തലശ്ശേരി: ''താമസമൊന്നുമില്ല, വീടും കുടിയൊന്നുമില്ലല്ലോ. അതുകൊണ്ട് സ്റ്റാൻഡിൽത്തന്നെയാ കിടക്കുന്നത്. ഈ ഒരു അസുഖമായതുകൊണ്ട്, ഒരു ഗ്ലാസ് വെള്ളം പോലും തരാൻ എല്ലാവർക്കും ബുദ്ധിമുട്ടാ'', തെരുവിലിറക്കപ്പെട്ട ആ വൃദ്ധൻ പറയുന്നു.

ഇദ്ദേഹത്തെപ്പോലെ, ചികില്‍സ മുടങ്ങിയ മൂന്ന് എച്ച്ഐവി ബാധിതര്‍ അവശരായി തെരുവിലാണിന്ന്. തലശ്ശേരിയിലാണ് തല ചായ്ക്കാൻ പോലും ഇടമില്ലാതെ രോഗബാധിതര്‍ തെരുവിലുറങ്ങുന്നത്. ചികിത്സ ഉറപ്പാക്കാൻ രൂപീകരിച്ച പ്രത്യാശാ ഭവന്‍റെ പ്രവർത്തനം നിലച്ചതും പുനരധിവാസം ഇല്ലാത്തതുമാണ് കാരണം. 

എച്ച്ഐവി ഉണ്ടെന്നറിഞ്ഞാൽ ഏറ്റെടുക്കാൻ സ്ഥാപനങ്ങൾ തയ്യാറാവില്ല. രേഖകൾ നഷ്ടപ്പെട്ടതിനാൽ തുടർ ചികിത്സയും ലഭിക്കില്ല.

ബസ് സ്റ്റാൻഡിൽ ചികിത്സാ രേഖകൾ തലയ്ക്കൽ വച്ച് കിടന്നുറങ്ങിയതാണ് ഈ വൃദ്ധൻ. ''ഈ തെരുവിലുറങ്ങുന്ന എന്‍റെ കയ്യിൽ എന്ത് കനകക്കട്ടിയുണ്ടാകാനാ?'', ശബ്ദമിടറി അദ്ദേഹം ചോദിക്കുന്നു. അർദ്ധരാത്രി ആരോ സഞ്ചി കട്ടുകൊണ്ടുപോയി. ചികിത്സ കിട്ടിയതിന്‍റെ രേഖകളടക്കമാണ് പോയത്. ഇനി അത് എവിടെ നിന്ന് കിട്ടാൻ? മേൽവിലാസം പോലുമില്ലാതായ ഇദ്ദേഹം ചോദിക്കുന്നു.

രേഖകൾ നഷ്ടപ്പെട്ടവർക്ക് ഇത് ശരിയാക്കി നൽകാനും ചികിത്സയടക്കമുള്ളവയ്ക്ക് മേൽനോട്ടം വഹിക്കാനും രോഗബാധിതർ തന്നെ ഉൾപ്പെട്ട കൂട്ടായ്മയായ ഡി ഐ സി അഥവാ പ്രത്യാശ ഭവൻ എന്ന സംവിധാനം ഇപ്പോഴില്ല. ഫണ്ടുമില്ല.

രണ്ട് വർഷം മുൻപ് സർക്കാരിടപെട്ട് തുടർ ചികിത്സ ലഭ്യമാക്കിയയാളും ഇപ്പോൾ വീണ്ടും തെരുവിലെത്തിയിട്ടുണ്ട്.

''ഭക്ഷണമില്ല, മരുന്നില്ല. ‍ഉറങ്ങാനൊരിടവും ഭക്ഷണവും മരുന്നും കൊടുക്കാൻ പറ്റുന്ന ഒരു സ്ഥാപനം കിട്ടിക്കഴിഞ്ഞാൽ ഇവർ തൃപ്തരാണ്. കൂടുതലൊന്നും വേണ്ട ഇവർക്ക്. പോകാൻ സ്ഥലമില്ല ഇപ്പോൾ'', സന്നദ്ധപ്രവ‍ർത്തകനായ ബാബു പാറാൽ പറയുന്നു.

സർക്കാർ തലത്തിൽ ജില്ലയിൽ പുനരധിവാസ പദ്ധതിയില്ലെന്ന് അധികൃതർ വിശദീകരിക്കുന്നു. ഇതിനാൽ തന്നെ ഇവർ ആൾക്കൂട്ടത്തിൽ അലയുന്നതിന്റെ ബുദ്ധിമുട്ടുകളും വലുതാണ്.

ഇവരുടെ ദുരിതം കാണാൻ സർക്കാർ ഇടപെട്ടേ തീരൂ. ആരോഗ്യവകുപ്പിന്‍റെ ഭാഗത്ത് നിന്ന് അത്തരമൊരു ഇടപെടലുണ്ടാകുമോ?