ദില്ലി: അ​ഗ്നിശമന ഉപകരണങ്ങളിൽ പെയിന്റടിച്ച് ഓക്സിജൻ സിലിണ്ടറുകളെന്ന വ്യാജേന വിൽപന നടത്തിയതിന്റെ പേരിൽ ദില്ലിയിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു. കൊവിഡ് 19 രോ​ഗബാധിതരുടെ ബന്ധുക്കൾക്കാണ് ഈ വ്യാജ സിലിണ്ടറുകൾ വിറ്റത്. രവി ശർമ്മ (40), മുഹമ്മദ് അബ്ദുൾ (38), ശംഭു ഷാ (30) എന്നിവരാണ് അറസ്റ്റിലായത്. ഇവർ മൂവരും ദില്ലി അലിപൂർ സ്വദേശികളാണ്.

റെയ്ഡിനിടെ 530ലധികം അഗ്നിശമനയന്ത്ര വാതക സിലിണ്ടറുകളും 25ലധികം ഓക്സിജൻ ഗ്യാസ് സിലിണ്ടർ നോസലുകളും പൊലീസ് പിടിച്ചെടുത്തു. സിലിണ്ടറുകളുടെ പെയിന്റ് നീക്കം ചെയ്യാൻ ഉപയോഗിച്ച ഇലക്ട്രിക് ഗ്രൈൻഡറുകൾ, സ്പ്രേ-പെയിന്റ് ക്യാനുകൾ, 49,500 രൂപ എന്നിവയും കണ്ടെടുത്തു. രാധ വല്ലാബ് സേവാ സംഘ് എന്ന എൻ‌ജി‌ഒയുടെ പരാതിയെ തുടർന്നാണ് വ്യാജ ഓക്സിജൻ സിലിണ്ടർ റാക്കറ്റിനെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

കോവിഡ് -19 രോഗികൾക്ക് സൗജന്യ ഓക്സിജൻ സിലിണ്ടറുകൾ നൽകുന്ന എൻ‌ ജി ‌ഒ നടത്തുന്ന മുകേഷ് ഖന്ന എന്നയാളാണ് പരാതിയുമായി ഫാർഷ് ബസാർ പൊലീസിനെ സമീപിച്ചത്. അലിപൂരിലെ അപ്നി കോളനിയിൽ സ്ഥിതിചെയ്യുന്ന വർഷ എഞ്ചിനീയറിംഗ് എന്ന ഓക്സിജൻ സിലിണ്ടർ വിതരണക്കാരൻ 4.5 ലിറ്റർ ഓക്സിജൻ സിലിണ്ടറുകൾ 5,500 രൂപയ്ക്ക് വിറ്റതായി അദ്ദേഹം പറഞ്ഞു.

എന്നാൽ, കൂടുതൽ സിലിണ്ടറുകൾ ആവശ്യപ്പെട്ടപ്പോൾ വിതരണക്കാരൻ വില വർദ്ധിപ്പിക്കുകയും 4.5 ലിറ്റർ സിലിണ്ടറിന് 13,000 രൂപ ആവശ്യപ്പെടുകയും ചെയ്തു. സർക്കാരിന് അധികനികുതി നൽകണമെന്ന് പറഞ്ഞാണ് വിതരണക്കാരൻ ഓക്സിജൻ സിലിണ്ടറുകളുടെ വിലവർദ്ധനവിനെ ന്യായീകരിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ഓക്സിജൻ സിലിണ്ടറുകൾക്ക് സർക്കാർ അധിക നികുതി ചുമത്തിയിട്ടില്ലെന്ന് മുകേഷ് ഖന്ന കണ്ടെത്തി. ഓക്സിജൻ സിലിണ്ടറുകൾ കരിഞ്ചന്തയിൽ വിൽക്കുന്നതിനെക്കുറിച്ച് അദ്ദേഹം വിതരണക്കാരന് എതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona