കര്‍ഷകര്‍ക്ക് ഉപദ്രവകാരി തന്നെ കാട്ടുപന്നി, പക്ഷേ, പടക്കംപൊട്ടിച്ച് കൊല്ലുന്നതാണോ യഥാര്‍ഥ പ്രതിവിധി?

By Nitha S VFirst Published Jun 5, 2020, 2:04 PM IST
Highlights

അശാസ്ത്രീയമായ രീതിയില്‍ പടക്കം പൊട്ടിച്ചാല്‍ കാട്ടുപന്നികള്‍ക്ക് അംഗഭംഗം സംഭവിച്ചാല്‍ കൂടുതല്‍ പ്രകോപിതരാകാനുള്ള സാധ്യതയുമുണ്ട്. വിളനാശം മുന്‍നിര്‍ത്തി കര്‍ഷകര്‍ തോന്നിയപോലെ പന്നികളെ കൊന്നൊടുക്കാന്‍ തീരുമാനിച്ചാല്‍ ഗുണത്തേക്കാളേറെ ദോഷമാണുണ്ടാകുന്നത്.

കര്‍ഷകരുടെ ദുരിതവും കണ്ണുനീരിന്റെ വിലയും മനസിലാക്കുമ്പോഴും അശാസ്ത്രീയമായ രീതിയില്‍ കാട്ടുപന്നികളെ പടക്കം പൊട്ടിച്ച് കൊന്നൊടുക്കുന്നത് ഒന്നിനും പരിഹാരമല്ലെന്ന് പലരും തിരിച്ചറിയപ്പെടാതെ പോകുന്നു. എല്ലാ തവണയും ദുരന്തങ്ങള്‍ വരുമ്പോള്‍ ചര്‍ച്ചകള്‍ പരമാവധി ഒരാഴ്ചയോളം നിലനില്‍ക്കും. പിന്നീട് എല്ലാവരും എല്ലാം സൗകര്യപൂര്‍വം മറക്കും. ഇപ്പോള്‍ ആനയ്ക്ക് സംഭവിച്ച ദുരന്തം അത്തരത്തില്‍ മറന്നുകളയാതെ ശാസ്ത്രീയമായ രീതിയില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള മുന്നറിയിപ്പായി എല്ലാവരും കാണേണ്ടതുണ്ട്.

'കാട്ടുപന്നികള്‍ അനിയന്ത്രിതമായി പെറ്റുപെരുകി നാട്ടിലേക്ക് വന്ന് കര്‍ഷകരുടെ വിളകള്‍ നശിപ്പിക്കുന്നത് നിയന്ത്രിക്കേണ്ടതാണ്. അതുപോലെ തന്നെയുള്ള മറ്റൊരു കാര്യമാണ് തെരുവുപട്ടികള്‍ ശല്യമാകുമ്പോള്‍ കൊന്നൊടുക്കണമെന്നതും. ഇങ്ങനെയുള്ള തെരുവുനായ്ക്കളെ പിടിക്കാന്‍ തെരുവിലേക്കിറങ്ങുന്നവര്‍ക്ക് കിട്ടുന്നത് മനുഷ്യരോട് ഇണങ്ങി ജീവിക്കുന്ന പട്ടികളെയായിരിക്കും. മനുഷ്യരെ കടിക്കുന്ന പട്ടികള്‍ അപ്പോഴും ദൂരസ്ഥലങ്ങളിലേക്ക് ഓടി രക്ഷപ്പെടാം. അതിനാലാണ് പട്ടികളെ പിടിച്ച് വന്ധ്യംകരിക്കുന്നതാണ് ശാസ്ത്രീയമാര്‍ഗം എന്നുപറയുന്നത്. ഇത്തരം ശാസ്ത്രീയമായ രീതികള്‍ മാത്രമേ ആത്യന്തികമായി നിലനില്‍ക്കുകയുള്ളൂ.' കേരള വെറ്ററിനറി യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ. എസ് ഹരികൃഷ്ണന്‍ ചില ശാസ്ത്രീയമായ അറിവുകള്‍ ഈ വിഷയത്തില്‍ പങ്കുവെക്കുകയാണ്.

