സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന് കീഴില്‍ എന്ന് അവകാശപ്പെടുന്ന വെബ്‌സൈറ്റിലാണ് തൊഴില്‍ പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

സാമൂഹ്യമാധ്യമങ്ങള്‍ വഴി തൊഴില്‍ വാഗ‌്ദാനം ലഭിക്കുന്നത് ഇപ്പോള്‍ പുതുമയല്ല. ഏറെ തൊഴില്‍ സന്ദേശങ്ങളാണ് വാട്‌സ്ആപ്പും ഫേസ്‌ബുക്കും ട്വിറ്ററും അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇത്തരത്തിലൊരു സന്ദേശമാണ് വെറും 435 രൂപ അടച്ചാല്‍ കേന്ദ്ര സര്‍ക്കാരില്‍ ജോലി ലഭിക്കും എന്നുള്ളത്. ഒരു വെബ്‌സൈറ്റാണ് പ്രധാനമായും ഇത്തരമൊരു തൊഴില്‍ ഓഫര്‍ ഉദ്യോഗാര്‍ഥികള്‍ക്ക് മുന്നില്‍ വയ്ക്കുന്നത്. എന്താണ് ഇതിന്‍റെ വസ്‌തുത? വലിയൊരു തൊഴില്‍ തട്ടിപ്പാണ് ഈ വെബ്‌സൈറ്റ് വഴി നടക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം. 

പ്രചാരണം

സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന് കീഴില്‍ എന്ന് അവകാശപ്പെടുന്ന വെബ്‌സൈറ്റിലാണ് തൊഴില്‍ പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തൊഴിലന്വേഷകര്‍ക്ക് അപേക്ഷിക്കാനുള്ള ഓപ്ഷന്‍ guvn.co.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്നതായി കാണാം. 'അഭിമുഖത്തിലൂടെയും അഭിരുചി ടെസ്റ്റിലൂടെയുമാണ് ഒഴിവുള്ള പോസ്റ്റുകളിലേക്ക് ആളുകളെ എടുക്കുന്നത്. ജനറല്‍/ഒബിസി വിഭാഗങ്ങള്‍ 435 രൂപയാണ് അടയ്ക്കേണ്ട തുക. അതേസമയം എസ്‌സി/എസ്‌ടിക്കാര്‍ 275 രൂപ മാത്രം അടച്ചാല്‍ മതിയാകും. ഈ രജിസ്ട്രേഷന്‍ ഫീസ് തിരികെ ലഭിക്കുന്നതല്ല' എന്നും വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളില്‍ കാണാം.

വസ്‌തുത

എന്നാല്‍ guvn.co.in എന്ന വെബ്‌സൈറ്റ് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഏതെങ്കിലുമൊരു വകുപ്പിന്‍റെത് അല്ല. ഇക്കാര്യം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. https://socialjustice.gov.in/ എന്നതാണ് സാമൂഹ്യ നീതി മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് വിലാസം. അതിനാല്‍ തന്നെ വ്യക്തിവിവരങ്ങളും പണവും വ്യാജ വെബ്‌സൈറ്റിന് നല്‍കി ആരും വഞ്ചിതരാവരുത്. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വെബ്‌സൈറ്റുകള്‍ എന്ന വ്യാജേന മുമ്പും തൊഴില്‍ തട്ടിപ്പ് നടന്നിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലെ ഔദ്യോഗിക വെബ്‌സൈറ്റുകളിലും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നുമുള്ള വിവരങ്ങള്‍ മാത്രം തേടാന്‍ ആളുകള്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്. 

Scroll to load tweet…

Read more: ദാവൂദ് ഇബ്രാഹിം മരിച്ചതായി പാകിസ്ഥാന്‍ താല്‍ക്കാലിക പ്രധാനമന്ത്രിയുടെ ട്വീറ്റ്? സത്യമെന്ത്- Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം