാല തുറന്നുപറഞ്ഞു.