ചക്‌ദഹയില്‍ നിന്ന് ലോര്‍ഡ്‌സിലേക്ക്; ജുലൻ ഗോസ്വാമിയുടെ അവിശ്വസനീയ യാത്രയിലെ അറിയാക്കഥകള്‍

By P R VandanaFirst Published Sep 25, 2022, 6:07 PM IST
Highlights

പശ്ചിമ ബംഗാളിലെ ചക്ദഹ എന്ന ചെറുപട്ടണത്തിൽ ജനിച്ച ജുലൻ ഗോസ്വാമിയുടെ വംശാവലിയിൽ സ്പോർട്സിന്റെ മത്സരവീര്യം ഉണ്ടായിരുന്നില്ല

ലോര്‍ഡ്‌സ്: പന്തുമായി മൈതാനത്തേക്ക് ഇറങ്ങുമ്പോൾ സ്റ്റേഡിയത്തിൽ കാണാൻ നിറയെ ആളുണ്ടോ, പുരുഷൻമാരുടെ ടീമിന് കിട്ടുന്ന പിന്തുണയും അംഗീകാരവും ഒക്കെ കിട്ടുമോ എന്നൊന്നും മനസ്സിലുണ്ടാവില്ല. മുന്നിൽ ബാറ്റുമായി നിൽക്കുന്ന കളിക്കാരിയും വിക്കറ്റ് എറിഞ്ഞിടാൻ വീഴ്ത്തേണ്ട സ്റ്റമ്പും മാത്രമാകും മുന്നിൽ. മനസ്സിലും... പറഞ്ഞത് ജുലൻ ഗോസ്വാമി. ഇന്ത്യൻ വനിതാ ക്രിക്കറ്റ് കണ്ട വലിയ താരങ്ങളിൽ ഒരുവൾ. പറയാൻ പ്രചോദനമായത് സ്വജീവിതം ആസ്പദമാക്കിയുള്ള സിനിമ. ചക്ദ എക്സ്പ്രസ് വനിതാ ക്രിക്കറ്റ് ലോകത്തെ കുറിച്ച് കണ്ണുതുറപ്പിക്കുമെന്ന് ജുലൻ ആയി പകർന്നാടുന്ന അനുഷ്ക ശർമ പറയുന്നു. മുൻവിധികളും തടസ്സങ്ങളും എല്ലാം മറികടക്കാൻ ജുലൻ നടത്തിയ സമാനതകളില്ലാത്ത പോരാട്ടവും അധ്വാനവും നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുമ്പോൾ പ്രേക്ഷകരുടെ കൂടെ ജുലനും ഉണ്ടാകും. അന്താരാഷ്ട്ര ക്രിക്കറ്റിൽ രണ്ട് പതിറ്റാണ്ടിന് ശേഷം വിരമിച്ച ജുലന് അത് പിന്നോട്ടുള്ള, ഓർമകളിലൂടെയുള്ള യാത്രയാകും.  

പശ്ചിമ ബംഗാളിലെ ചക്ദഹ എന്ന ചെറുപട്ടണത്തിൽ ജനിച്ച ജുലൻ ഗോസ്വാമിയുടെ വംശാവലിയിൽ സ്പോർട്സിന്റെ മത്സരവീര്യം ഉണ്ടായിരുന്നില്ല. ക്രിക്കറ്റ് ഇഷ്ടമായിരുന്നു എന്ന് മാത്രം. ആ ഇഷ്ടം അഭിനിവേശവും മത്സരവീര്യവും ഒക്കെയായി മാറിയത് 97ൽ. കൊൽക്കത്തയിൽ വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ മത്സരത്തിൽ ബോൾ ഗേളുകളുടെ കൂട്ടത്തിൽ ജുലനും ഉണ്ടായിരുന്നു. ന്യൂസിലാൻഡിനെ തോൽപിച്ച സന്തോഷത്തിൽ ഓസ്ട്രേലിയൻ വനിതകൾ ഈഡൻ ഗാർഡൻസ് സ്റ്റേഡിയം വലംവെക്കുന്നത് കണ്ടിരുന്ന ആ പെൺകുട്ടിയുടെ മനസ്സിൽ അന്ന് ഒരു സ്വപ്നം വിരിഞ്ഞു. സ്വന്തം നാടിന് വേണ്ടി കളിക്കുക. നേട്ടങ്ങൾ സ്വന്തമാക്കുക. ആ മോഹത്തിന് ദിശാബോധം നൽകിയതും വേഗം വെപ്പിച്ചതും സ്വപൻ സാധു എന്ന കോച്ച്. മണിക്കൂറുകൾ നീണ്ട ട്രെയിൻ യാത്രക്ക് ശേഷം കൊൽക്കത്തയിലെ വിവേകാനന്ദ പാർക്കിൽ സാധുവിന് കീഴിൽ പരിശീലനത്തിന് എത്താൻ ജുലന് പ്രേരണ ആയത് അന്നത്തെ ആ സ്വപ്നമാണ്. കരുത്തായത് സ്വപ്നം നേടാൻ അധ്വാനിക്കാനുള്ള മനസ്സും. ആദ്യം ബംഗാൾ ടീമിൽ. പിന്നെ ഇന്ത്യൻ ടീമിലേക്ക്. അർപ്പണ ബോധത്തോടെ ലക്ഷ്യം മാത്രം മുന്നിൽ കണ്ട് അത്യധ്വാനം ചെയ്ത് ജുലൻ ഇന്ത്യൻ ടീം ജേഴ്സി എന്ന കിനാവസ്ത്രം സ്വന്തമാക്കി. 

