Asianet News MalayalamAsianet News Malayalam

കേരളാ കോൺഗ്രസിൽ സമവായ നിര്‍ദ്ദേശവുമായി ജോസഫ്; പാടെ തള്ളി ജോസ് കെ മാണി

സിഎഫ് തോമസ് ചെയർമാനും ജോസഫ് വർക്കിംഗ് ചെയർമാനും നിയമസഭാകക്ഷിനേതാവും ജോസ് കെ മാണി ഡെപ്യൂട്ടി ചെയർമാനുമാകാമെന്ന പിജെ ജോസഫ് പക്ഷത്തിന്‍റെ നിർദ്ദേശം പാടെ തള്ളുകയാണ് ജോസ് കെ മാണി. 

jose k mani oppose pj joseph big fight in kerala congress
Author
Trivandrum, First Published Jun 14, 2019, 1:37 PM IST

തിരുവനന്തപുരം: കേരള കോൺഗ്രസ്സിലെ തർക്ക പരിഹാരത്തിന് പിജെ ജോസഫ് മുന്നോട്ട് വച്ച സമവായ ഫോർമുല തള്ളി ജോസ് കെ മാണി പക്ഷം. സിഎഫ് തോമസിനെ ചെയർമാനും ജോസഫിനെ വർക്കിംഗ് ചെയർമാനും നിയമസഭാകക്ഷിനേതാവും  ജോസ് കെ മാണിയെ ഡെപ്യൂട്ടി ചെയർമാനുമാക്കാനുമായിരുന്നു പിജെ ജോസഫിന്‍റെ നിർദ്ദേശം. എന്നാൽ ഇത് ഒരു ഘട്ടത്തിലും അംഗീകരിക്കാനാകില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ജോസ് കെ മാണി. സമവായ ചർച്ചകൾ പാർട്ടിക്കുള്ളിലാണ് നടത്തേണ്ടെതെന്നും സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന ആവശ്യത്തിൽ പിന്നോട്ടില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.

സിഎഫ് തോമസിനെ മുൻനിർത്തി പാർട്ടി കൈപ്പിടിയിൽ ഒതുക്കാനായിരുന്നു പിജെ ജോസഫിന്‍റെ നീക്കം. സിഎഫ് ചെയർമാനാകാട്ടെ എന്ന ഫോർമുല മുന്നോട്ട് വച്ചപ്പോൾ ജോസ് കെ മാണി പക്ഷത്തെ ഒരുവിഭാഗത്തെ കൂടി ഒപ്പം നിർത്താനും പിജെ ജോസഫിന് കഴിഞ്ഞു. അതേ സമയം ഡെപ്യൂട്ടി ചെയർമാൻ പദവിയോട് ജോസ് കെ മാണിക്ക് യോജിപ്പില്ല. മാത്രമല്ല പാർട്ടി യോഗങ്ങൾ വിളിക്കാൻ രേഖാമൂലം ആവശ്യപ്പെട്ടിട്ടും മാധ്യമങ്ങളിലൂടെ സമവായ ഫോർമുല മുന്നോട്ട് വച്ചതിൽ ജോസ് കെമാണി വിഭാഗത്തിന് കടുത്ത പ്രതിഷേധമുണ്ട്.

തിരുവനന്തപുരത്ത് ഉടൻ തന്നെ അനൗപചാരിക യോഗം വിളിച്ചുള്ള സമവായത്തിനാണ് ജോസഫ് പക്ഷത്തിന്‍റെ ശ്രമം. പക്ഷെ സംസ്ഥാന കമ്മിറ്റിയിലെ ഭൂരിപക്ഷത്തിന്‍റെ  ആത്മവിശ്വാസത്തിലാണ് ജോസ് കെ മാണിയുടെ നീക്കങ്ങൾ. ജോസഫ് പക്ഷം യോഗം വിളിച്ചാൽ ബദൽ യോഗത്തിനുള്ള നീക്കങ്ങളും ജോസ് കെ മാണി പക്ഷം സജീവമാക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios