ചെറുപ്പത്തില്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി ഇത്തരം സംഭവങ്ങളില്‍ നമ്മുടെ മൗനമാണ് അക്രമികളെ സഹായിക്കുക 

ചെറുപ്പത്തില്‍ തനിക്ക് ഓടിക്കൊണ്ടിരുന്ന ബസില്‍ നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് സീരിയല്‍ താരം ശ്രേനു പരീഖ്. ആറു വയസില്‍ മുത്തച്ഛനോടൊപ്പമുള്ള യാത്രയില്‍ സഹയാത്രികന്‍ ചെയ്ത അതിക്രമത്തേക്കുറിച്ചാണ് ശ്രേനു തുറന്ന് പറഞ്ഞത്. ഇന്‍സ്റ്റഗ്രാമിലാണ് തനിക്കുണ്ടായ അനുഭവത്തെക്കുറിച്ചും ഇത്തരം സംഭവങ്ങളില്‍ നിശബ്ദരായാലുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും താരം പറയുന്നത്.

അവധിക്കാലങ്ങള്‍ മുത്തച്ഛനും മുത്തശ്ശിക്കൊപ്പമാണ് ചെലവിടാറുണ്ടായിരുന്നത്. ഗ്രാമത്തിലൂടെ തിരക്കുള്ള ബസിലായിരുന്നു ആ സമയത്തെ സഞ്ചാരം. ഒരിക്കല്‍ നല്ല തിരക്കുള്ള ബസില്‍ സീറ്റ് കിട്ടാതെ വന്നപ്പോള്‍ അടുത്ത സീറ്റില്‍ ഉണ്ടായിരുന്ന ആളോട് തന്നെക്കൂടി ഇരുത്താമോയെന്ന് മുത്തച്ഛന്‍ ചോദിച്ചു. അയാള്‍ അത് സമ്മതിച്ച് എന്നെ മടിയില്‍ ഇരുത്തി. 

തിരക്ക് കൂടിയതോടെ മുത്തച്ഛന്‍ കുറച്ച് മുന്നോട്ടേക്ക് നീങ്ങിനിന്നു. എന്നെ മടിയില്‍ ഇരുത്തിയയാള്‍ എന്റെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ തുടങ്ങി. ആദ്യം കരുതിയത് അയാള്‍ക്ക് ഇരിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് സംഭവിക്കുന്നതാണെന്നാണ്. എന്നാല്‍ സംഭവിക്കുന്നതില്‍ എന്തോ പ്രശ്നമുണ്ടെന്ന് കുറച്ച് സമയം കഴിഞ്ഞതോടെ എനിക്ക് മനസിലായി. അയാളോട് എന്നെ തൊടുന്നത് എന്തിനാണെന്ന് ചോദിച്ചു, പക്ഷേ മുന്നില്‍ നിന്ന മുത്തച്ഛനെ കാണാന്‍ കഴിയാത്തതില്‍ താന്‍ വല്ലാതെ ഭയന്നിരുന്നു. 

സ്റ്റോപ്പില്‍ ഇറങ്ങിയപ്പോള്‍ തനിക്കെന്തോ സംഭവിച്ചിട്ടുണ്ടെന്ന് ഉറപ്പായിരുന്നു എന്നാല്‍ അത് ആരോടും പറയാന്‍ ധൈര്യം ഉണ്ടായില്ല. അയാള്‍ക്ക് അയാളുടെ തെറ്റിനുള്ള പ്രതിഫലം കിട്ടിയിട്ടുണ്ടാവുമെന്ന് ആഗ്രഹിക്കുന്നു. ഇത്തരം സംഭവങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ടാകും. അതിനാലാണ് ഇത് തുറന്ന് പറയുന്നത്. ഇത്തരം സംഭവങ്ങളില്‍ നിശബ്ദതയാണ് അക്രമികള്‍ക്ക് ഏറെ സഹായകരമാവുകയെന്ന് നടി പറയുന്നു.

View post on Instagram