Asianet News MalayalamAsianet News Malayalam

എങ്ങനെ ഫിനാന്‍ഷ്യലി ഫിറ്റ് ആകാം; വഴികള്‍ ഇതാ

നമ്മുടെ ലക്ഷ്യങ്ങളെ നിറവേറ്റാന്‍ സഹായിക്കുന്ന രീതിയില്‍ ഫിനാന്‍സ് മാനേജ് ചെയ്യാന്‍ സാധിക്കുന്നതിനെയാണ് ഫിനാന്‍ഷ്യലി ഫിറ്റ് ആയിരിക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

stay financially fit at each stage of your life
Author
First Published Dec 28, 2023, 3:01 PM IST

ഫിനാന്‍ഷ്യലി ഫിറ്റ് ആയിരിക്കുക എന്നത് വളരെ പ്രധാനമാണ്. അച്ചടക്കം,ക്ഷമ, നല്ല സാമ്പത്തിക ശീലങ്ങള്‍ എന്നിവയാണ് ഫിനാന്‍ഷ്യല്‍ ഫിറ്റ്നസിന് വേണ്ട മൂന്ന് കാര്യങ്ങള്‍. നമ്മുടെ ലക്ഷ്യങ്ങളെ നിറവേറ്റാന്‍ സഹായിക്കുന്ന രീതിയില്‍ ഫിനാന്‍സ് മാനേജ് ചെയ്യാന്‍ സാധിക്കുന്നതിനെയാണ് ഫിനാന്‍ഷ്യലി ഫിറ്റ് ആയിരിക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

20 വയസിനും 30 വയസിനും ഇടയ്ക്ക് പ്രായമുള്ളവര്‍ എന്തെല്ലാം കാര്യങ്ങള്‍ക്കാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്ന് പരിശോധിക്കാം. ഈ പ്രായത്തില്‍ സാമ്പത്തിക ലക്ഷ്യം നിശ്ചയിക്കുന്നതും ബഡ്ജറ്റിങ്ങുമാണ് പ്രധാനം. സാമ്പത്തിക ലക്ഷ്യങ്ങള്‍ ഓരോരുത്തരെ സംബന്ധിച്ച് പലതായിരിക്കും. നേരത്തെ റിട്ടയര്‍ ചെയ്യുന്നതോ, യാത്ര പോകുന്നതോ, വീട് വയ്ക്കുന്നതോ ആയിരിക്കും പലരുടേയും ലക്ഷ്യങ്ങള്‍. അത് എന്താണെങ്കിലും അക്കാര്യം തീരുമാനിക്കേണ്ടത് ഈ പ്രായത്തിലാണ്. ഒരു എമര്‍ജന്‍സി ഫണ്ട് തയാറാക്കി വയ്ക്കുന്നതും ഈ കാലഘട്ടത്തിലാണ്. നിലവില്‍ ലഭിക്കുന്ന വരുമാനത്തിന്‍റെ ചുരുങ്ങിയത് ആറ്  മടങ്ങ് വരെയുള്ള തുകയായിരിക്കണം എമര്‍ജന്‍സി ഫണ്ടായി കരുതി വയ്ക്കേണ്ടത്.ലൈഫ് ഇന്‍ഷൂറന്‍സും ഹെല്‍ത്ത് ഇന്‍ഷൂറന്‍സും തുടങ്ങി വയ്ക്കണം. നല്ലൊരു നിക്ഷേപ പദ്ധതിയിലും ഈ കാലഘട്ടത്തില്‍ ചേരണം. എസ്ഐപി ഈ സമയത്ത് ചേരാവുന്ന മികച്ച ഒരു നിക്ഷേപമാണ്. പ്രതിമാസം 500 രൂപ മുതല്‍ മ്യൂച്ച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ എസ്ഐപി വഴി സാധിക്കും.

അടുത്തത് 30മുതല്‍ 50 വയസ് വരെയുള്ള കാലഘട്ടമാണ്.വീട്, കുടുംബം , കുട്ടികള്‍ എന്ന അവസ്ഥ അഭിമുഖീകരിക്കുന്ന പ്രായം. പുതിയതായി വീട് വയ്ക്കുന്നതും കാര്‍ വാങ്ങുന്നതും ഈ പ്രായത്തിലായിരിക്കും. പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം വാര്‍ഷിക വരുമാനത്തിന്‍റെ 30-40 ശതമാനമായി നിങ്ങളുടെ ഇഎംഐ നില നിര്‍ത്തണം എന്നുള്ളതാണ്. ഈ പരിധി കടക്കാതെ ശ്രദ്ധിക്കണം. വരുമാനത്തിന്‍റെ 20 ശതമാനം സേവിംഗ്സിനായി മാറ്റി വയ്ക്കേണ്ടതും ഈ പ്രായത്തിലാണ്. കുട്ടികളുടെ വിദ്യാഭ്യാസ ബാധ്യത ഉള്ളതിനാല്‍ വാര്‍ഷിക വരുമാനത്തിന്‍റെ 20-25 മടങ്ങ് വരുന്ന ഒരു ടേം ഇന്‍ഷൂറന്‍സ് ലൈഫ് കവര്‍ ഉറപ്പാക്കണം. തൊഴില്‍ ദാതാവ് ഏര്‍പ്പെടുത്തുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് പുറമേ വ്യക്തിഗത ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതും അഭികാമ്യമാണ്. ഇടത്തരം റിസ്കിലൂടെ മികച്ച റിട്ടേണ്‍ നേടുന്നതിന് ഇക്വിറ്റി ലിങ്ക്ഡ് മ്യൂച്വല്‍ഫണ്ടുകളിലും ഡെറ്റ് ഇന്‍സ്ട്രുമെന്‍റുകളിലും നിക്ഷേപം നടത്തി  ഇക്വിറ്റി ഡെറ്റ് അുപാതം 70 : 30 ആയി ക്രമീകരിക്കാം

50 - 60 വയസ് ആകുന്നതോടെ റിട്ടയര്‍മെന്‍റിന്‍റെ കാലമായി. അതോടൊപ്പം തന്നെ മക്കളുടെ വിദ്യാഭ്യാസ കാലവും അവസാനിക്കുന്നതോടെ ചെലവില്‍ ഏതാണ്ട് 30 ശതമാനത്തോളം കുറവുണ്ടാകും. എല്ലാ കടബാധ്യതയും പരിഹരിക്കാന്‍ കൂടി ഈ പ്രായത്തില്‍ ശ്രമിക്കണം. റിട്ടയര്‍മെന്‍റിന് ശേഷം വരുമാനം ഉറപ്പാക്കുന്നതിനായി സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം, മറ്റ് മന്ത്ലി ഫിക്സഡ് ഇന്‍കം പ്ലാനുകള്‍ എന്നിവ പരിഗണിക്കാം. ആരോഗ്യ ഇന്‍ഷുറന്‍സ് അപ്രഗ്രേഡ് ചെയ്ത് എന്ത് അടിയന്തര ചികില്‍സയ്ക്കുള്ള ചെലവും കണ്ടെത്തുന്നതിനുള്ള നടപടിയും സ്വീകരിക്കണം. ഈ പ്രായത്തില്‍ ഇക്വിറ്റി - ഡെറ്റ് അനുപാതം 30: 70 എന്ന രീതിയും പരിഗണിക്കാം. മനസും ശരീരവും ഫിറ്റായി  ഇരിക്കുന്നതോടൊപ്പം ഫിനാന്‍ഷ്യലി ഫിറ്റ് ആയിരിക്കുന്നതിന് കൂടി  പരിശ്രമിക്കാം

നിയമപരമായ മുന്നറിയിപ്പ് : മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ , വ്യാപാര നിര്‍ദേശമല്ല, ലഭ്യമായ വിവരങ്ങള്‍ മാത്രമാണ്. നിക്ഷേപകര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ തീരുമാനങ്ങളെടുക്കുക. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട രേഖകള്‍ കൃത്യമായി മനസിലാക്കുക

Latest Videos
Follow Us:
Download App:
  • android
  • ios