കൊച്ചി മുസ്സരിസ് ബിനാലെ ഇനി സര്‍ക്കാര്‍ നിയന്ത്രണത്തില്‍; ആസ്പിന്‍വാള്‍ സ്ഥിരം വേദി

First Published 21, Dec 2017, 9:37 AM IST
Kochi Muziris Biennale under government control
Highlights

തിരുവനന്തപുരം:   ലോക ശ്രദ്ധ നേടിയ കൊച്ചി മുസ്സരിസ് ബിനാലെ ഇനി മുതല്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍. ബിനാലെ ട്രസ്റ്റില്‍ മൂന്ന് സര്‍ക്കാര്‍ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്താനും ചെലവ് ഓഡിറ്റ് ചെയ്യാനും മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ആസ്പിന്‍വാള്‍ ഹോം ബിനാലെയുടെ സ്ഥിരം വേദിയാക്കാനും തീരുമാനമായി. 

2012 ലായിരുന്നു ആദ്യ ബിനാലെ. അന്ന് സാംസ്‌കാരിക മന്ത്രിയായിരുന്ന എംഎ ബേബി അനുവദിച്ച അഞ്ച് കോടി രൂപയില്‍ തുടങ്ങിയതാണ് ബിനാലെക്കനുവദിക്കുന്ന സര്‍ക്കാര്‍ ഫണ്ടിനെ ചൊല്ലിയുള്ള  വിവാദം. ഏഴ് വര്‍ഷത്തിനിടെ 20.5 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. കാലങ്ങളായി സര്‍ക്കാര്‍ പ്രാതിനിധ്യമില്ലാത്ത സ്വകാര്യ ട്രസ്റ്റിന് പണമനുവദിക്കുന്നതിലെ ക്രമക്കേടും വന്‍ അഴിമതി ആരോപണങ്ങളും കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ട്രസ്റ്റ് അംഗങ്ങളുടെയും ബന്ധപ്പെട്ട വകുപ്പ് പ്രതിനിധികളുടെയും യോഗം വിളിച്ചത്. 

ഇനി മുതല്‍ ബിനാലെ ട്രസ്റ്റില്‍ മൂന്ന് സര്‍ക്കാര്‍ പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്താനാണ് തീരുമാനം. സാസ്‌കാരിക വിനോദ സഞ്ചാര വകുപ്പുകളുടേയും ധന വകുപ്പിന്റെയും പ്രതിനിധികളും വകയിരുത്തുന്ന തുകയ്ക്ക് ഓഡിറ്റിംഗും ഉണ്ടാകും. ആസ്പിന്‍വാള്‍ ഹോമിനെ സ്ഥിരം വേദിയാക്കാനും തീരുമാനമായി. ബിനാലെ നടത്തിപ്പിനായി 90 ദിവസമാണ് ആസ്പിന്‍വാള്‍ വിട്ടുനല്‍കുക. 2018 ഡിസംബറിലാണ് നാലാമത്തെ ബിനാലെ നടക്കുക.
 

loader