Asianet News MalayalamAsianet News Malayalam

കൊവിഡ് തകർത്ത ചെറുകിട വ്യവസായ മേഖല; എം. ഖാലിദ് സംസാരിക്കുന്നു

ലോക്ക് ഡൗണില്‍ ഇളവ്  ലഭിച്ചെങ്കിലും ഇതുവരെ തുറക്കാനായത് 50 ശതമാനത്തില്‍ താഴെ വ്യവസായ യൂണിറ്റുകള്‍ മാത്രമാണ്.

kssia president m khalid about small scale industry
Author
Kochi, First Published Jun 1, 2020, 2:49 PM IST

കൊവിഡ് പശ്ചാത്തലത്തില്‍ കടുത്ത പ്രതിസന്ധിയിലാണ് സംസ്ഥാനത്തെ ചെറുകിട വ്യവസായ മേഖല. ലോക്ക്ഡൗണ്‍മൂലം സമാനതകളില്ലാത്ത നഷ്ടമാണ് ചെറുകിട വ്യവസായ മേഖലയ്ക്കുണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് 1,75,000 ചെറുകിട വ്യവസായ സംരഭങ്ങളുണ്ട്. ലോക്ക് ഡൗണില്‍ ഇളവ് ലഭിച്ചെങ്കിലും ഇതുവരെ തുറക്കാനായത് 50 ശതമാനത്തില്‍ താഴെ വ്യവസായ യൂണിറ്റുകള്‍ മാത്രമാണ്. 25,000 കോടിയോളം രൂപയുടെ നഷ്ടമാണ് വിലയിരുത്തപ്പെടുന്നത്. ഈ നിശ്ചലാവസ്ഥയിൽ നിന്ന് കരകയറാൻ ഏറ്റവും വേഗത്തിലുള്ള സർക്കാർ ഇടപെടലാണ് ചെറുകിട വ്യവസായികൾ ആവശ്യപ്പെടുന്നത്. കൊവിഡ് തകർത്ത ചെറുകിട വ്യവസായ മേഖലയെപറ്റി ചെറുകിട വ്യവസായ അസോസിയേഷൻ പ്രസിഡന്റ് എം. ഖാലിദ് സംസാരിക്കുന്നു. മനു വർഗീസ് നടത്തിയ അഭിമുഖം.

സർക്കാർ ഇടപെടൽ ആവശ്യം

പ്രളയമുണ്ടാക്കിയ ആഘാതത്തില്‍ നിന്ന് കരകയറുന്നതിനിടെയാണ് കൊവിഡ് ചെറുകിട വ്യവസായ മേഖലയെ ബാധിച്ചിരിക്കുന്നത്. പുതിയ ഉൽപന്നങ്ങളില്ല. തൊഴിൽ ഇല്ല. പണലഭ്യതയില്ല അങ്ങനെ ആകെ നിശ്ചലമായ അവസ്ഥയാണ് നിലവിലുള്ളത്. ഈ നിശ്ചലാവസ്ഥയിൽ നിന്ന് യൂണിറ്റുകൾക്കു കരകയറാൻ ഏറ്റവും വേഗത്തിലുള്ള സർക്കാർ ഇടപെടൽ ആവശ്യമാണ്. വീണ്ടും പ്രവർത്തിച്ചു തുടങ്ങാൻ ഫണ്ട് വേണം. കേരളത്തിൽ തന്നെ 1,75,000 ചെറുകിട വ്യവസായ സംരഭങ്ങളുണ്ട്. അതില്‍ നാല്‍പത് ലക്ഷത്തോളം തൊഴിലാളികളുണ്ട്. ഇന്ത്യയില്‍ തന്നെ ക്യഷി കഴിഞ്ഞാല്‍ ഏറ്റവുമധികം അധികം തൊഴില്‍ നല്‍കുന്ന മേഖലയാണ് ചെറുകിട വ്യവസായം. എന്നാല്‍ കൊവിഡ് ഈ മേഖലയെ ആകെ ബാധിച്ചിരിക്കുകയാണ്. വലിയ പ്രതിസന്ധിയാണ് നിലവില്‍ ചെറുകിട വ്യവസായ മേഖല നേരിടുന്നത്. സർക്കാർ തലത്തില്‍ നിന്ന് വലിയ സഹായങ്ങൾ ഉണ്ടായെങ്കില്‍ മാത്രമെ ചെറുകിട വ്യവസായികൾക്ക് മുന്നോട്ട് പോവാൻ സാധിക്കു.  ഈടില്ലാതെ പ്രവർത്തന മൂലധനമായി 30% വരെ വായ്പ നൽകണം

ഇതുവരെ തുറക്കാനായത് 50 ശതമാനത്തില്‍ താഴെ വ്യവസായ യൂണിറ്റുകള്‍ മാത്രം

ലോക്ക് ഡൗണില്‍ ഇളവ്  ലഭിച്ചെങ്കിലും ഇതുവരെ തുറക്കാനായത് 50 ശതമാനത്തില്‍ താഴെ വ്യവസായ യൂണിറ്റുകള്‍ മാത്രമാണ്. കൊവിഡ് പശ്ചാത്തലത്തില്‍ വായ്പകൾക്കു ലഭിച്ച മൂന്നു മാസത്തെ മൊറട്ടോറിയം അപര്യാപ്തമാണ്. കുറഞ്ഞത് 12 മാസത്തെ മൊറട്ടോറിയമെങ്കിലും വ്യവസായ യൂണിറ്റുകൾക്കു ലഭിക്കണം. പലിശ വേണ്ടെന്നു വയ്ക്കുകയോ സർക്കാർ സബ്സിഡി നൽകുകയോ ചെയ്യണം. കേന്ദ്രസർക്കാരിന്റെ ഉത്തേജന പാക്കേജിൽ ചെറുവ്യവസായ യൂണിറ്റുകൾക്ക് ഒന്നും കിട്ടിയില്ല. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന എല്ലാ ഫണ്ടുകളും ലഭ്യമാക്കിയിരിക്കുന്നത് ലോണായിട്ടാണ്. വീണ്ടും ലോണെടുത്ത് പലിശ അടയ്ക്കുന്ന അവസ്ഥ കൂടുതല്‍ പ്രയാസത്തിലേയ്ക്കാണ് നയിക്കുന്നത്. 

പ്രവർത്തനമൂലധനം ലഭ്യമാക്കുക 

10000 മുതൽ 5 ലക്ഷം രൂപവരെയുള്ള നിശ്ചിത വൈദ്യുതി ചാർജാണ് നിലവില്‍ അടഞ്ഞുകിടന്ന യൂണിറ്റുകളും അടയ്ക്കേണ്ടത്. നിശ്ചിത ബിൽ എന്നതിനു പകരം ഉപയോഗിച്ച വൈദ്യുതിയുടെ മാത്രം ചാർജ് ഈടാക്കാൻ സർക്കാർ കെഎസ്ഇബിയോട് ആവശ്യപ്പെടണം. കർണാടകയിലെല്ലാം വൈദ്യുതി ചാർജ് പൂർണ്ണമായും ഒഴുവാക്കികൊടുക്കുകയാണ് ചെയ്തത്. 25 ശതമാനം അടച്ചാൽ മതിയെന്ന് ഇപ്പോൾ സർക്കാർ പറഞ്ഞിരിക്കുന്നത് വലിയ ആശ്വാസമാണ്. പ്രവർത്തനമൂലധനം ലഭ്യമാക്കുക എന്നതാണ് ഏറ്റവും ആവശ്യം. സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന മൂന്ന് ലക്ഷം കോടി രൂപയുടെ സഹായം ഒരു പരിധിവരെ ആശ്വാസകരമായ തീരുമാനമാണ്. വായ്പകളുടെ മൊറട്ടോറിയവും പലിശയും തൊഴിലാളികളുടെ വേതനം, വൈദ്യുതി ചാർജ് എന്നിവയെല്ലാം ഉൾപ്പെടുന്ന സമഗ്ര പാക്കേജ് സർക്കാർ കൊണ്ടുവരേണ്ടതുണ്ട്.

മുടങ്ങിക്കിടക്കുന്ന ബില്ലുകൾ മാറി പണം ലഭ്യമാക്കണം

സർക്കാർ തലത്തിൽ നിന്ന് കൂടുതൽ സഹായങ്ങൾ ലഭിച്ചാൽ മാത്രമെ ചെറുകിട വ്യവസായ മേഖല വളർന്ന് വരുകയുള്ളു. നിർമാണ മേഖലയും വ്യവസായ മേഖലയും എല്ലാം തുറന്ന് പ്രവർത്തിച്ചാല്‍ മാത്രമെ തൊഴിലാളികൾക്ക് ജോലി ഉറപ്പാക്കാൻ സാധിക്കൂ. എന്നാല്‍ മാത്രമെ സാധാരണക്കാരന്റെ കൈയ്യിലേയ്ക്ക് പണം എത്തുകയുള്ളു. അതിലൂടെ വ്യാപാര-വ്യവസായ രംഗം കൂടുതല്‍ കരുത്താകും. സർക്കാർ, അർഥസർക്കാർ സ്ഥാപനങ്ങളിലേക്കുള്ള ഉൽപന്നങ്ങൾ സംസ്ഥാനത്തെ ചെറുയൂണിറ്റുകളിൽ നിന്നു മാത്രം വാങ്ങുവാൻ തീരുമാനിക്കണം. ഇത് ചെറുകിട വ്യവസായികൾക്ക് വലിയ സഹായമാകും. മുടങ്ങിക്കിടക്കുന്ന ബില്ലുകൾ മാറി പണം ഉടൻ ലഭ്യമാക്കാനും സർക്കാരിന്റെ സഹായം വേണം. ഈ  ചെറുകിട വ്യവസായ മേഖലയിൽ കൂടുതലും ജോലി ചെയ്തിരുന്നത് അതിഥി തൊഴിലാളികളായിരുന്നു. അവരെ മടക്കി അയയ്ക്കുന്നത് വ്യവസായ മേഖലയുടെ നട്ടെല്ലൊടിക്കും. ബീഹാർ, ബംഗാൾ തുടങ്ങിയ സ്ഥലത്തു നിന്നുള്ളവരായിരുന്നു ഇവർ. ഇവരിൽ കൂടുതൽ ആളുകളും തിരികെ പോയത്  വ്യവസായ മേഖലയെയും ബാധിച്ചിട്ടുണ്ട്. നാട്ടിലേയ്ക്ക് പോവാൻ താൽപര്യമുള്ള ആളുകളെ മാത്രമെ സർക്കാർ അയക്കാവൂ.

Follow Us:
Download App:
  • android
  • ios