ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ദില്ലിയിൽ ആകെ വോട്ടർമാരിൽ 62.59 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മിഷൻ. ലോക്സഭാ തെരെഞ്ഞെടുപ്പിൽ 60.5% ആയിരുന്നു പോളിംഗ്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അഞ്ച് ശതമാനം വോട്ട് കുറഞ്ഞപ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാൾ രണ്ട് ശതമാനം വോട്ട് അധികമായി രേഖപ്പെടുത്തിയിട്ടുണ്ട്.

സ്ത്രീകളിൽ 62.55 ശതമാനം പേരും പുരുഷന്മാരിൽ 62.62 ശതമാനം പേരും വോട്ട് ചെയ്തു. ഏറ്റവും കൂടുതൽ പോളിംഗ് നടന്നത് ബല്ലിമാരൻ മണ്ഡലത്തിലാണ്. 71.6 ശതമാനം പേർ ഇവിടെ വോട്ട് രേഖപ്പെടുത്താനെത്തി. ഷഹീൻ ബാഗ് ഉൾപ്പെടുന്ന ഒഖ്ല മണ്ഡലത്തിൽ 58.84 ശതമാനം പേരാണ് വോട്ട് ചെയ്തത്. ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് ദില്ലിയിലെ കന്റോൺമെന്റ് മണ്ഡലത്തിലാണ്. ഇവിടെ 45.4 ശതമാനമാണ് പോളിംഗ്.

സീലംപൂരിൽ 71.22 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു. അതേസമയം വോട്ടിംഗ് മെഷീനുകളിൽ കൃത്രിമത്വം നടന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് കമ്മിഷൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്ന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ല. പോളിംഗ് കണക്കിൽ കൃത്യത ഉറപ്പ് വരുത്തുക എന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തം ആണെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു.