പകല്‍ മുഴുവന്‍ കൃഷിപ്പണി, രാത്രിയില്‍ ലൈംഗികാക്രമണം; ഭീകരര്‍ ലൈംഗിക അടിമകളാക്കിയ സ്ത്രീകളെ മോചിപ്പിച്ചു
''പകല്‍ മുഴുവന്‍ കൃഷിപ്പണി, രാത്രിയില്‍ ലൈംഗികാക്രമണങ്ങള്‍. അതിക്രൂരമായാണ് അവര്‍ ഞങ്ങളെ കൈകാര്യം ചെയ്തത്. വിശക്കുന്നു എന്നു പറഞ്ഞാല്‍ കുട്ടികളെ തല്ലിച്ചതയ്ക്കും. എതിര്‍ത്താല്‍ കൊന്നുകളയും''
ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ഐസിസുമായി ബന്ധമുള്ള അല്‍ ഷബാബ് ഭീകരര്‍ വര്‍ഷങ്ങളായി ലൈംഗിക അടിമയാക്കി വെച്ചുകൊണ്ടിരുന്ന യുവതിയുടെ വാക്കുകളാണിത്. മൊസാംബിക് സര്‍ക്കാറിന്റെ അഭ്യര്‍ത്ഥന പ്രകാരം അതിര്‍ത്തി കടന്നെത്തിയ റുവാണ്ടന്‍ സൈന്യമാണ് ഭീകരരെ തുരത്തിയോടിച്ച് ഈ യുവതി അടക്കം നിരവധി സ്ത്രീകളെയും കുട്ടികളെയും മോചിപ്പിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ഭീകരരെ തുരത്തിയ റുവാണ്ടന്‍ സൈന്യത്തിനൊപ്പം ഈ പ്രദേശങ്ങളില്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരോടാണ് രക്ഷപ്പെട്ട സ്ത്രീകള്‍ സ്വന്തം ദുരിതജീവിതത്തെക്കുറിച്ച് വിവരിച്ചത്.
2017 മുതലാണ് ഈ മൊസാംബിക്കിന്റെ വിവിധ പ്രദേശങ്ങളില്‍ അല്‍ ഷബാബ് എന്ന പേരില്‍ ഭീകര സംഘടന പ്രവര്‍ത്തിക്കുന്നതായി അറിയുന്നത്. ഓരോ സ്ഥലങ്ങളില്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുക. അവിടം കീഴടക്കുക അതാണ് രീതി.
സോമാലിയയില്‍ കാലങ്ങളായി ഇതേ പേരില്‍ ഒരു ഭീകരസംഘടന പ്രവര്‍ത്തിക്കുന്നുണ്ടൈങ്കിലും ഇവര്‍ക്ക് അവരുമായി ബന്ധമില്ല. ഐസിസിന്റെ ആശയവും ഭീകരപ്രവര്‍ത്തന രീതികളുമാണ് ഈ സായുധ സംഘം പിന്തുടരുന്നത്.
ആരാണ് സംഘടനയുടെ നേതാക്കളെന്നോ എന്തിനാണ് ഇവര്‍ മൊസാംബിക്കില്‍ ഭീകരത അഴിച്ചുവിടുന്നതെന്നോ ഇപ്പോഴും സര്‍ക്കാറിനു പോലും വ്യക്തതയില്ല. തങ്ങളെക്കുറിച്ച് ഇവരധികം പുറത്തുപറയാറുമില്ല.
റാഡിക്കല്‍ ഇസ്‌ലാം സ്വഭാവമുള്ള ഗ്രൂപ്പ് ആണെന്ന് മാത്രമാണ് റുവാണ്ടന്‍ സൈന്യവും ഇവരെക്കുറിച്ച് പറയുന്നുള്ളൂ. ഐസിസുമായി ബന്ധമുണ്ടെന്നും അതേ ആശയങ്ങളാണ് പിന്തുടരുന്നത് എന്നുമാണ് നിലവില്‍ ഇവരെക്കുറിച്ച് ലഭ്യമായ വിവരം.
എന്നാല്‍, കൊള്ളസംഘങ്ങളെ പോലെയാണ് ഇവരുടെ പെരുമാറ്റം എന്നാണ് നാട്ടുകാര്‍ പറയുന്നത്. യന്ത്രത്തോക്കുകളുമായി എത്തുന്ന സംഘങ്ങള്‍ പ്രദേശങ്ങള്‍ പിടിച്ചടക്കി അവിടെയുള്ളവരെ ഭരിക്കുകയാണ് ചെയ്യുന്നത്.
സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി ബന്ദികളാക്കും. അതിനു ശേഷം, ഭീകരരുടെ ലൈംഗിക അടിമകളാക്കും. പുരുഷന്‍മാരെ കൊന്നുകളയുകയോ തടവുകാരായി പിടിച്ച് ജോലികള്‍ ചെയ്യിക്കുകയും ചെയ്യും.
ഇവരുടെ ആക്രമണങ്ങളെ തുടര്‍ന്ന് പ്രദേശവാസികള്‍ ഒഴിഞ്ഞുപോവാറാണ് പതിവ്. ആയിരക്കണക്കിനാളുകളാണ് എല്ലാം ഉപേക്ഷിച്ച് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നത്. സ്വന്തം മണ്ണിലേക്ക് എന്ന് തിരിച്ചുപോവുമെന്ന ആശങ്കയിലാണ് ഇവര്‍.
ആളുകള്‍ ഒഴിയുമ്പോള്‍ വെറുതെ കിടക്കുന്ന വീടുകളും കെട്ടിടങ്ങളും പിന്നെ ഭീകരര്‍ താവളങ്ങളാക്കും. ഇവിടങ്ങളിലാണ് ലൈംഗിക അടിമകളെ താമസിപ്പിക്കുക. ആയിരക്കണക്കിനാളുകളെ ഒന്നിച്ച് താമസിപ്പിക്കുന്ന കെട്ടിടങ്ങളും ഉണ്ടായിരുന്നുവെന്ന് രക്ഷപ്പെട്ടവര്‍ പറയുന്നു.
ഇസ്‌ലാമിന്റെ പേരു പറഞ്ഞാണ് ഇവരുടെ പ്രവര്‍ത്തനങ്ങളെങ്കിലും നിരവധി മുസ്‌ലിം പള്ളികള്‍ ഇവര്‍ തകര്‍ത്തതായി പ്രദേശവാസികള്‍ പറയുന്നു. 'ഭീകരതയാണ് ഇവരുടെ മതം, ലക്ഷ്യം' എന്നാണ് ബിബിസിയുടെ ആഫ്രിക്ക ഐ പ്രോഗ്രാമില്‍ യോട് ചില പ്രദേശവാസികള്‍ പറഞ്ഞത്.
മയക്കുമരുന്ന് കള്ളക്കടത്തിലൂടെയാണ് ഇവര്‍ പണം കെണ്ടത്തുന്നത്. കൊള്ളയും കൊലകളും നടത്തുകയും വലിയ പ്രദേശങ്ങള്‍ പിടിച്ചടക്കുകയും ചെയ്താണ് ഇവര്‍ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതെന്ന് മൊസാംബിക് സൈനിക വക്താവ് പറയുന്നു.
കാബോ ഡെലഗാഡോ പ്രവിശ്യയിലെ നിരവധി പട്ടണങ്ങളും ഗ്രാമങ്ങളും നാലുവര്‍ഷമായി ഇവരുടെ കൈയിലായിരുന്നു.
കഴിഞ്ഞ മാസമാണ് അയല്‍രാജ്യമായ റുവാണ്ടയില്‍നിന്നും എത്തിയ സൈന്യം ഇവരെ തുരത്തിയത്.
വലിയ ഏറ്റുമുട്ടലുണ്ടായ ഈ പ്രദേശത്തെ അവസ്ഥ ഭീകരമാണെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. വീടുകളും കെട്ടിടങ്ങളുമെല്ലാം തകര്‍ന്നു കഴിഞ്ഞു. വന്‍ സ്‌ഫോടനങ്ങളുടെയും ഷെല്ലാക്രമണങ്ങളുടെയും അവശിഷ്ടങ്ങളാണ് എങ്ങും.
ആയിരത്തിലേറെ റുവാണ്ടന്‍ സൈനികരാണ് നാലു ദിക്കുകളിലായി അല്‍ ഷബാബ് ഭീകരര്‍ക്കെതിരെ ഒരേ സമയം ആക്രമണം നടത്തിയത്. അല്‍ ഷബാബ് ഭീകരര്‍ ചെറുത്തുനില്‍പ്പു നടത്തിയെങ്കിലും, നൂറുകണക്കിന് ഭീകരരെ വധിച്ചതായി റുവാണ്ടന്‍ സൈന്യം പറഞ്ഞു.
നിരവധി പേരുടെ മരണത്തിനിടയാക്കിയ അമറുല ഹോട്ടല്‍ ആക്രമണം നടന്ന പാല്‍മയും റുവാണ്ടന്‍ സൈന്യം പിടിച്ചെടുത്തു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് നൂറു കണക്കിന് ഭീകരര്‍ ആയുധങ്ങളുമായി എത്തി കണ്ണില്‍കണ്ടവരെയെല്ലാം വധിക്കുകയും നഗരം പിടിച്ചെടുക്കുകയും ചെയ്തത്.
വിദേശ ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട അമറുല ഹോട്ടലിനു നേര്‍ക്കുണ്ടായ ആകമണത്തില്‍ ഡസന്‍കണക്കിനാളുകള്‍ കൊല്ലപ്പെട്ടിരുന്നു. കുറേയധികം പേരെ ഭീകരര്‍ കെട്ടിയിട്ട ശേഷം കഴുത്തറുത്തു കൊന്നു. ഇതോടെയാണ് ഈ ഭീകരസംഘടനയെക്കുറിച്ച് ലോകം കാര്യമായി ചര്‍ച്ച ചെയ്തത്.
ഈ പ്രദേശം അതിനുശേഷം ഭീകരരുടെ നിയന്ത്രണത്തിലായിരുന്നു. ഇവിടേക്ക് കുതിച്ചെത്തിയ റുവാണ്ടന്‍ സൈനികര്‍ ഭീകരരെ തുരത്തുകയായിരുന്നു. ഇവര്‍ തടവില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചിരുന്ന സ്ത്രീകളെ സൈന്യം മോചിപ്പിച്ചു.
രക്ഷപ്പെട്ട സ്ത്രീകളില്‍ പലരും പെംബയിലുള്ള ക്യാമ്പുകളിലാണ് കഴിയുന്നത്. മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ച അവരില്‍ പലര്‍ക്കും പറയാനുള്ളത് ഞെട്ടിക്കുന്ന അനുഭവങ്ങളായിരുന്നു. തന്നെ കൃഷിയിടത്തില്‍നിന്ന് മൂന്ന് കുട്ടികള്‍ക്കൊപ്പം ഭീകരര്‍ തട്ടിക്കൊണ്ടുവന്ന് അടിമയെപ്പോലെ കൈകാര്യം ചെയ്യുകയായിരുന്നുവെന്ന് അതിലൊരു സ്ത്രീ പറഞ്ഞു.
''തോക്കു ചൂണ്ടിയ ഭീകരര്‍ എന്നെയും കുട്ടികളെയും കിലോമീറ്ററുകളോളം നടത്തിച്ചാണ് അവരുടെ കേന്ദത്തില്‍ കൊണ്ടുവന്നത്. തളര്‍ന്നു എന്നു പറഞ്ഞ കുട്ടികളെ അവര്‍ തല്ലിച്ചതക്കുകയായിരുന്നു.''-അവര്‍ പറയുന്നു.
ഭീകരരുടെ താവളത്തിലിരിക്കെ കഴിഞ്ഞ ദിവസം കുട്ടികളുമൊത്ത് ഇവര്‍ രക്ഷപ്പടുകയായിരുന്നു. റുവാണ്ടന്‍ ഹെലികോപ്റ്ററുകള്‍ ആക്രമണം തുടങ്ങിയപ്പോള്‍ ഭീകരരുടെ ശ്രദ്ധ മാറുകയും ആ സമയത്ത് താന്‍ രക്ഷപ്പെടുകയും ചെയ്യുകയായിരുന്നുവെന്ന് ഈ യുവതി പറഞ്ഞു.
മറ്റ് നിരവധി സ്ത്രീകള്‍ ഇപ്പോഴും ഇവരുടെ കസ്റ്റഡിയിലാണ്. റുവാണ്ടന്‍ സൈന്യം എത്തിയപ്പോള്‍ കാടുകളിലേക്ക് രക്ഷപ്പെട്ട ഭീകരര്‍ തടവുകാരായ ഈ സ്ത്രീകളെയും കൂടെ കൊണ്ടുപോയി. ''എങ്ങനെയെങ്കിലും ബാക്കിയുള്ളവരെ കൂടി രക്ഷിക്കണം. അത്ര ഭീകരമാണ് അവരനുഭവിക്കുന്ന പീഡനങ്ങള്‍.''-രക്ഷപ്പെട്ട സ്ത്രീകള്‍ ബിബിസി സംഘത്തോട് പറഞ്ഞു.
തടവില്‍നിന്ന് രക്ഷപ്പെട്ട രണ്ട് സ്ത്രീകളെ ഭീകരര്‍ വെടിവെച്ചു കൊന്നത് തന്റെ കണ്മുന്നിലായിരുന്നുവെന്ന് 24 വയസ്സുകാരിയായ മറ്റൊരു തടവുകാരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഏറ്റുമുട്ടലുണ്ടായ സമയത്ത് രക്ഷപ്പെടുകയായിരുന്നു ഇവരും
രക്ഷപ്പെട്ടുവെങ്കിലും ഇവരില പല സ്ത്രീകളും ആശങ്കയിലാണ്. നാട്ടിലേക്ക് മടങ്ങിചെല്ലുമ്പോള്‍ ഭര്‍ത്താവും കുടുംബാംഗങ്ങളും തങ്ങളെ സ്വീകരിക്കുമോ എന്നതാണ് ഇവരുടെ ആശങ്ക. ഒരു വര്‍ഷത്തിലേറെ അനുഭവിക്കേണ്ട വന്ന കടുത്ത ലൈംഗിക പീഡനങ്ങള്‍ ഈ സ്ത്രീകളെ അടിമുടി മാറ്റിക്കഴിഞ്ഞിട്ടുണ്ട്.
ദരിദ്രരാജ്യമായ മൊസാംബിക് 1975 വരെ പോര്‍ച്ചുഗീസ് കോളനി ആയിരുന്നു. 1964 മുതല്‍ 1975 വരെ നടന്ന സ്വാതന്ത്ര്യ പോരാട്ടങ്ങളെ തുടര്‍ന്നാണ് രാജ്യം സ്വതന്ത്രമായത്. അതിനു ശേഷം 1992 വരെ വിവിധ ഗോത്രവിഭാഗങ്ങള്‍ തമ്മില്‍ ആഭ്യന്തര യുദ്ധം നടന്നു. പിന്നീടാണ് പ്രസിഡന്‍ഷ്യല്‍ രീതിയിലുള്ള ഭരണക്രമം നിലവില്‍ വന്നത്.
എന്നാല്‍, ഇവിടത്തെ സൈന്യം ദുര്‍ബലമാണ്. ആഭ്യന്തര യുദ്ധമടക്കമുള്ള പ്രതിസന്ധികളെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി സൈന്യത്തെ വാര്ത്തെടുക്കുന്നതിനെയും ബാധിച്ചിരുന്നു.
ഇതിനാലാണ് എളുപ്പത്തില്‍, അല്‍ ഷബാബ് ഭീകരര്‍ ഇവിടത്തെ പ്രദേശങ്ങള്‍ കീഴടക്കിയത്. എണ്ണത്തില്‍ കൂടുതലല്ലെങ്കിലും ഈ ഭീകരരെ തോല്‍പ്പിക്കുക സൈന്യത്തിന് എളുപ്പമല്ല. അതിനാലാണ് റുവാണ്ടന്‍ സൈന്യത്തെ സ്വന്തം മണ്ണിലേക്ക് മൊസാംബിക് വിളിച്ചു വരുത്തിയത്.
ഈയടുത്താണ് മൊസാംബിക്ക് വികസന പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിച്ചത്. പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമായ ഇവിടെ ഇപ്പോള്‍ വിദേശ നിക്ഷേപങ്ങള്‍ വന്നു തുടങ്ങിയിട്ടുണ്ട്.
അതിലേറ്റവും വലുതായിരുന്നു ഫ്രഞ്ച് കമ്പനിയായ ടോട്ടലിന്റെ ഇന്ധന ഖനന പദ്ധതി. ഭീകരാക്രമണങ്ങളെ തുടര്‍ന്ന് പ്രൊജക്ട് തന്നെ മതിയാക്കി ടോട്ടല്‍ പോയത് ഈയടുത്താണ്.
നൂറു കണക്കിന് ഭീകരരെ കൊന്നൊടുക്കിയെങ്കിലും അവരില്‍ പലരും കാടുകളിലേക്ക് രക്ഷപ്പെട്ടതിനാല്‍, ഒരു തിരിച്ചുവരവിന്റെ സാദ്ധ്യത അതേപടി നിലനില്‍ക്കുന്നുണ്ട്. തിരിച്ചുവന്ന് പ്രദേശങ്ങള്‍ പിടിച്ചടക്കുമെന്ന് ഭീകരര്‍ ഭീഷണി മുഴക്കിയിട്ടുമുണ്ട്.
റുവാണ്ടന്‍ സൈന്യം മടങ്ങിപ്പോയി കഴിഞ്ഞാല്‍, ഈ പ്രേേദശങ്ങള്‍ സുരക്ഷിതമായി നിലനിര്‍ത്താന്‍ മൊസാംബിക് സൈന്യത്തിന് കഴിയില്ല എന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍, ഈ മനുഷ്യരെ വീണ്ടും ഭീകരരുടെ കൈകളിലേക്ക് എത്തിക്കുന്നതിന് തുല്യമാവും ഇത്.