കാട്ടുപന്നികളുടെ ആക്രമണം കാരണം പകല്‍ സമയത്ത് പോലും കൃഷിസ്ഥലത്ത് ഇറങ്ങാന്‍ മടിക്കുന്ന കര്‍ഷകരുണ്ട്. കലഞ്ഞൂര്‍, കൊടുമണ്‍ പഞ്ചായത്തുകളില്‍ റബ്ബര്‍ പ്ലാന്റേഷന്‍റെ ചുറ്റിലുമുള്ള കര്‍ഷകര്‍ക്ക് കാട്ടുപന്നികള്‍ കൂട്ടത്തോടെ ഇറങ്ങിവന്ന് കൃഷിനാശമുണ്ടാക്കുന്നത് വലിയ തലവേദനയാണ്. വഴിയാത്രക്കാര്‍ക്കും ഇവയുടെ ആക്രമണം ഏല്‍ക്കാറുണ്ട്. ഇവിടെ പന്നികള്‍ ജനവാസമേഖലയില്‍ ഇറങ്ങാതിരിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സോളാര്‍ വേലി സ്ഥാപിച്ചിരുന്നു. സോളാര്‍പാനലിന് തകരാര്‍ സംഭവിച്ചപ്പോള്‍ അറ്റകുറ്റപ്പണികള്‍ പോലും ആരും നടത്താതായി. പ്ലാന്റേഷനിലും വനംവകുപ്പിലും പരാതി നല്‍കിയാലും നടപടിയെടുക്കാറില്ലെന്ന് ഗ്രാമപ്പഞ്ചായത്തംഗങ്ങളും വ്യക്തമാക്കിയിരുന്നു.

'നാല് മാസമാണ് കാട്ടുപന്നികളുടെ ഗര്‍ഭകാലം. ഓരോ പ്രസവത്തിലും ശരാശരി നാല് കുഞ്ഞുങ്ങളെ പ്രസവിക്കും. കാട്ടിലാണെങ്കില്‍ ഇവ പെറ്റുപെരുകുമ്പോഴേക്കും അവിടെയുള്ള വലിയ മൃഗങ്ങള്‍ ഇവയെ പിടിച്ച് തിന്ന് പ്രകൃതിദത്തമായ സന്തുലിതാവസ്ഥ നിലനില്‍ക്കും. എന്നാല്‍, നാട്ടിലേക്ക് ഇറങ്ങുമ്പോള്‍ ഇവയ്ക്ക് പെരുകാനുള്ള സാഹചര്യമാണുണ്ടാകുന്നത്' ഡോ. ഹരി പറയുന്നു.

അശാസ്ത്രീയമായ രീതിയില്‍ പടക്കം പൊട്ടിച്ചാല്‍ കാട്ടുപന്നികള്‍ക്ക് അംഗഭംഗം സംഭവിച്ചാല്‍ കൂടുതല്‍ പ്രകോപിതരാകാനുള്ള സാധ്യതയുമുണ്ട്. വിളനാശം മുന്‍നിര്‍ത്തി കര്‍ഷകര്‍ തോന്നിയപോലെ പന്നികളെ കൊന്നൊടുക്കാന്‍ തീരുമാനിച്ചാല്‍ ഗുണത്തേക്കാളേറെ ദോഷമാണുണ്ടാകുന്നത്.

