തമിഴകം പിടിച്ചത് സ്റ്റാലിന്റെ തന്ത്രങ്ങള്‍; ഡിഎംകെയെ പൊളിക്കാന്‍ രജനി വരുമോ?

By Manu SankarFirst Published May 27, 2019, 12:39 PM IST
Highlights

മോദിതരംഗം രാജ്യമാകെ ആഞ്ഞുവീശിയ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തമിഴകത്ത് എന്താണ് സംഭവിച്ചത്? ഡിഎംകെയുടെ നേട്ടങ്ങളുടെ പശ്ചാത്തലത്തില്‍, ഇനി എന്തു മാറ്റമാവും അവിടെ വരാനിരിക്കുന്നത്? രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഉടനെ ഉണ്ടാവുമോ? ഏഷ്യാനെറ്റ് ന്യൂസ് ചെന്നൈ ലേഖകന്‍ മനു ശങ്കര്‍ എഴുതുന്നു

കഴിഞ്ഞ ലോക്‌സഭയിലെ ശൂന്യതയില്‍ നിന്ന് ഇത്തവണ ഏറ്റവും വലിയ മൂന്നാം കക്ഷിയിലേക്കുള്ള ഡിഎംകെയുടെ കുതിപ്പ് കൃത്യമായ ആസൂത്രണത്തോടെയാണ്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ചെയ്തത് പോലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമല്ല ഡിഎംകെ പ്രചാരണം തുടങ്ങിയത്. 2017 മുതല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സമരരംഗത്തിറങ്ങി. ജനകീയപ്രശ്‌നങ്ങളുടെ പരിഹാരമാര്‍ഗം ഡിഎംകെയിലൂടെ എന്ന പ്രതീതി പോലും തമിഴകത്ത് വളര്‍ത്തി.

ചെന്നൈ തേനംപേട്ടിലെ ഡിഎംകെ ആസ്ഥാനമായ അണ്ണാഅറിവാലയത്തിന് ചുറ്റും പാറിനടക്കാത്ത മാധ്യമപ്രവര്‍ത്തര്‍ തമിഴ്‌നാട്ടില്‍ ഉണ്ടാകില്ല. ജയലളിതയുടെ വിയോഗത്തോടെ കെട്ടഴിഞ്ഞ അണ്ണാ ഡിഎംകെ ആസ്ഥാനത്തേക്കാള്‍ ഇന്ന് മാധ്യമങ്ങള്‍ കാത്ത് കിടക്കുന്നതും ഡിഎംകെ ആസ്ഥാനത്താണ്. അധികാരകേന്ദ്രങ്ങളുടെ പറിച്ചുനടല്‍ പെട്ടെന്ന് ഉണ്ടായതല്ല, കോണ്‍ഗ്രസിനും മറ്റു പ്രദേശിക പാര്‍ട്ടികള്‍ക്കും മാതൃകയാകുന്ന രാഷ്ട്രീയ മനസ്സ് വായിച്ചെടിക്കാം ഡിഎംകെ കേന്ദ്രങ്ങളില്‍ നിന്ന്. 

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പേ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്റെ പ്രതികരണത്തിനായി മുട്ടാത്ത വാതിലുകളില്ല. സ്റ്റാലിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റിനെ മാറി മാറി വിളിച്ചെങ്കിലും കനത്ത തിരക്കെന്നായിരുന്നു മറുപടി. അല്‍വാര്‍പേട്ടിലെ വസതിയില്‍ നേരിട്ട് പോയി നോക്കി, പലവട്ടം; തലൈവര്‍ ഏതെങ്കിലും സമയത്ത് രാത്രിയിലെത്തും; രാവിലെ പോകുമെന്ന് ഗെയ്റ്റിലെ സെക്യൂരിറ്റി അടക്കം ഒരേ സ്വരത്തില്‍ ആവര്‍ത്തിച്ചു. വീണ്ടും ശ്രമിച്ചു, രക്ഷയില്ലെന്ന് പിഎയുടെ ശബ്ദം മറുതലയ്ക്കല്‍ ആവര്‍ത്തിച്ച് കൊണ്ടേയിരുന്നു. 

