ലോക്ക്ഡൗണ്‍ കാലത്ത് ദീപ്തി പച്ചക്കറിയും പഴങ്ങളും ശേഖരിക്കുന്നത് സ്വന്തം വീട്ടിലെ ബാല്‍ക്കണിയില്‍ നിന്ന്

By Web TeamFirst Published Apr 29, 2020, 4:40 PM IST
Highlights

'കഴിഞ്ഞ രണ്ടര വര്‍ഷങ്ങളായി ഞാന്‍ 20 ഭക്ഷ്യവസ്തുക്കളുടെ തോട്ടം നിര്‍മിച്ചു. 15 വര്‍ക്ക്‌ഷോപ്പുകള്‍ നടത്തി. അടുക്കളത്തോട്ടത്തെക്കുറിച്ചും സ്വന്തം ഭക്ഷണത്തിനുള്ള പച്ചക്കറികള്‍ സ്വയം ഉണ്ടാക്കേണ്ടതിനെക്കുറിച്ചുമുള്ള ബോധവത്കരണക്‌ളാസുകളായിരുന്നു ഇവ.' 

'പച്ചക്കറികളും പഴങ്ങളും പുതുമ നഷ്ടപ്പെടാതെ കഴിക്കുമ്പോള്‍ നമുക്ക് ഏറ്റവും മികച്ച പോഷകങ്ങള്‍ ലഭിക്കുന്നു. വിപണിയിലെത്തി നമ്മള്‍ വാങ്ങുമ്പോള്‍ ഈ പഴങ്ങളൊക്കെ എത്ര ദൂരം യാത്ര ചെയ്താണ് വില്‍പ്പനയ്‌ക്കെത്തുന്നതെന്ന് നമുക്ക് അറിയില്ല. അതുപോലെ എന്തൊക്കെ തരത്തിലുള്ള രാസവസ്തുക്കള്‍ പ്രയോഗിച്ച് വിഷമയമായതാണെന്ന് കണ്ടുപിടിക്കാനൊന്നും നമുക്ക് പറ്റില്ലല്ലോ. വിളവെടുത്ത് 48 മണിക്കൂറിനുള്ളില്‍ പച്ചക്കറികള്‍ ഭക്ഷ്യയോഗ്യമാക്കണം.' ഇതാണ് ദീപ്തി ഝന്‍ഗിനി എന്ന മുംബൈക്കാരിയുടെ അഭിപ്രായം. ഇവര്‍ കഴിഞ്ഞ എട്ടുവര്‍ഷങ്ങളായി തന്റെ വീടിന്റെ ബാല്‍ക്കണിയിലെ 50 സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്ത് ഏകദേശം മുപ്പതില്‍ക്കൂടുതല്‍ പച്ചക്കറികളും പഴങ്ങളും വളര്‍ത്തുന്നു. ലോക്ക്ഡൗണില്‍ വീട്ടിലെ അടുക്കള 'ഹോട്ട്‌സ്‌പോട്ട്' ആക്കിമാറ്റുകയാണ് ഇവര്‍.

ഈ ലോക്ക്ഡൗണ്‍ സമയത്ത് അവനവന്റെ ഭക്ഷണം അവനവന്‍ ഉണ്ടാക്കുന്നതിന്റെ പ്രാധാന്യമാണ് ദീപ്തി എടുത്തുപറയുന്നത്. ഇവിടെ ആവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കള്‍ ബാല്‍ക്കണിയില്‍ നിന്ന് മാത്രം ലഭിക്കുന്നു.

പത്രപ്രവര്‍ത്തകയില്‍ നിന്ന് സംരംഭകയിലേക്ക്

മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും ജേര്‍ണലിസത്തില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും നേടിയ ദീപ്തി മാധ്യമ പ്രവർത്തകയായി ജോലി ചെയ്തിരുന്നു. 'ഞാന്‍ സ്ഥിരമായി ജീവിതശൈലിയുമായി ബന്ധപ്പെട്ട ലേഖനങ്ങളാണ് എഴുതിക്കൊണ്ടിരുന്നത്. സമൂഹത്തില്‍ മാറ്റം കൊണ്ടുവരുന്നവരെയും പരിസ്ഥിതിയെക്കുറിച്ച് അവബോധമുള്ളവരെയും അഭിമുഖം നടത്താനുള്ള അവസരമായിരുന്നു കിട്ടിയത്. അവര്‍ മാലിന്യ നിര്‍മാര്‍ജ്ജനത്തിനും മറ്റുമായി ചെയ്യുന്ന കാര്യങ്ങളാണ് എന്നെ ആകര്‍ഷിച്ചത്' ദീപ്തി താന്‍ കൃഷിയിലേക്ക് വരാനുണ്ടായ കാരണം വിശദമാക്കുന്നു.

