Asianet News MalayalamAsianet News Malayalam

കാർബൺ ബഹിർഗമന തോത് ഗണ്യമായി കുറക്കണമെന്ന് ആഗോള യുഎൻ വേദിയിൽ നിർദേശവുമായി ഇന്ത്യ

കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിൽ ഇന്ത്യയുടെ സജീവ നിലാപാട് വ്യക്തമാക്കുന്ന പ്രസ്താവന സിഎംഎഫ്ആർഐയിലെ ഫിഷറി റിസോഴ്സസ് അസസ്മെന്റ് ഇക്കണോമിക്സ് ആന്റ് എക്സ്റ്റൻഷൻ വിഭാഗം മേധാവി ഡോ ജെ ജയശങ്കർ വായിച്ചു.

India proposed to reduce carbon emissions significantly at the global UN platform btb
Author
First Published Jan 21, 2024, 9:26 PM IST

കൊച്ചി: മത്സ്യമേഖലയിൽ കാലാവസ്ഥാവ്യതിയാനത്തിന്റെ ഭീഷണി ചെറുക്കാൻ കാർബൺ ബഹിർഗമന തോത് ഗണ്യമായി കുറക്കണമെന്ന് ഇന്ത്യയുടെ നിർദേശം. ഐക്യരാഷട്രസഭയുടെ കീഴിലുള്ള ലോക ഭക്ഷ്യ-കാർഷിക സംഘടനയുടെ (എഫ്എഒ) ഫിഷറീസ് മാനേജ്മെന്റ് സബ്കമ്മിറ്റിയുടെ പ്രഥമ യോഗത്തിലാണ് നിർദേശം. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ് (സിഎംഎഫ്ആർഐ) കാലാവസ്ഥാപ്രതിരോധ മത്സ്യമേഖലയെ കുറിച്ചുള്ള ഇന്ത്യയുടെ പ്രസ്താവന ആഗോളവേദിയിൽ  അവതരിപ്പിച്ചത്. കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിൽ ഇന്ത്യയുടെ സജീവ നിലാപാട് വ്യക്തമാക്കുന്ന പ്രസ്താവന സിഎംഎഫ്ആർഐയിലെ ഫിഷറി റിസോഴ്സസ് അസസ്മെന്റ് ഇക്കണോമിക്സ് ആന്റ് എക്സ്റ്റൻഷൻ വിഭാഗം മേധാവി ഡോ ജെ ജയശങ്കർ വായിച്ചു.

ഇന്ത്യൻ സമുദ്രമത്സ്യമേഖലയിൽ ഒരു കിലോ മീൻ പിടിക്കുമ്പോൾ പുറംതള്ളുന്ന കാർബൺ വാതകങ്ങൾ ആഗോള ശരാശരിയേക്കാൾ 17.7 ശതമാനം കുറവാണ്.  കാർബൺ വാതകങ്ങൾ പിടിച്ചുനിർത്തുന്നതിനുള്ള കടൽപായലിന്റെ ശേഷി പരമാവധി പ്രയോജനപ്പെടുത്തുന്നത് കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതം കുറക്കുന്നതിൽ നിർണായകമാണ്. കടൽപായൽ കൃഷിയും കണ്ടൽ ആവാസവ്യവസ്ഥയും ശക്തിപ്പെടുത്തുന്നവിധത്തിൽ പ്രകൃതിദത്ത ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുന്നത് ഇക്കാര്യത്തിൽ ഏറെ ഗുണകരമാകുമെന്നും ഇന്ത്യ വ്യക്തമാക്കി.

എഫ്എഒയുടെ ഫിഷറീസ് സമിതിയിലെ (കമ്മിറ്റി ഓൺ ഫിഷറീസ്) അംഗങ്ങൾ, ഐക്യരാഷ്ട്രസഭയുടെ മൂന്ന് പ്രത്യേക ഏജൻസികളുടെ പ്രതിനിധികൾ, മറ്റ് എഫ്എഒ അംഗരാജ്യങ്ങളിൽ നിന്നുള്ള നിരീക്ഷകർ തുടങ്ങിയവർ പങ്കെടുത്ത ഉന്നതതല യോഗത്തിൽ കേന്ദ്ര ഫിഷറീസ് വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി ഡോ ജെ ബാലാജിയാണ് ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ചത്. സിഎംഎഫ്ആർഐക്ക് പുറമെ, കേന്ദ്ര ഫിഷറീസ് വകുപ്പിലെയും ഫിഷറി സർവേ ഓഫ് ഇന്ത്യയിലെയും ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിച്ചു.

മത്സ്യബന്ധന-മത്സ്യകൃഷി മേഖലകളിൽ ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കൽ, ഉചിതമായ ഫിഷറീസ് മാനേജ്മെന്റ്, പ്രതിരോധ ശാക്തീകരണം, കടലിലെ സുരക്ഷ തുടങ്ങി നിരവധി മേഖലകളിൽ നൈപുണ്യപരിശീലനം നൽകാൻ ഇന്ത്യ എഫ്എഒയോട് അഭ്യർത്ഥിച്ചു.

സമുദ്രമത്സ്യമേഖലയിലെ ജൈവസമ്പത്തിനെകുറിച്ചുള്ള ഇന്ത്യയുടെ നിലപാടും വേദിയിൽ സിഎംഎഫ്ആർഐ അവതരിപ്പിച്ചു. സിഎംഎഫ്ആർഐയിലെ ഫിൻഫിഷ് ഫിഷറീസ് വിഭാഗം മേധാവി ഡോ ശോഭ ജോ കിഴക്കൂടനാണ് ഇതുമായി ബന്ധപ്പെട്ട ഇന്ത്യയുടെ പ്രസ്ഥാവന വായിച്ചത്. മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കാത്ത രീതിയിൽ കടലിൽ സംരക്ഷിത മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതും അനുയോജ്യമായ സ്ഥലങ്ങളിൽ കൃത്രിമപാരുകൾ (ആർട്ടിഫിഷ്യൽ റീഫ്) സ്ഥാപിക്കുന്നതും ഇന്ത്യയുടെ ജൈവവൈിധ്യ സംരക്ഷണശ്രമങ്ങൾക്ക് ശക്തിപകരുന്നതാണ്. അന്താരാഷ്ട്ര സംരക്ഷണ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള ഗുണഭോക്താക്കളെ ബോധ്യപ്പെടുത്തുന്നതിന് അധികാരികൾ വൻതോതിൽ ശ്രമങ്ങൾ നടത്തുന്നുണ്ട്.

ജൈവവൈവിധ്യസംരക്ഷണത്തെ കുറിച്ച്  ഇന്ത്യയിലെ മത്സ്യത്തൊഴിലാളികൾ തികഞ്ഞ ബോധവാൻമാരാണ്. ഇന്ത്യയിൽ ജൈവവൈവിധ്യ സംരക്ഷണം ഉറപ്പുവരുത്തുന്നതിൽ രാജ്യത്തെ വന്യജീവി സംരക്ഷണ നിയമം  സുപ്രധാനഘടകമായി പ്രവർത്തിക്കുന്നുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി.

'ഛോട്ടാ ഷക്കീലാണ് വിളിക്കുന്നത്, 22ന് രാമക്ഷേത്രത്തിൽ സ്ഫോടനം നടത്തും'; ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios