നോട്ട് നിരോധനത്തിന് ശേഷം കർണാടകത്തിലെ രണ്ട് സഹകരണ ബാങ്കുകളിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്.. ഇരു ബാങ്കുകളിലുമായുള്ള രണ്ടായിരം അക്കൗണ്ടുകളിൽ കണക്കിൽ പെടാത്ത നിക്ഷേപങ്ങൾ നടന്നതായാണ് പരിശോധനയിൽ ആദായ നികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.. ഇത് മാത്രം ആയിരത്തിഅറുന്നൂറ് കോടിയിലധികം രൂപയുടെ നിക്ഷേപമുണ്ടാകുമെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്.

ഇതിന് പുറമെ വാർഷിക കണക്ക് ബോധിപ്പിക്കാത്ത എൺപതോളം സഹകരണബാങ്കുകളുണ്ടെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്.. കൂടുതൽ സഹകരണ ബാങ്കുകൾ നിരീക്ഷണത്തിലാണെന്നും ആദായ നികുതി വകുപ്പ് പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ നൂതൻ വൊഡയാർ വ്യക്തമാക്കി.

നോട്ട് നിരോധനത്തിന് ശേഷം കർണാടകത്തിലും ഗോവയിലുമായി നടത്തിയ പരിശോധനകളിൽ മുപ്പത്തിനാല് കോടി രൂപയുടെ കണക്കിൽ പെടാത്ത പണവും പതിനാല് കോടി രൂപയുടെ സ്വർണക്കട്ടികളും പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.. ഇതിൽ ഇരുപത്തിരണ്ട് കോടി രൂപയും പുതിയ നോട്ടുകളാണ്.