സമൂഹത്തില്‍ മാറ്റം വരുത്തണമെങ്കില്‍ ആദ്യപടി വീട്ടില്‍ നിന്ന് തന്നെ തുടങ്ങണമെന്ന് ദീപ്തി മനസിലാക്കി. 'ഞാന്‍ അതിരാവിലെ മോണിങ്ങ് വാക്കിന് പോകുമ്പോള്‍ ആളുകള്‍ മാലിന്യങ്ങള്‍ എന്താണ് ചെയ്യുന്നതെന്നും തൊഴിലാളികള്‍ എങ്ങനെയാണ് അവ വേര്‍തിരിച്ചെടുക്കുന്നതെന്നും നോക്കി മനസിലാക്കി. ഈര്‍പ്പമുള്ളതും ഉണങ്ങാത്തതുമായ മാലിന്യങ്ങള്‍ ഗ്ലൗസും മാസ്‌കുമൊന്നും ധരിക്കാതെയായിരുന്നു അവര്‍ വേര്‍തിരിക്കുന്നത്.' ദീപ്തി പറയുന്നു.

അപ്പോഴാണ് വീട്ടിലെ മാലിന്യങ്ങള്‍ ഉപയോഗിച്ച് കമ്പോസ്റ്റ് സ്വയം ഉണ്ടാക്കാമെന്ന് ദീപ്തി തീരുമാനിച്ചത്. ഒരു മാസത്തെ പ്രയത്നത്തിനുശേഷം കമ്പോസ്റ്റ് വിജയകരമായി നിര്‍മിച്ചു. അങ്ങനെയാണ് സ്വന്തമായി പച്ചക്കറിത്തോട്ടം നിര്‍മിക്കണമെന്ന ആഗ്രഹമുണ്ടായത്.

'അടുക്കളയിലെ മാലിന്യങ്ങള്‍ പച്ചക്കറികള്‍ വളര്‍ത്താന്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും അഭികാമ്യമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.' ദീപ്തി പറയുന്നു. അങ്ങനെ ബാല്‍ക്കണിയിലെ തോട്ടത്തിനൊപ്പം മറ്റൊരു അടുക്കളത്തോട്ടവും ദീപ്തി നിര്‍മിച്ചു.

540 സ്‌ക്വയര്‍ ഫീറ്റിലാണ് 100 -ല്‍ക്കൂടുതല്‍ പച്ചക്കറികളും പഴങ്ങളും പച്ചമരുന്നുകളുടെ ചെടികളും വളര്‍ത്തുന്നത്. ഇവരുടെ അപ്പാര്‍ട്ട്‌മെന്റില്‍ 40 കുടുംബങ്ങള്‍ താമസിക്കുന്നു. അവര്‍ക്കുള്ള പച്ചക്കറികളും ദീപ്തിയുടെ അടുക്കളത്തോട്ടത്തില്‍ നിന്ന് നല്‍കുന്നു.

'തക്കാളി, വഴുതിന, പാവയ്ക്ക, ബീന്‍സ്, ഇഞ്ചി, മഞ്ഞള്‍, മൂന്ന് വിവിധ തരത്തിലുള്ള ചീരകള്‍ എന്നിവയെല്ലാം ബാല്‍ക്കണിയിലെ തോട്ടത്തില്‍ വിളഞ്ഞുനില്‍ക്കുന്നു. ഞാന്‍ രാസവസ്തുക്കള്‍ ഒന്നും ഉപയോഗിക്കാറില്ല. വീട്ടില്‍ത്തന്നെ നിര്‍മിക്കാന്‍ കഴിയുന്ന കമ്പോസ്റ്റാണ് വളം' ദീപ്തി പറയുന്നു.

എഡിബിള്‍ ഗാര്‍ഡന്‍സ് - ദീപ്തിയുടെ സ്വന്തം സ്റ്റാര്‍ട്ടപ്പ്

2017 നവംബറിലാണ് ദീപ്തി എഡിബിള്‍ ഗാര്‍ഡന്‍സ് എന്ന സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചത്. അതിലൂടെ ഉപഭോക്താക്കള്‍ക്ക് അടുക്കളത്തോട്ടം നിര്‍മിക്കാനുള്ള സഹായം ചെയ്തുകൊടുത്തു. 1200 സ്‌ക്വയര്‍ ഫീറ്റിലാണ് ദീപ്തി നിര്‍മിച്ച വലിയ തോട്ടം. എറ്റവും ചെറിയ തോട്ടമെന്ന് പറയുന്നത് ജനലരികിലെ ബോക്‌സില്‍ വളര്‍ത്തിയതുമാണ്.

 

'കഴിഞ്ഞ രണ്ടര വര്‍ഷങ്ങളായി ഞാന്‍ 20 ഭക്ഷ്യവസ്തുക്കളുടെ തോട്ടം നിര്‍മിച്ചു. 15 വര്‍ക്ക്‌ഷോപ്പുകള്‍ നടത്തി. അടുക്കളത്തോട്ടത്തെക്കുറിച്ചും സ്വന്തം ഭക്ഷണത്തിനുള്ള പച്ചക്കറികള്‍ സ്വയം ഉണ്ടാക്കേണ്ടതിനെക്കുറിച്ചുമുള്ള ബോധവത്കരണക്‌ളാസുകളായിരുന്നു ഇവ.' ദീപ്തി വ്യക്തമാക്കുന്നു.

നിങ്ങള്‍ക്ക് വീട്ടില്‍ എങ്ങനെ തോട്ടമുണ്ടാക്കാം?

സ്ഥലപരിമിതിയാണല്ലോ മുംബൈ പോലുള്ള നഗരങ്ങളില്‍ ഏറ്റവും പ്രശ്‌നം. ജനലിനരികില്‍ ബോക്‌സിലായി തക്കാളിയും പച്ചമുളകും പാവയ്ക്കയും പുതിനയില, ഇഞ്ചിപ്പുല്ല്, മൈക്രോഗ്രീന്‍സ് എന്നിവയും വളര്‍ത്താനാണ് ദീപ്തി പറഞ്ഞുകൊടുത്തത്. വാഴ, പപ്പായ, മള്‍ബെറി എന്നിവയുടെ തോട്ടവും നിര്‍മിച്ചു.

'എല്ലാവര്‍ക്കും വീടുകളില്‍ മൈക്രോഗ്രീനുകള്‍ വളര്‍ത്താന്‍ തുടങ്ങാം. വലിച്ചെറിയുന്ന പ്ലാസ്റ്റിക് പാത്രങ്ങള്‍ ഇതിനായി പ്രയോജനപ്പെടുത്താം. കടുക്, ജീരകം, എള്ള്, ഉലുവ എന്നിവയുടെ വിത്തുകള്‍ മുളപ്പിച്ച് മൈക്രോഗ്രീനുകള്‍ തയ്യാറാക്കാം.' ദീപ്തി തന്റെ അറിവുകള്‍ പങ്കുവെക്കുകയാണ്.

പാത്രത്തില്‍ മണ്ണ് നിറയ്ക്കുക. വിത്തുകള്‍ ആവശ്യത്തിന് സ്ഥലം നല്‍കി വിതറുക. വെള്ളം സ്‌പ്രേ ചെയ്ത് നിങ്ങളുടെ ജനലരികില്‍ വെക്കുക. നിങ്ങള്‍ക്ക് മണ്ണ് കിട്ടുന്നില്ലെങ്കില്‍ കാര്‍ഡ്‌ബോര്‍ഡോ ടിഷ്യു പേപ്പറോ മാധ്യമമായി ഉപയോഗിക്കാം.

