ജി.എസ്.ടിയിൽ ഹോട്ടൽ ഭക്ഷണത്തിന് ചിലവേറുന്നു. എ.സി ഹോട്ടലുകളിലെ ഭക്ഷണത്തിന് ജി.എസ്.ടി നിരക്ക് 18 ശതമാനമായി ക്രമീകരിച്ചു. ഇതനുസരിച്ച് എ.സി റസ്റ്റോറന്റിലെ എ.സിയില്ലാത്ത ഹാളിൽ ഇരുന്ന് ഭക്ഷണം കഴിച്ചാലും 18 ശതമാനം നികുതി നൽകണം. ഭക്ഷണം പൊതിഞ്ഞ് വാങ്ങിയാലും ഈ നികുതി നൽകണം.

ജൂലൈ ഒന്നിന് ചരക്ക് സേവന നികുതി നടപ്പാക്കിയതിന് ശേഷം സാധാരണക്കാരെ ബാധിക്കുന്ന ഏറ്റവും ദോഷകരമായ പരിഷ്കാരമാണ് ഇപ്പോഴത്തേത്. ഇനി മുതൽ എ.സി റസ്റ്റോറന്‍റിലെ നോൺ എ.സി ഹാളിലിരുന്ന് ഭക്ഷണം കഴിച്ചാലും 18 ശതമാനം നികുതി നൽകണം. നേരത്തെ നോൺ എസി ഹോട്ടലുകൾക്ക് 12 ശതമാനമായിരുന്നു ജി.എസ്.ടി. അതായത് എ.സി റസ്റ്റോറന്‍റിലെ നോൺ എ.സി ഹാളിൽ കുടുംബമായി ഇരുന്ന് 500 രൂപയുടെ ഭക്ഷണം കഴിച്ചാൽ 90 രൂപ നികുതി നൽകണമെന്ന് സാരം. ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാതെ പാർസൽ വാങ്ങിയാലും 18 ശതമാനം നികുതി നൽകണം.

ഹോട്ടലിന്റെ ഒന്നാം നിലയിൽ ശീതീകരിച്ച റസ്‌റ്റോറന്റും ബാറും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിൽ ശീതീകരിക്കാത്ത താഴത്തെ നിലയില്‍നിന്ന് ഭക്ഷണം കഴിക്കുകയോ പൊതിഞ്ഞുവാങ്ങുകയോ ചെയ്താലും ജി.എസ്.ടിയായി 18 ശതമാനം തന്നെ ഈടാക്കും. കേന്ദ്ര നികുതി വകുപ്പാണ് ഹോട്ടലിലെ നികുതി ഏകീകരണം സംബന്ധിച്ച് വ്യക്തത വരുത്തിയത്. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ജി.എസ്.ടി 28 ശതമാനമാക്കി നിലനിർത്തിയിട്ടുണ്ട്. അതേസമയം ചെറിയ ഹോട്ടലുകളെ പുതിയ തീരുമാനം ബാധിക്കില്ല. 50 ലക്ഷത്തിൽ താഴെ വിറ്റുവരവുള്ള ഹോട്ടലുകൾക്ക് കോമ്പൗണ്ടിങ് നികുതി അനുസരിച്ച് രണ്ട് ശതമാനം നികുതി നൽകിയാൽ മതി.