ദില്ലി: തങ്ങളുടെ സ്ഥിരം ജീവനക്കാരോട് ആറ് മാസം മുതൽ രണ്ട് വർഷം വരെയുള്ള അവധിയിൽ പോകാൻ എയർ ഇന്ത്യ നിർദ്ദേശിച്ചേക്കും. ഈ അവധി അഞ്ച് വർഷം വരെ നീട്ടാനാവും. നിലവിലെ കൊവിഡ് പ്രതിസന്ധി മറികടക്കാൻ ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

ജീവനക്കാർക്ക് ജൂലൈ 14 ന് നൽകിയ നോട്ടീസിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. ജൂലൈ ഏഴിന് ചേർന്ന ബോർഡ് ഓഫ് ഡയറക്ടർമാരുടെ 102-ാം യോഗത്തിലാണ് ഈ അവധി പദ്ധതി അംഗീകരിച്ചത്. ആറ് മാസം വരെയുള്ള അവധിയോ, രണ്ട് വർഷം വരെയുള്ള അവധിയോ ജീവനക്കാർക്ക് തിരഞ്ഞെടുക്കാം. രണ്ടിലേതായാലും അഞ്ച് വർഷം വരെ അത് നീട്ടാൻ അനുവാദമുണ്ട്.

ഒരു തൊഴിലാളിയെ ആറ് മാസം മുതൽ അഞ്ച് വർഷം വരെയുള്ള അവധിയിൽ അയക്കാൻ ചെയർമാനും മാനേജിങ് ഡയറക്ടർക്കും ഈ പദ്ധതിയിലൂടെ അധികാരമുണ്ട്. അതിനാൽ തന്നെ ഓഗസ്റ്റ് 15 ന് മുൻപ് ഇത്തരത്തിൽ നിർബന്ധിത വേതന രഹിത അവധിയിൽ പ്രവേശിപ്പിക്കേണ്ട ജീവനക്കാരുടെ വിവരം നൽകണമെന്ന് റീജണൽ തലവന്മാർക്കും വകുപ്പ് മേധാവികൾക്കും മാനേജ്മെന്റ് നിർദ്ദേശം നൽകിയിരിക്കുകയാണ്. നിലവിൽ 11000 പേരാണ് എയർ ഇന്ത്യയുടെ സ്ഥിരം ജീവനക്കാർ.