കോഴിക്കോട്: രോഗികളുടെ എണ്ണം കൂടിയതോടെ കോഴിക്കോട്ടെ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ പ്രതിസന്ധി. പ്രധാന ചികിത്സാ കേന്ദ്രമായ കോഴിക്കോട് മെഡിക്കൽ കോളേജിലും ബീച്ച് ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരില്ല. മറ്റ് ചികിത്സാ കേന്ദ്രങ്ങളിൽ നിന്നും ഗുരുതരാവസ്ഥയിലുള്ള രോഗികൾ കൂടി എത്തിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.

കാറ്റഗറി എ,ബി,സി വിഭാഗങ്ങളിലായി അഞ്ഞൂറോളം രോഗികളാണ് കൊവിഡ് സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്. എന്നാൽ ഇത്രയും പേരെ ചികിത്സിക്കാനാവശ്യമായ ആരോഗ്യ പ്രവർത്തകരോ മറ്റ് ജീവനക്കാരോ ആശുപത്രിയിൽ ഇല്ല. കാറ്റഗറി ബിയിൽ ഉൾപ്പെടുന്ന രോഗികളെ മാത്രം ചികിത്സിക്കുന്ന ബീച്ച് ആശുപത്രിയിലും സമാന സ്ഥിതി. സ്വകാര്യ ആശുപത്രികളുടേത് ഉൾപ്പടെയുള്ള ചികിത്സാ കേന്ദ്രങ്ങളിൽ നിന്ന് ഗുരുതരാവസ്ഥയിലുള്ള രോഗികൾ കൂടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്നതോടെ രോഗികൾക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കാൻ പാടുപെടുകയാണ് ഡോക്ടർമാർ. കാറ്റഗറി സി അഥവാ ഗുരുതരാവസ്ഥയിലുളള രോഗികൾക്ക് മെഡിക്കൽ കോളജ് ആശുപത്രികളിൽ ചികിത്സ ഉറപ്പാക്കാൻ കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലാത്ത രോഗികൾക്ക് മറ്റ് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗകര്യം ഒരുക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശം.

കൊവിഡ് രോഗികളെ ചികിത്സിക്കാൻ പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകർ പ്രാഥമിക തലങ്ങളിൽ കുറവാണെന്നതും വെല്ലുവിളിയാണ്. ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ച് എട്ട് മാസം കഴിഞ്ഞാണ് സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഉണ്ടാകുന്നത്. ഇക്കാലയളവിൽ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളെ മാത്രം കൊവിഡ് ചികിത്സക്കായി മാറ്റി നിർത്തിയതും പ്രാഥമിക, ജില്ലാ ആരോഗ്യ കേന്ദ്രങ്ങൾ കൊവിഡ് സജ്ജമാക്കാതിരുന്നതുമാണ് പ്രതിസന്ധിക്ക് കാരണമെന്നും ഡോക്ടർമാർ പറയുന്നു.