മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് സര്‍ക്കാര്‍ ഉത്തരവ് മൂലം നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ പല ഡോക്ടര്‍മാരും സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായും ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും കൈക്കൂലി വാങ്ങുന്നെന്ന പരാതിയും വിജിലന്‍സിന് ധാരാളമായി ലഭിക്കുന്നുണ്ട്.

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് നിരീക്ഷിക്കാൻ മെഡിക്കൽ വിജിലൻസ് സെൽ വരുന്നു. ഡോക്ട‍ർമാർ കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയും വിജിലൻസ് സെൽ പരിശോധിക്കും. ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സെൽ രൂപീകരിക്കണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ ശുപാർശ. എന്നാൽ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ വേണമെന്നാണ് വിജിലൻസിന്‍റെ ആവശ്യം.

സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ ഡോക്റുടെമാരുടെ സ്വകാര്യ പ്രാക്ടീസ് സർക്കാർ നിരോധിച്ചതാണ്. എന്നിട്ടും പല ഡോക്ടർമാരും സ്വകാര്യ പ്രാക്ടീസ് നടത്തുന്നുണ്ടെന്ന പരാതി സർക്കാരിന് മുന്നിലുണ്ട്. ശസ്ത്രക്രിയക്കും പരിശോധിക്കുമായി ഡോക്ടമാർ രോഗികളിൽ നിന്നും കൈക്കൂലി വാങ്ങുന്നവെന്ന പരാതികള്‍ ആരോഗ്യവകുപ്പിനും വിജിലൻസിലും ലഭിക്കുന്നുണ്ട്. ഈ സഹാചര്യത്തിലാണ് ആരോഗ്യവകുപ്പിന് കീഴിൽ ഒരു മെഡിക്കൽ വിജിലൻസ് സെൽ രീപീകരിക്കാൻ തീരുമാനിച്ചത്. 
ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന് കീഴിൽ ആഭ്യന്തര വിജിലൻസ് സംവിധാനമുണ്ട്. ഒരു മുതിർന്ന ഡോക്ടറുടെ നേതൃത്വത്തിലാണ് ആഭ്യന്തര വിജിലന്‍സ് സംവിധാനം പ്രവർത്തിക്കുന്നത്. എന്നാൽ ഫലപ്രദമാകുന്നില്ലെന്ന ആക്ഷേപമുണ്ട്. ആരോഗ്യവകുപ്പിന് കീഴിൽ ഡിവൈഎസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിൽ പൊലീസ് വിജിലൻസ് വേണമെന്ന ആരോഗ്യ വകുപ്പിൻറെ ശുപാ‍ർശ ആഭ്യന്തരവകുപ്പ് തത്വത്തിൽ അംഗീകരിച്ചു. 

എന്നാൽ ആരോഗ്യവകുപ്പ്- മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടമാർ മുതൽ താഴെ തട്ടിലെ ജീവനക്കാരെ വരെ നിരീക്ഷിക്കുന്ന സംവിധാനമായതിനാൽ തസ്തിക എസ്പി റാങ്കിലേക്ക് ഉയർത്തമമെന്നാണ് വിജിലൻസ് ഡയറക്ടറേറ്റിന്‍റെ ആവശ്യം. ഇക്കാര്യത്തിൽ ചർച്ചകള്‍ തുടരുകയാണെന്ന് ആഭ്യന്തരവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. പുതിയ തസ്തിത സൃഷ്ടിക്കുന്നത് സംബന്ധിച്ചും സെല്ലിന്‍റെ ഘടനയെ കുറിച്ചും അന്തിമ തീരുമാനമുണ്ടായാൽ ഉത്തരവ് ഉടൻ പുറത്തിറങ്ങും.