വനിതകളുടെ ക്രിക്കറ്റ് ലോകത്തെ വേഗതയാര്‍ന്ന ബൗളര്‍മാരില്‍ ഒരാളായി ജുലൻ ഗോസ്വാമി മാറി. ഐസിസിയുടെ വനിതാ ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരി, ഐസിസിയുടെ റാങ്കിങ് പട്ടികയിലെ ആദ്യ ഒന്നാം സ്ഥാനക്കാരി. ഏകദിനങ്ങളിൽ 200 വിക്കറ്റ് തികച്ച ആദ്യ വനിത... പുതിയ ഉയരങ്ങൾ സ്വന്തമാക്കിയ ഇന്ത്യൻ ടീമിനൊപ്പം വനിതാക്രിക്കറ്റിൽ ജുലൻ സ്വന്തം പേജും എഴുതിച്ചേർത്തു. വനിതകളുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയിൽ മുന്നിലാണ് ജുലന്‍റെ സ്ഥാനം. 283 മാച്ചിൽ നിന്ന് 353 വിക്കറ്റ്. ഇന്ത്യക്ക് വേണ്ടി ക്രിക്കറ്റ് കളിച്ച ഏറ്റവും പ്രായം കൂടിയ വനിതയും ജുലൻ തന്നെ. ക്രിക്കറ്റിന്‍റെ തറവാട് മുറ്റമായ ലോര്‍ഡ്‌സില്‍ 39-ാം വയസില്‍ ഇംഗ്ലണ്ടിനെതിരെ ജുലന്‍ അവസാന മത്സരത്തിനിറങ്ങി. 

ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പര ജുലന്റെ വിടവാങ്ങൽ ആയപ്പോൾ ഇന്ത്യയെ നയിക്കുന്ന ഹർമൻപ്രീത് കൗറിന് അത് ആദരം അർപ്പിക്കലിന് സമം. കാരണം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ആദ്യ ചുവട് ഹർമൻ വെക്കുമ്പോൾ നയിക്കാൻ ഉണ്ടായിരുന്നത് ജുലൻ ആയിരുന്നു. പുരുഷൻ ആണെങ്കിലും സ്ത്രീ ആണെങ്കിലും ഇന്ത്യക്ക് വേണ്ടി ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കുന്ന ആർക്കും പ്രചോദനമാണ് ജുലനും ജുലന്റെ ആത്മസമർപ്പണവും അധ്വാനവും എന്ന് പറഞ്ഞത് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ടീം രൂപീകരണത്തിൽ, മുന്നോട്ടുപോക്കിൽ, പരിഗണനയിൽ, സാമ്പത്തിക പിന്തുണയിൽ എല്ലാം വനിതാക്രിക്കറ്റിനോട് പുരുഷ ക്രിക്കറ്റ് ലോകം പൊതുവെ കാണിക്കുന്ന അനാസ്ഥയക്കും അനാദരവിനും ഉള്ള പരിഹാരക്രിയ ആയിരുന്നു ആ വാക്കുകൾ. 

ക്രിക്കറ്റിന്‍റെ പുണ്യഭൂമിയായ ലോർഡ്സ് മൈതാനിയിൽ നിന്ന് വർഷങ്ങൾക്ക് മുമ്പ് ഒരു പുൽനാമ്പ് പറിച്ചെടുത്ത് സൂക്ഷിച്ചിരുന്നു ജുലൻ. ഇനി ഒരു വരവ് ഉണ്ടായില്ലെങ്കിൽ കാത്തുസൂക്ഷിക്കാൻ ഒരു സ്മരണികയായി. പക്ഷേ ജുലൻ വന്നു, നിന്നു. വരാനിരിക്കുന്ന നിരവധി താരങ്ങൾക്ക് പ്രചോദനവും വഴികാട്ടിയുമായി ജുലനെന്ന മാതൃക അവിടെ തന്നെയുണ്ട്.   

ജുലന്‍ ഗോസ്വാമിയെ കെട്ടിപിടിച്ച് വിതുമ്പി ഹര്‍മന്‍പ്രീത്; ക്യാപ്റ്റനെ ആശ്വസിപ്പിച്ച് വെറ്ററന്‍ പേസര്‍- വീഡിയോ

click me!