Latest Videos

തെരഞ്ഞെടുപ്പ് രാഷ്ട്രീയ വികാരമല്ല, കടമയാണ്

By Web TeamFirst Published Mar 18, 2019, 5:36 PM IST
Highlights

"വോട്ടവകാശം വിനിയോഗിക്കുക എന്നുള്ളത് നമ്മുടെ ഉത്തരവാദിത്തമല്ലേ, ആ കടമ ഞാന്‍ കൃത്യമായി നിര്‍വ്വഹിക്കാറുണ്ട്."

പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് ഇനി ദിവസങ്ങൾ മാത്രം. പാര്‍ട്ടികളും അവരുടെ സ്ഥാനാര്‍ത്ഥികളും ഒപ്പം സമ്മതിദായകരും തെരഞ്ഞെടുപ്പിന്‍റെ ചൂടിലേക്ക് ഇറങ്ങിക്കഴിഞ്ഞു. ഓരോരുത്തർക്കും ആർക്ക് വോട്ട് ചെയ്യണം, എന്തുകൊണ്ട് വോട്ട് ചെയ്യണം, ജനപ്രതിനിധികളില്‍ നിന്നും തങ്ങളെന്തൊക്കെയാണ് പ്രതീക്ഷിക്കുന്നത് തുടങ്ങിയവയെക്കുറിച്ചെല്ലാം വ്യക്തമായ ധാരണകളുണ്ട്. അവരുടെ ഇഷ്ടങ്ങളെക്കുറിച്ചും തെരഞ്ഞെടുപ്പിനെക്കുറിച്ചും അവര്‍ തന്നെ സംസാരിക്കുന്നു...  

"വോട്ടവകാശം വിനിയോഗിക്കുക എന്നുള്ളത് നമ്മുടെ ഉത്തരവാദിത്തമല്ലേ, ആ കടമ ഞാന്‍ കൃത്യമായി നിര്‍വ്വഹിക്കാറുണ്ട്." സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് നിമിഷ സജയന്‍ ഓരോ തെരഞ്ഞെടുപ്പിനെയും തനിക്ക് കടമ ചെയ്യാനുള്ള അവസരമായാണ് നോക്കിക്കാണുന്നത്. 

കന്നിവോട്ട് മുതല്‍ വളരെ ശ്രദ്ധയോടെയാണ് ചെയ്തിട്ടുള്ളതെന്ന് നിമിഷ പറയുന്നു. രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളെ വളരെ സൂക്ഷ്മതയോടെ വിശകലനം ചെയ്യാറുണ്ടെന്നും നിമിഷ സമ്മതിക്കുന്നു.മലയാളിയാണെങ്കിലും മുംബൈയില്‍ സ്ഥിരതാമസക്കാരിയായതിനാല്‍ നിമിഷയുടെ വോട്ടും അവിടെത്തന്നെയാണ്. താനെ ആണ് നിമിഷയുടെ ലോക്‌സഭാ മണ്ഡലം.

മഹാരാഷ്ട്രയിലെ താനെയില്‍ ശിവസേനയുടെ രാജന്‍ വിചാരെ ആണ് നിലവിലെ ലോക്‌സഭാംഗം. ബിജെപി, കോണ്‍ഗ്രസ്, ശിവസേന സ്ഥാനാര്‍ഥികളെ മാറിമാറി വിജയിപ്പിച്ച ചരിത്രമാണ് താനെയുടേത്. 

click me!