Asianet News MalayalamAsianet News Malayalam

ജോലി നഷ്ടപ്പെട്ടെത്തുന്ന പ്രവാസികളുടെ ജീവിതം ഇനിയെങ്ങനെ? കേന്ദ്രത്തിന് ഉത്തരമില്ല

 പ്രവാസി പങ്കാളിത്തത്തോടെ നിക്ഷേപ പദ്ധതികളടക്കം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതുവരെ ഒന്നും ഒന്നും നടപ്പായിട്ടില്ല. തൊഴില്‍ നഷ്ടപ്പെടുന്നവരുടെ പട്ടിക പോലും വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള എംബസികള്‍ തയ്യാറാക്കിയിട്ടില്ല.

no packages introduced by central government to protect expats lost jobs
Author
Delhi, First Published May 9, 2020, 7:23 AM IST

ദില്ലി: തൊഴില്‍ നഷ്ടപ്പെട്ട് തിരികെയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് കേന്ദ്ര സര്‍ക്കാരിന് മുന്നിലും പദ്ധതികളില്ല. പ്രവാസി പങ്കാളിത്തത്തോടെ നിക്ഷേപ പദ്ധതികളടക്കം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതുവരെ ഒന്നും ഒന്നും നടപ്പായിട്ടില്ല. തൊഴില്‍ നഷ്ടപ്പെടുന്നവരുടെ പട്ടിക പോലും വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള എംബസികള്‍ തയ്യാറാക്കിയിട്ടില്ല.

പ്രവാസികളുടെ പുനരധിവാസം ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. അഞ്ച് ലക്ഷത്തോളം പ്രവാസികളാണ് കൊവിഡ് ഭീഷണിയെ തുടര്‍ന്ന് സംസ്ഥാനത്ത് മാത്രം പ്രതിസന്ധിയിലായിരിക്കുന്നത്. ഇവരില്‍ തൊഴില്‍ നഷ്ടപ്പെട്ട 25 ശതമാനത്തിന്‍റെ ഭാവിയാണ് ചോദ്യ ചിഹ്നമാകുന്നത്. നാട്ടിലെത്തിക്കുന്നതൊഴിച്ചാല്‍ തുടര്‍ നടപടികളില്‍ വിദേശകാര്യമന്ത്രാലയം മൗനത്തിലാണ്.

തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരുന്നവര്‍ വിവിധ മേഖലകളില്‍ വൈദഗ്ധ്യം നേടിയവരാണ്. അതാത് മേഖലകള്‍ തിരിച്ചറിഞ്ഞ് പുനരധിവാസത്തിന് സാധ്യമാകും വിധം വിവരങ്ങള്‍ ശേഖരിക്കാന്‍ എംബസികള്‍ക്ക് നിര്‍ദ്ദേശമുണ്ടായിരുന്നു. എംബസികളിലൂടെ ശേഖരിക്കുന്ന വിവരം പിന്നീട് സംസ്ഥാന സര്‍ക്കാരിന് കൈമാറാനായിരുന്നു പദ്ധതി.

നിര്‍മ്മാണ മേഖലകളിലടക്കം വൈദഗ്ധ്യം നേടിയ നിരവധി പേര്‍ മടങ്ങിയെത്തിവരിലുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളുടെ മടങ്ങി പോക്കോടെ ശൂന്യമായ തൊഴില്‍ മേഖലകളിലേക്ക് ഇവരെ വിന്യസിക്കാമെന്നതടക്കം നിരവധി ശുപാര്‍ശകള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നിലെത്തിയിരുന്നു.

കൊവിഡ് പ്രതിസന്ധി; ജോലി നഷ്ടമായി വരുന്ന മലയാളികളേറെയും യുഎഇയിൽനിന്ന്

ലോകത്ത് ഏറ്റവുമധികം പ്രവാസ നിക്ഷേപം വരുന്ന രാജ്യം ഇന്ത്യയാണന്നാണ് ലോകബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞവര്‍ഷം 79 ബില്യണ്‍ ഡോളറാണ് പ്രവാസികള്‍ ഇന്ത്യയിലേക്കയച്ചത്. രാജ്യത്തെ പ്രവാസ വരുമാനത്തിന്‍റെ 19 ശതമാനവും മലയാളികളുടേതാണെന്നാണ് റിസര്‍വ്വ് ബാങ്കിന്‍റെ കണക്കുകള്‍ പറയുന്നത്.

വിദേശങ്ങളിൽ വൈദഗ്ധ്യം നേടിയവരെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമാക്കണം എന്നായിരുന്നു നരേന്ദ്രമോദിയുടെ നിർദ്ദേശം. ചില നിർമ്മാണ കമ്പനികൾ ഏതാനും എഞ്ചിനീയർമാരെ റിക്രൂട്ട് ചെയ്തത് ഒഴിച്ചാൽ ഒരു തുടർനടപടിയും ഉണ്ടായില്ല.

Follow Us:
Download App:
  • android
  • ios