'കാട്ടുപന്നികള്‍ വ്യാപകമായി കൃഷിനാശമുണ്ടാക്കുന്നുവെന്നത് സത്യമാണ്. മൂക്ക് കൊണ്ട് തുരന്നെടുക്കാനുള്ള കഴിവും കോമ്പല്ലുകളുമൊക്കെ വിളകള്‍ നശിപ്പിക്കാന്‍ പര്യാപ്‍തമാണ്. മനുഷ്യരും മൃഗങ്ങളും തമ്മില്‍ നടന്ന ആക്രമണത്തിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ നാളിതുവരെ ഏഴായിരത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‍തിട്ടുണ്ട്. ഇതില്‍ ഏകദേശം 1300 -ല്‍പ്പരം നാശനഷ്‍ടങ്ങളുണ്ടാക്കിയത് കാട്ടുപന്നികളാണ്. കൃഷിയിടത്തില്‍ 40 ശതമാനത്തോളം നാശമുണ്ടാക്കുന്നത് ഇവയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കപ്പ, വാഴപ്പഴം, കിഴങ്ങുവര്‍ഗങ്ങള്‍, നെല്ല് എന്നിവയെല്ലാം നശിപ്പിക്കാറുണ്ട്. ഇത് ഒഴിവാക്കാന്‍ വൈദ്യത വേലികള്‍ ഉണ്ടാക്കിയപ്പോള്‍ അബദ്ധത്തില്‍ മനുഷ്യര്‍ക്കും അപകടം സംഭവിക്കുകയും ജീവനുകള്‍ പൊലിയുകയും ചെയ്‍തിട്ടുണ്ട്.' ഹരികൃഷ്‍ണന്‍ വിശദമാക്കുന്നു.

വന്യജീവി നിയമത്തിന്റെ മൂന്നാംപട്ടികയില്‍

മൂന്നാംപട്ടികയില്‍ ഉള്‍പ്പെട്ട കാട്ടുപന്നിയെ അഞ്ചാംപട്ടികയിലേക്ക് മാറ്റാനുള്ള നിര്‍ദേശം മുന്നോട്ട് വന്നിരുന്നു. വിളനാശമുണ്ടാക്കുന്ന മേഖലയില്‍ കാട്ടുപന്നിയെ ഉപദ്രവകാരിയായി പ്രഖ്യാപിക്കണമെന്നതായിരുന്നു ആ നിര്‍ദേശം. എന്നാല്‍ മാന്‍ ഉള്‍പ്പെടെയുള്ള സംരക്ഷിക്കപ്പെടേണ്ട വന്യജീവികളെ വേട്ടയാടി അവയുടെ ഇറച്ചി കാട്ടുപന്നിയുടേതെന്ന വ്യാജേന കടത്താനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് അന്ന് പട്ടികമാറ്റം വേണ്ടെന്ന് സംസ്ഥാന വന്യജീവി ബോര്‍ഡ് തീരുമാനിച്ചത്.

വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുണ്ടാകുന്ന പ്രശ്‍നങ്ങള്‍ പരിഹരിക്കാന്‍ ഡെറാഡൂണിലെ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ ബോര്‍ഡ് ചുമതലപ്പെടുത്തുകയും ചെയ്‍തു.

'ലൈസന്‍സുള്ള തോക്കുള്ളയാള്‍ക്ക് കാട്ടുപന്നിയെ കൊല്ലാമെന്ന് പുതിയ ഉത്തരവ് വന്നിട്ടുണ്ട്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് അനുസരിച്ച് ലൈസന്‍സുള്ള തോക്കുകള്‍ വെച്ച് അവയെ കൊല്ലാവുന്നതാണ്. അപ്പോഴും ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അബദ്ധത്തില്‍ നാട്ടില്‍വന്നുപെട്ടുപോയതാണോ എന്ന് പരിശോധിക്കണം. മുലയൂട്ടുന്ന വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാന്‍പാടില്ലെന്നും നിയമമുണ്ട്. കൊന്നശേഷം പോസ്റ്റ്മോര്‍ട്ടം നടത്തി ശാസ്ത്രീയമായ രീതിയില്‍ മറവുചെയ്യുകയെന്നതുമാത്രമാണ് അനുവദിച്ചിട്ടുള്ളത്. അല്ലാതെ തോന്നിയപോലെ പടക്കം പൊട്ടിച്ച് കൊല്ലാനുള്ള അധികാരം ആര്‍ക്കും കൊടുത്തിട്ടില്ല. ഏകദേശം മൂന്ന് വര്‍ഷക്കാലയളവില്‍ ഒരിക്കലെങ്കിലും കൃഷിനാശം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളിലും പത്തുക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ച ഇടങ്ങളിലുമാണ് ഇത്തരത്തില്‍ വെടിവെച്ച് കൊല്ലാനുള്ള അനുമതി കൊടുത്തിട്ടുള്ളത്. പന്നിപ്പടക്കം വെച്ചതാണെന്ന് ന്യായീകരിക്കുന്നവരുണ്ട്. കാട്ടുപന്നിയാണെങ്കില്‍പ്പോലും ആ രീതിയില്‍ കൊല്ലേണ്ടതല്ല.' കാട്ടുപന്നിക്ക് വെച്ചത് ആനയെടുത്തു കഴിച്ചതില്‍ ഇത്രത്തോളം കോലാഹലമുണ്ടാക്കണോ എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയാണിത്.