പ്രചാരണം തുടങ്ങിയതോടെ നയം മാറ്റി.സ്റ്റാലിന്റെ ഷെഡ്യൂളുകള്‍ നോക്കി പിന്തുടരാമെന്നായി. ഒരു ദിവസം പത്തോളം പ്രചാരണ പരിപാടികള്‍. രാവിലെ തൂത്തുക്കുടിയിലെങ്കില്‍ വൈകിട്ട് പൊള്ളാച്ചിയില്‍. രാവിലെയും രാത്രിയും മാത്രം പ്രചാരണം എന്നതിനാല്‍ ഉച്ചയ്ക്ക് ഹോട്ടലില്‍ ഊണും അല്‍പം മയക്കവുമാണ് സ്റ്റാലിന്റെ പതിവ്. ഇത് പറ്റിയ സമയം എന്ന് കണക്കുകൂട്ടി  ഹോട്ടല്‍ മുറികള്‍ക്ക് പുറത്ത് മണിക്കൂറുകള്‍ കാത്ത് നിന്നെങ്കിലും അകത്തേക്ക് പ്രവേശനം ലഭിച്ചില്ല. പ്രചാരണത്തിനായി പുറത്തേക്ക് ഇറങ്ങിയ സമയങ്ങളില്‍ മൈക്ക് നീട്ടി. കണ്ട ഭാവം നടിച്ചില്ല. തേനി, തൂത്തുക്കുടി, മധുര കാരൂര്‍ എന്നിവിടങ്ങളിലായി രംഗം തുടര്‍ന്നു.. സഖ്യ ചിത്രം വ്യക്തമാകാതെ മിണ്ടില്ലെന്നും ശല്ല്യപ്പെടുത്തരുതെന്നും കൈയ്യില്‍ തട്ടി പിഎയുടെ ഉപദേശം ഓരോ തവണയും ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ വാക്ക് പാലിച്ചു. പുതുച്ചേരിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രതികരിച്ചു. രാഹുല്‍ ഗാന്ധി  പ്രധാനമന്ത്രിയാകുമെന്ന് ആദ്യം നിര്‍ദേശിച്ചത് തന്നെ താനാണെന്ന് ആവര്‍ത്തിച്ച് സ്യൂട്ട് റൂമില്‍ നിന്ന് തലൈവര്‍ ഇറങ്ങി.

കഴിഞ്ഞ ലോക്‌സഭയിലെ ശൂന്യതയില്‍ നിന്ന് ഇത്തവണ ഏറ്റവും വലിയ മൂന്നാം കക്ഷിയിലേക്കുള്ള ഡിഎംകെയുടെ കുതിപ്പ് കൃത്യമായ ആസൂത്രണത്തോടെയാണ്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ചെയ്തത് പോലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമല്ല ഡിഎംകെ പ്രചാരണം തുടങ്ങിയത്. 2017 മുതല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സമരരംഗത്തിറങ്ങി. ജനകീയപ്രശ്‌നങ്ങളുടെ പരിഹാരമാര്‍ഗം ഡിഎംകെയിലൂടെ എന്ന പ്രതീതി പോലും തമിഴകത്ത് വളര്‍ത്തി. തമിഴകത്തെ ആകെ ഉലച്ച തൂത്തുക്കുടി വെടിവയ്പ്പ്, നീറ്റ്, സേലം ചെന്നൈ ദേശീയ പാത പ്രശ്‌നം, കാര്‍ഷിക പ്രതിസന്ധി തുടങ്ങിയവയില്‍ നിരന്തരം പ്രതിഷേധം സംഘടിപ്പിച്ചു. സൗഹൃദ പാര്‍ട്ടികളെ കൂടി ഉള്‍പ്പെടുത്തി സമരം വ്യാപിപ്പിച്ചു.കാവേരി നദിക്ക് കുറുകെയുള്ള അണക്കെട്ട് നിര്‍മ്മാണം മുതല്‍ ഒടുവിലത്തെ പൊള്ളാച്ചി പീഡന കേസ് പ്രതിഷേധങ്ങളുടെ വരെ നേതൃത്വം ഏറ്റെടുക്കാനും പ്രചരിപ്പിക്കാനും സ്റ്റാലിന് കഴിഞ്ഞു. തീവ്രദേശീയത ഉള്‍പ്പടെയുള്ള അതിവൈകാരിക വിഷയങ്ങള്‍ ജനകീയ പ്രശ്‌നങ്ങളെ മറികടക്കുന്നില്ലെന്ന് പ്രചരിപ്പിക്കാനായി. ദ്രാവിഡ മണ്ണില്‍ അണ്ണാ ഡിഎംകെയ്ക്ക് ഒപ്പം വേരുപടര്‍ത്താനെത്തിയ ബിജെപിക്ക് എതിരെ കേന്ദ്രഭരണ വികാരം ആളികത്തിച്ചു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച ഇടതുപാര്‍ട്ടികള്‍ക്ക് രണ്ടിനും കൂടി ഒരു ശതമാനം വോട്ടാണ് ലഭിച്ചത്.സിപിഎമ്മിനും സിപിഐയ്ക്കും രണ്ടു സീറ്റുകള്‍ വീതം നല്‍കിയപ്പോള്‍ കൂടുതലായില്ലേയെന്ന് പാര്‍ട്ടിക്കുള്ളില്‍ പോലും സംശയമുയര്‍ന്നു.എന്നാല്‍ ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ വിട്ടുവീഴ്ച വേണമെന്നായിരുന്നു സ്റ്റാലിന്റെ നിര്‍ദേശം.