'കാര്‍ഡ്‌ബോര്‍ഡ് 25 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. അടുത്ത ദിവസം രണ്ട് കഷണം കാര്‍ഡ്‌ബോര്‍ഡ് എടുത്ത് വിത്തുകള്‍ അതിനിടയില്‍ഡ സാന്‍ഡ് വിച്ച് പോലെ വിതറുക.അഞ്ച് ദിവസങ്ങള്‍ കൊണ്ട് വിത്ത് മുളയ്ക്കും. ആവശ്യത്തിന് വെള്ളം കാര്‍ഡ്‌ബോര്‍ഡിലുണ്ടാകണം. ഈര്‍പ്പം നിലനിര്‍ത്തണം. വിതച്ച് 10 ദിവസം കഴിഞ്ഞാല്‍ മൈക്രോഗ്രീനുകള്‍ ഭക്ഷിക്കാന്‍ യോഗ്യമാണ്' ദീപ്തി എളുപ്പത്തില്‍ കൃഷിചെയ്യാനുള്ള മാര്‍ഗം വിശദീകരിക്കുന്നു.

നിങ്ങള്‍ ടിഷ്യൂ പേപ്പറാണ് ഉപയോഗിക്കുന്നതെങ്കില്‍ വെള്ളത്തില്‍ കുതിര്‍ക്കാതിരിക്കണം. പക്ഷേ ഈര്‍പ്പം നിലനിര്‍ത്തണം. നേരിട്ട് സൂര്യപ്രകാശം വിത്തില്‍ പതിയാതിരിക്കണം.

ചെറുപയര്‍, രാജ്മ, ചന എന്നിവയും വളര്‍ത്താം. ഇവയുടെ വിത്തുകള്‍ ഒരു രാത്രി വെള്ളത്തില്‍ കുതിര്‍ത്തുവെക്കുക. ടിഷ്യുപേപ്പറില്‍ തന്നെ വിത്ത് മുളപ്പിക്കാം. അതിനുശേഷം മണ്ണിലേക്ക് നടാം. കട്ടിയുള്ള വിത്തുകള്‍ മുളച്ചുണ്ടാകുന്ന തൈകള്‍ നേരിട്ട് മണ്ണിലേക്ക് നടാം.

'ചെറിയ കുഴികള്‍ മണ്ണിലുണ്ടാക്കി വിത്തുകള്‍ മുകളില്‍ നിന്ന് കുഴിയിലേക്കിടുകയാണ് ചെയ്യുന്നത്. പാവയ്ക്കയും മത്തങ്ങയും കൃഷി ചെയ്യാന്‍ ഇങ്ങനെചെയ്യുന്നതാണ് നല്ലത്. ' വാളന്‍പുളിയുടെ വിത്തുകളും ചെറുനാരങ്ങയുടെ വിത്തുകളും 20 ഇഞ്ച് വലിപ്പമുള്ള പാത്രത്തില്‍ വളര്‍ത്താം.

കമ്പോസ്റ്റ് വീട്ടില്‍ ഉണ്ടാക്കാന്‍ കഴിയാത്തവര്‍ക്കായി ദീപ്തി ചില ടിപ്‌സ് പറയുന്നു. 'പച്ചക്കറികളുടെയും പഴങ്ങളുടെയും തൊലികള്‍ അരച്ച് പേസ്റ്റ് രൂപത്തിലാക്കി ഒരു കപ്പിന് നാല് കപ്പ് വെള്ളമെന്ന രീതിയില്‍ ചേര്‍ത്ത് നേര്‍പ്പിച്ച് ചെടികള്‍ക്ക് ഒഴിക്കാം. വാഴപ്പഴത്തിന്റെ തൊലിയാണ് ഈ രീതിയില്‍ ഏറ്റവും ഗുണകരം.'

മുട്ടത്തോടും മത്സ്യത്തിന്റെ എല്ലുകളും മൈക്രോവേവ് ഓവനില്‍ വെച്ച് നിര്‍ജലീകരണം നടത്തി മണ്ണില്‍ ചേര്‍ക്കാം. ഈ വസ്തുക്കള്‍ പെട്ടെന്ന് അഴുകിച്ചേരാത്തതുകൊണ്ട് ചെടികള്‍ക്ക് ദീര്‍ഘകാലത്തിനുശേഷമേ പോഷകം ലഭിക്കുകയുള്ളുവെന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നത്.

click me!