ദില്ലി: പുതിയ പാർലമെന്റ് മന്ദിരം സ്വയം പര്യാപ്ത ഇന്ത്യയുടെ പ്രതീകമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യയ്ക്കായി ഇന്ത്യക്കാർ തന്നെ പാർലമെൻറ് മന്ദിരം പണിയുന്നു. ഇന്ന് ചരിത്രപരമായ ദിനമാണെന്നും മോദി അഭിപ്രായപ്പെട്ടു. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനകർമ്മം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യത്തിൻറെ 75ാം വർഷത്തിൽ ഇന്ത്യയ്ക്ക് പുതിയ മന്ദിരം സമർപ്പിക്കും. എംപിയായ ശേഷം പാർലമെൻറിൽ തലതൊട്ട് വന്ദിച്ചാണ് താൻ പ്രവേശിച്ചത്. ഭരണഘടന നിർമ്മാണം ഉൾപ്പടെ എല്ലാ ചരിത്രനിമിഷങ്ങളും നിലവിലെ മന്ദിരം കണ്ടു. എന്നാൽ യാഥാർത്ഥ്യം മനസ്സിലാക്കണം. നിലവിലെ മന്ദിരം വിശ്രമം ആവശ്യപ്പെടുന്നുണ്ട്.

പുതിയ മന്ദിരം എംപിമാരുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും. ഓരോ എംപിമാർക്കും അവരുടേതായ ഇടം കിട്ടും. ഇന്ത്യയിൽ ജനാധിപത്യം പരാജയപ്പെടുമെന്ന് കരുതിയവർക്ക് തെറ്റി. ഇന്ത്യയിലെ ജനാധിപത്യ പ്രക്രിയയിൽ ജനപങ്കാളിത്തം കൂടുന്നുണ്ട്. സംവാദം തുടരേണ്ടത് ജനാധിപത്യത്തിൽ ആവശ്യമാണ്. ഗുരു നാനക്കും ഇക്കാര്യമാണ് പറഞ്ഞിട്ടുള്ളത്. അഭിപ്രായവ്യത്യാസങ്ങൾ ജനാധിപത്യ യാത്രയെ ബാധിക്കരുത്. പുതിയ മന്ദിരത്തിലെ പ്രതിഷ്ഠ ജനപ്രതിനിധികളുടെ സമർപ്പണം ആയിരിക്കും. സ്വയം പര്യാപ്ത ഇന്ത്യയ്ക്കായുള്ള യാത്ര തടയാൻ ആർക്കുമാവില്ലെന്നും മോദി അഭിപ്രായപ്പെട്ടു.