ദില്ലി: വീഡിയോ കോണ്‍ഫറന്‍സ് ആപ്ലിക്കേഷനായ സൂം ആപ്പ് സുരക്ഷിതമല്ലെന്നും ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത് എന്നും സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അഞ്ച് ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങള്‍ സൂം വില്‍പനയ്ക്ക് വച്ചിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശം. സൂം സുരക്ഷിതമല്ലെന്ന് ഇന്ത്യന്‍ കംമ്പ്യൂട്ടർ എമർജന്‍സി റെസ്പോണ്‍സ് ടീം(Cert-In) ആഭ്യന്തര മന്ത്രാലയത്തെ നേരത്തെ അറിയിച്ചിരുന്നു. 

രാജ്യത്ത് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ(വർക്ക് ഫ്രം ഹോം) മീറ്റിംഗിനും ആശയവിനിമയത്തിനുമായി ആശ്രയിക്കുന്ന പ്രധാന ആപ്ലിക്കേഷനുകളില്‍ ഒന്നാണ് സൂം. ലോക്ക് ഡൌണ്‍ കാലത്ത് ഏറ്റവും ജനകീയമായ സൂം ആപ്പ് ഗിള്‍ പ്ലേ സ്‌റ്റോറിലെ ചാര്‍ട്ടുകളില്‍ ഒന്നാമതെത്തിയിരുന്നു

അമേരിക്കന്‍ സൈബര്‍ സെക്യൂരിറ്റി സ്ഥാപനം സൈബിളിന്‍റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം 5 ലക്ഷം സൂം അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നു എന്നാണ് പറയുന്നത്. പണം നല്‍കിയാല്‍ ലഭിക്കുന്ന രീതിയിലും സൗജന്യമായും സൂം ഡാറ്റ വില്‍ക്കുന്നതായി സൈബിളിന്‍റെ റിപ്പോര്‍ട്ട് പറയുന്നു.

ഉപയോക്താക്കളുടെ സമ്മതമില്ലാതെ ഫെയ്സ്ബുക്കിലേക്ക് ഉപയോക്തൃ ഡേറ്റ കൈമാറുന്നത്, വിൻഡോസ് ഉപയോക്തൃ ഡേറ്റയും പാസ്‌വേഡും മോഷ്ടിക്കാൻ ഹാക്കർമാരെ അനുവദിക്കുന്ന സുരക്ഷാപിഴവ് എന്നീ പ്രശ്നങ്ങള്‍ സൂം ആപ്പില്‍ ഉണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഡാറ്റയുടെ കൂട്ടത്തില്‍ പാസ്‌വേഡുകൾ, ഇമെയിലുകൾ, ഉപകരണ വിവരങ്ങൾ എന്നിവയുൾപ്പെടെ ചോര്‍ത്തിയിട്ടുണ്ട് എന്നാണ് വാർത്തകള്‍.

Read more: അഞ്ച് ലക്ഷം സൂം ഉപയോക്താക്കളുടെ വിവരങ്ങള്‍ വില്‍പ്പനയ്ക്ക്.!