തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്താലത്തിൽ ഏഴാം ക്ലാസ്സ് വരെ കൊല്ലപ്പരീക്ഷ ഒഴിവാക്കിയ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ ശരാശരി മാർക്കിന്റെ അടിസ്ഥാനത്തിൽ ​ഗ്രേഡ് നൽകാൻ തീരുമാനം. ഓണം ക്രിസ്മസ് പരീക്ഷകൾക്ക് ലഭിച്ച മാർക്കിന്റെ ശരാശരിയാണ് ​ഗ്രേഡിനായി പരി​ഗണിക്കുന്നത്. ഇത്തവണ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ അവധിയും നേരത്തെ ആരംഭിച്ചു. എട്ടുവരെ ക്ലാസ്സുകളിൽ വിദ്യാർത്ഥികളെ തോൽപിക്കാൻ പാടില്ലെന്ന ചട്ടം ഇക്കൊല്ലവും പാലിക്കും.

ആരോ​ഗ്യപരമായ കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് വാർഷിക പരീക്ഷ എഴുതാൻ സാധിച്ചില്ലെങ്കിൽ ഓണം, ക്രിസ്മസ് പരീക്ഷകളുടെ മാർക്കുകൾ പരി​ഗണിക്കുകയാണ് പതിവ്. അതേ രീതി തന്നെയാണ് ഇക്കൊല്ലവും എല്ലാവർക്കുമായി പിന്തുടരാൻ ഉദ്ദേശിക്കുന്നത്. അതേസമയം എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പരീക്ഷ ഉണ്ടായിരിക്കും. എന്നാൽ അവർക്ക് ക്ലാസുകൾ നടത്തില്ല. ക്ലാസ് ഇല്ലെങ്കിലും അധ്യാപകർ കോളേജുകളിൽ ഹാജരാകണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിട്ടുമ്ട്. സ്കൂൾ അധ്യാപകരും ഹാജരാകണമെന്ന ഉത്തരവ് ഉടൻ‌ പുറത്തിറക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.