Asianet News MalayalamAsianet News Malayalam

പള്ളിമുറിയില്‍ പോസ്റ്റുമോര്‍ട്ടം; കവളപ്പാറയില്‍ കണ്ടെത്തുന്ന മൃതദേഹങ്ങള്‍ക്കായി നന്‍മയുടെ വാതില്‍ തുറന്ന് മഹല്ല് കമ്മിറ്റി

പവിത്രമായി കാണുന്ന ഒരിടത്ത് വച്ച് പോസ്റ്റ്മോര്‍ട്ടം ചെയ്യേണ്ടി വരുന്നതില്‍ അതിയായ വിഷമമുണ്ട്. പക്ഷേ പള്ളിയിലുള്ളവര്‍ മദ്രസയില്‍ നിന്നുള്ള ബെഞ്ചും ഡെസ്കുകളും മയ്യത്ത് കഴുകാന്‍ ഉപയോഗിക്കുന്ന ടേബിളുമെല്ലാം നല്‍കി വലിയ സഹകരണമാണ് നല്‍കിയതെന്ന് ഡോക്ടര്‍ സഞ്ജയ്

mosque authorities allowed to set postmortem table inside mosque
Author
Pothukal, First Published Aug 14, 2019, 1:41 PM IST

പോത്തുകല്ല് (മലപ്പുറം): കവളപ്പാറ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ നമസ്കാര സ്ഥലം വിട്ട് നല്‍കി മഹല്ല് കമ്മറ്റി.  കവളപ്പാറയില്‍ നിന്ന് കണ്ടെത്തുന്ന മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കാന്‍ സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടായതിനെ തുടര്‍ന്നാണ് നമസ്‌കാരം നടക്കുന്ന ഹാളും അതിനോടു ചേര്‍ന്ന് കൈകാലുകള്‍ കഴുകാന്‍ ഉപയോഗിക്കുന്ന സ്ഥലവും ഇതിനായി വിട്ടുകൊടുക്കാന്‍ പോത്തുകല്ല് മഹല്ല് കമ്മിറ്റി മുന്നോട്ടുവന്നത്. 

അപകടങ്ങള്‍ നടന്ന ദിവസങ്ങള്‍ പിന്നിട്ടതോടെ അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മിക്ക മൃതദേഹങ്ങളും പോസ്റ്റ് മോര്‍ട്ടം ടേബിളിലെത്തിയതെന്ന് പള്ളിയില്‍ വെച്ച് പോസ്റ്റ് മോര്‍ട്ടം നടത്തിയ സംഘത്തിലുള്ള മഞ്ചേരി മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ സഞ്ജയ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 'കഴിഞ്ഞ ദിവസം പോസ്റ്റ്‌മോര്‍ട്ടത്തിനെത്തിയ മൃതദേഹം സ്ത്രീയുടേതാണെന്ന് തിരിച്ചറിഞ്ഞത് അടിവസ്ത്രങ്ങള്‍ കണ്ടതുകൊണ്ടാണ്, അത്രയും അഴുകിയ അവസ്ഥയിലാണ് മൃതദേഹങ്ങള്‍'-ഡോ സഞ്ജയ് പറഞ്ഞു.

പോസ്റ്റുമോര്‍ട്ടം നടത്താന്‍ ഇടം തേടി അലഞ്ഞ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പള്ളിവാതിലുകള്‍ തുറക്കാമെന്നറിയിച്ച് പോത്തുകല്ല് മുജാഹിദ് പള്ളി മഹല്ല് കമ്മിറ്റി മുന്നോട്ടുവരികയായിരുന്നു. പവിത്രമായി കാണുന്ന ഒരിടത്ത് വച്ച് പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടി വരുന്നതില്‍ അതിയായ വിഷമമുണ്ടായിരുന്നുവെങ്കിലും മറ്റ് നിര്‍വാഹം ഇല്ലായിരുന്നുന്നുവെന്ന് ഡോ. സഞ്ജയ് പറഞ്ഞു. മദ്രസയില്‍ നിന്നുള്ള ബെഞ്ചും ഡെസ്‌കുകളും മയ്യത്ത് കഴുകാന്‍ ഉപയോഗിക്കുന്ന ടേബിളുമെല്ലാം നല്‍കി വലിയ സഹകരണമാണ് മഹല്ലു കമ്മിറ്റി നല്‍കിയത്. 

"

മിക്ക മൃതദേഹങ്ങളും മണ്ണിലും ചേറിലും പൊതിഞ്ഞാണ് പോസ്റ്റ്‌മോര്‍ട്ടത്തിന് എത്തിയത്. പല മൃതദേഹങ്ങളുടേയും അവസ്ഥ അതിദയനീയമാണ്. തിരിച്ചറിയാന്‍ ഉറ്റബന്ധുക്കള്‍ ഇല്ലാത്ത അവസ്ഥയും ഇവിടെയുണ്ട്. അണിഞ്ഞ ആഭരണങ്ങളും വസ്ത്രങ്ങളുമെല്ലാം കണ്ടാണ് പലരുടേയും മൃതദേഹങ്ങള്‍ തിരിച്ചറിയുന്നത്. ഒട്ടും തിരിച്ചറിയാന്‍ സാധിക്കാത്ത കേസുകളില്‍ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുകയാണ് നിലവില്‍ ചെയ്യുന്നതെന്നും ഡോ സഞ്ജയ് പറഞ്ഞു.

അഞ്ച് പോസ്റ്റുമോര്‍ട്ടം ടേബിളുകളാണ് മദ്രസയുടെ ഡെസ്‌കുകള്‍ ചേര്‍ത്തുവച്ച് തയ്യാറാക്കിയത്. പോസ്റ്റുമോര്‍ട്ടം മുറിയില്‍ വച്ച് നടത്തുന്നത് പോലെയല്ലെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഏറ്റവും പര്യാപ്തമായ സ്ഥലം തന്നെയാണ് പള്ളിയില്‍ ലഭ്യമായതെന്ന് ഡോ സഞ്ജയ് പറഞ്ഞു. ഇതുവരെയും ഏഴ് മൃതദേഹങ്ങളാണ് ഇവിടെ പോസ്റ്റുമോര്‍ട്ടം ചെയ്തത്. ഇന്നും പോസ്റ്റുമോര്‍ട്ടം നടക്കുന്നുണ്ടെന്ന് ഡോ സഞ്ജയ് മറയുന്നു. തിരിച്ചറിയുന്നവ മാത്രമാണ് നിലവില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത്. തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലെ ഫ്രീസറിലേക്ക് മാറ്റുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.

Follow Us:
Download App:
  • android
  • ios