മമതയും മായാവതിയും അടക്കം പ്രധാനമന്ത്രി മോഹവുമായി കോണ്‍ഗ്രസിനെ അകറ്റിനിര്‍ത്തിയപ്പോഴും സ്റ്റാലിന്‍ രാഷ്ട്രീയ നിലപാടില്‍ ഉറച്ച് നിന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത്പാര്‍ട്ടികളും വിസികെയും ഉള്‍പ്പെട്ട മൂന്നാം മുന്നണി പിടിച്ച വോട്ട് ഭിന്നിക്കാതെ ഒപ്പം നിന്നു. മോദി ഷാ കൂട്ടുകെട്ടിന്റെ പ്രചാരണ തന്ത്രം കളത്തിലറങ്ങിയുള്ള പ്രകടനം കൊണ്ട് മറികടന്നു. ഗജ ചുഴലിക്കാറ്റിലടക്കം വേണ്ടത്ര നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും പരാജയപ്പെട്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഡിഎംകെയ്ക്ക് കഴിഞ്ഞു. ജനകീയ പ്രശ്‌നങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വീഴ്ചയെന്ന് കൃത്യമായി ബോധ്യപ്പെടുത്തി. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ജനവികാരം ആളിക്കത്തി. ഫലമോ, അണ്ണാഡിഎംകെ കൂട്ടുകെട്ടിന്റെ ഭാഗമായിട്ടും ബിജെപി മത്സരിച്ച അഞ്ചിടത്തും സിറ്റിങ്ങില്‍ സീറ്റില്‍ ഉള്‍പ്പടെ തോറ്റമ്പി.

ലോക്‌സഭാ തിരിച്ചടിക്ക് ഇടയിലും ഉപതിരഞ്ഞെടുപ്പില്‍ ഒന്‍പത് സീറ്റുകള്‍ ജയിച്ച് സര്‍ക്കാരിനെ തല്‍ക്കാലം പിടിച്ചുനിര്‍ത്താനായതാണ് അണ്ണാഡിഎംകെയുടെ ആശ്വാസം. കേന്ദ്രമന്ത്രിസഭയിലേക്ക് അണ്ണാഡിഎംകെയിലെ ഏക വിജയിയായ മകന്‍ രവീന്ദ്രനാഥിനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം പനീര്‍സെല്‍വം ശക്തമാക്കിയിട്ടുണ്ട്. വിചാരിച്ചത് ഒന്നും നേടാത്ത തമിഴകത്ത് ബിജെപിയുടെ അടുത്ത കരുനീക്കം എന്തെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. ബിജെപി തമിഴ്‌നാട് നേതൃത്വം പൊളിച്ചെഴുത്തിലേക്ക് കടക്കുകയാണ്. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് തമിഴസൈ സൗന്ദരരാജന് എതിരെ പുതിയ ആള്‍ക്കായുള്ള ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. 

അഭ്യൂഹങ്ങള്‍ പലതാണ്; ഏറ്റവും ഒടുവില്‍ ഡിഎംകെ ക്യാമ്പുകളില്‍ പോലും ഇടനേര ചര്‍ച്ച രജനീകാന്തിനെക്കുറിച്ചാണ്. രാഷ്ട്രീയ സാഹചര്യം മാറ്റിമറിക്കാന്‍ പോരുന്ന രംഗപ്രവേശനമാകും രജനിയുടേതെന്ന് പാര്‍ട്ടി വിചാരിക്കുന്നു. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചെങ്കിലും പാര്‍ട്ടി പ്രഖ്യാപനം നടത്തിയിട്ടില്ല താരം. സംസ്ഥാന പ്രശ്‌നങ്ങളാണ് ലക്ഷ്യമെന്ന് നേരത്തെ തന്നെ രജനി വ്യക്തമാക്കിയിരുന്നു. എംജിആറിന്റെ ശൈലിക്ക് തുടര്‍ച്ച. ജയലളിതയുടെ വിയോഗമുണ്ടാക്കിയ ശൂന്യതയ്ക്ക് പരിഹാരം. രാഷ്ട്രീയപ്രവേശനത്തിലൂടെ എന്താണ് ലക്ഷ്യമിടുന്നതെന്ന് രജനികാന്ത് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. രജനിയുടെ പാര്‍ട്ടി പ്രഖ്യാപനത്തോടെ ദ്രാവിഡ രാഷ്ട്രീയത്തില്‍ പുതിയ സമവാക്യം കുറിക്കപ്പെടുമോ എന്ന് കണ്ടറിയാം...

click me!