ഏഷ്യാനെറ്റ് ന്യൂസ് ഡയലോഗ്സ് എന്ന പ്രത്യേക പതിപ്പിൽ ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വർക്ക് എക്‌സിക്യൂട്ടീവ് ചെയർമാൻ രാജേഷ് കൽറയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയോധ്യ രാമക്ഷേത്രത്തിൽ പ്രതിഷ്ടിച്ച രാംലല്ല വിഗ്രഹത്തിന്റെ നിര്‍മാണത്തിന്റെ തുടക്കവും, ഒടുവിൽ അത് പൂര്‍ത്തിയാക്കിയതും അടക്കമുള്ള അനുഭവം പങ്കുവച്ച് ശിൽപി അരുൺ യോഗിരാജ്. വിഗ്രഹത്തിന്റെ പണി എങ്ങനെ തുടങ്ങണമെന്ന് തീരുമാനിക്കാൻ മാത്രം മൂന്ന് മാസമെടുത്തെന്നാണ് അരുൺ പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ഡയലോഗ്സ് എന്ന പ്രത്യേക പതിപ്പിൽ ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വർക്ക് എക്‌സിക്യൂട്ടീവ് ചെയർമാൻ രാജേഷ് കൽറയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാംലല്ലയുടെ ദൈവിക രൂപം കാണാൻ രാജ്യം മുഴുവനുള്ള വിശ്വാസികൾ കാത്തിരിക്കുമ്പോൾ ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു ഈ യാത്ര. പൂര്‍വികര്‍ കാട്ടിത്തന്ന രൂപമോ ചിത്രങ്ങളോ മുന്നിൽ ഇല്ലാത്തത് വലിയ വെല്ലുവിളി ഉയര്‍ത്തി. മാര്‍ഗനിര്‍ദേശങ്ങൾ ശ്രീരാമനെ അഞ്ച് വയസുള്ള കുട്ടിയായി ചിത്രീകരിക്കാനായിരുന്നു. ഇത് തന്റെ മേലുള്ള ഉത്തരവാദിത്തം സങ്കീര്‍ണമാക്കി. കാൽവിരലുകൾ മുതൽ നെറ്റി വരെ പരിമിതമായ 51 ഇഞ്ചിനുള്ളിൽ മുഴുവൻ ശിൽപവും തീര്‍ക്കണമെന്നതായിരുന്നു മറ്റൊരു പരിമിതിയെന്നും യോഗി പറഞ്ഞു.
വളരെ വിപുലമായ ഗവേഷണവും സൂക്ഷ്മമായ ആസൂത്രണവും നടത്തി. ഞങ്ങൾ ഒരു സംഘം രാമനുമായി ബന്ധപ്പെട്ട പുരാതന പരാമർശങ്ങൾ പരിശോധിച്ചു. അവയുടെയെല്ലാം കൃത്യതയും ആധികാരികതയും ഉറപ്പാക്കി. രാജ്യത്തെ വിശ്വാസി പ്രതീക്ഷകളുടെ ഭാരം ചുമലിലേറ്റിയായിരുന്നു മുന്നോട്ടു പോയത്. മൂന്നിനും ഒമ്പതിനും ഇടയിൽ പ്രായമുള്ള കുട്ടികളെ കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങൾ ഉൾക്കാഴ്ചകളിൽ വരച്ചു. അങ്ങനെയായിരുന്നു അഞ്ച് വയസുള്ള ഒരു കുട്ടിയുടെ സ്വഭാവ സവിശേഷതകളെ മനസിലാക്കുന്നതിലേക്കുള്ള യാത്ര. വിഗ്രഹത്തിന്റെ പിൻഭാഗത്ത് ബലം നൽകുന്നതിനും അത് കൂടുതൽ കാലം നിലനിൽക്കാനും ഒരു കമാനം നിർമ്മിച്ച് ഒടുവിൽ നിര്‍മാണം ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
വാസ്തുവിദ്യാ ഘടകങ്ങളിൽ പ്രാവീണ്യം ഉണ്ടായിരുന്നിട്ടും, രാംലല്ല അത്ര എളുപ്പമായിരുന്നില്ല യോഗിരാജിന്. ഏഴു മാസത്തെ കഠിനാധ്വാനത്തിലുടനീളം, പ്രതീക്ഷകളുടെ ഭാരത്തെക്കുറിച്ച് താൻ ബോധവാനായിരുന്നു. ഓരോ ദിവസവും ദൃഢ നിശ്ചയത്തോടെ ഞാൻ ഈ നിര്‍മിതിയെ സമീപിച്ചു. ഇതിനെല്ലാം പുറമെ താൻ പൂര്‍ണ ഹൃദയത്തോടെ രാംലല്ലയ്ക്കായി സ്വയം സമര്‍പ്പിച്ചു. തിന്റെ ആശങ്കകളും സമ്മര്‍ദ്ദങ്ങളും അവനിൽ അര്‍പ്പിച്ചു. രാംലല്ലയുടെ ആദ്യ ദൈവിക ദര്‍ശനം നേടാൻ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. തന്റെ മുന്നിലുള്ള കല്ല് എന്നിലൂടെ രാംരല്ലയാക്കി തീര്‍ക്കാൻ പ്രാര്‍ത്ഥിച്ചു. ഒടുവിൽ രാംലാലയുടെ സാന്നിധ്യത്തിന് സാക്ഷ്യം വഹിക്കാൻ ഭാഗ്യം ലഭിച്ച ആദ്യത്തെ ഭക്തനായി ഞാൻ എന്നെ കണ്ടു.
ശിൽപ നിര്‍മാണത്തിൽ തന്റെ പിതാവ് പകര്‍ന്നുതന്ന ജ്ഞാനം, കല്ലുകൾക്കൊപ്പം ചെലവഴിച്ച സമയം അങ്ങനെ ഏറെയുണ്ട് ഇതിന് പിന്നിലെന്നും യോഗിരാജ് പറഞ്ഞു. പിതാവിന്റെ മാർഗനിർദേശപ്രകാരം 11-ാം വയസിൽ ആരംഭിച്ചതാണ് ശിൽപകലയുമായുള്ള ബന്ധം. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി തുടർച്ചയായി കല്ലുകളുമായി ഇടപഴകുകയും കരകൗശലത്തെ പരിപോഷിപ്പിക്കുകയും ആത്മീയ ബന്ധം ദൃഢമാക്കുകയും ചെയ്തു വരുന്നുണ്ട്. ഇതിനൊപ്പം ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസം, പിതാവിന്റെ മാര്‍ഗനിര്‍ദേശം, അർപ്പണബോധം, ശിൽപകലയോടുള്ള അഗാധമായ സ്നേഹവുമാണ് രാംലാലയുടെ വിഗ്രഹം സൃഷ്ടിക്കാനുള്ള സങ്കീർണ്ണ പ്രക്രിയയിലുടനീളം തന്നെ നയിച്ചതെന്ന് വിശ്വസിക്കുന്നതായും അരുൺ യോഗിരാജ് പറയുന്നു.

