ബെംഗളൂരു: പൂന്തോട്ട നഗരം, പെൻഷൻകാരുടെ സ്വർഗ്ഗം തുടങ്ങിയ പേരുകളിൽ അറിയപ്പെട്ടിരുന്ന ബെംഗളൂരുവിന്റെ മുഖച്ഛായ മാറാൻ തുടങ്ങിയിട്ട് വളരെക്കാലമായിട്ടില്ല. ധാരാളം മരങ്ങളാൽ സമ്പൽസമൃദ്ധമായിരുന്നു ഒരുകാലത്ത് ബെം​ഗളൂർ ന​ഗരം. വ്യവസായ ആവശ്യങ്ങൾക്കും റോഡ്, മെട്രോ റെയിൽ നിർമ്മാണാവശ്യങ്ങൾക്കുമായി ആയിരകണക്കിന് മരങ്ങളാണ് ഇതിനോടകം വെട്ടിമാറ്റിയത്. ഇതിന് പിന്നാലെ അഞ്ച് സിവിൽ പ്രോജക്ടുകൾ നടപ്പിലാക്കുന്നതിന്റെ ഭാ​ഗമായി നഗരത്തിലെ 3559 മരങ്ങൾ വെട്ടിമാറ്റൊനൊരുങ്ങുകയാണെന്നാണ് അധികൃതരെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ന​ഗരത്തിലെ വിവിധയിടങ്ങളിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള അനുമതിക്കായി വിവിധ ഏജൻസികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരു കോർപ്പറേഷനോട് ഒരു കമ്മിറ്റി രൂപീകരിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രസ്തുത കമ്മിറ്റി, ഏജൻസികൾ സമർപ്പിച്ച അപേക്ഷയിൽ അന്വേഷണം നടത്തുകയും ചെയ്തിരുന്നു.

മാഗഡി റോഡിനും നൈസ് റോഡിനുമിടക്കുള്ള പാത രണ്ടു ലൈൻ ആക്കി നവീകരിക്കുന്നതിന്റെ ഭാഗമായി കർണാടക സ്റ്റേറ്റ് ഹൈവേ ഇംപ്രൂവ്മെന്റ് പ്രോജക്ട് 1822 മരങ്ങൾ മുറിച്ചുമാറ്റാനാണ് അനുമതി തേടിയത്. ആനേക്കൽ, യലഹങ്ക, കെ ആർ പുരം എന്നിവിടങ്ങളിലെ റോഡുകൾ വീതി കൂട്ടുന്നതിനായി 1116 മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള അനുമതിയാണ് കർണാടക റോഡ് ഡവലപ്മെന്റ് കോർപ്പറേഷൻ തേടിയത്.

മെട്രോ റെയിൽ നിർമ്മാണത്തിന്റെ അടുത്ത ഘട്ടത്തിലേക്കായി ബെംഗളൂരു മെട്രോ കോർപ്പറേഷൻ 244 മരങ്ങൾ മുറിക്കാനും അനുമതി തേടിയിട്ടുണ്ട്. നഗരത്തിൽ വ്യാപകമായി മരം മുറിച്ചുമാറ്റുന്നതിനെതിരെ പരിസ്ഥിതി പ്രവർത്തകർ നേരത്തെ ഒന്നിലേറെ തവണ കോടതിയെ സമീപിച്ചിരുന്നു.