വിദേശരാജ്യങ്ങളില്‍ കൃത്യമായ വിവരങ്ങള്‍ അവരുടെ കൈയിലുണ്ട്. പെറ്റുപെരുകുന്ന മൃഗങ്ങള്‍ ഒരു പരിധിക്ക് പുറത്താകുമ്പോള്‍ അവര്‍ വേട്ടയ്ക്കായുള്ള അനുമതി കൊടുക്കുന്നുണ്ട്. അത്തരം കാര്യങ്ങള്‍ ഇവിടെയില്ല. കാടിന്റെയും നാടിന്റെയും അതിര്‍ത്തിപ്രദേശങ്ങളില്‍ കൃഷി കൂടുതലുള്ളതുകൊണ്ടാണ് അവിടെ മൃഗങ്ങള്‍ പെറ്റുപെരുകുകയും കൃഷിനാശം സംഭവിക്കുകയും മനുഷ്യര്‍ പ്രകോപിതരാകുകയും ചെയ്യുന്നതെന്ന് ഡോ. ഹരി സൂചിപ്പിക്കുന്നു.

2017-18 സാമ്പത്തിക വര്‍ഷത്തിലെ കണക്കനുസരിച്ച് 36 പേര്‍ വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കൃഷിനാശം കാരണം 9.63 കോടി രൂപ നഷ്ടപരിഹാരം നല്‍കി. സൗരോര്‍ജ്ജ കമ്പിവേലി, ആന പ്രതിരോധത്തിനായുള്ള കിടങ്ങുകള്‍, ജൈവവേലി എന്നിവ ഉണ്ടാക്കാനായി കിഫ്ബിയില്‍ 100 കോടിയും വകയിരുത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുമ്പോള്‍, ചിക്കനും മട്ടനും കഴിച്ച് പലരും ആനയെക്കുറിച്ച് കരയുന്നുവെന്ന രീതിയില്‍ സോഷ്യല്‍മീഡിയയില്‍ പരിഹസിക്കുന്നവരോട് ഹരികൃഷ്‍ണന് പറയാനുള്ളത് ഇതാണ്, 'പ്രകൃതിയുടെ സന്തുലിതാവസ്ഥ പാലിക്കാന്‍ വേണ്ടിയാണ് ശാസ്ത്രീയമായ രീതിയില്‍ കോഴികളെയും മൃഗങ്ങളെയും വളര്‍ത്തുന്നതും ഭക്ഷണമാക്കുന്നതും. ചീര വളര്‍ത്തി പാചകം ചെയ്‍ത് കഴിച്ചിട്ട് മരം വെട്ടരുതെന്ന് നിങ്ങള്‍ പ്രസംഗിക്കുന്നതുപോലെയാണ് ഇത്തരം യുക്തിരഹിതമായ ആരോപണങ്ങള്‍. നമ്മള്‍ കഴിക്കാനായി അംഗീകരിച്ചിട്ടുള്ള മൃഗങ്ങളെ മാത്രമേ ശാസ്ത്രീയമായി വളര്‍ത്തി ഭക്ഷണമാക്കുന്നുള്ളു. കടുവയെയും പുലിയെയുമൊന്നും ആരും വേട്ടയാടിപ്പിടിച്ച് കഴിക്കുന്നില്ലല്ലോ.'

click me!