ബഷീറും അടൂരും മറ്റൊരു സിനിമയില്‍ ഒരുമിക്കുമ്പോള്‍...

By Web TeamFirst Published Jul 8, 2021, 4:14 PM IST
Highlights

എന്റെ ബഷീര്‍ എന്റെ അടൂര്‍ . എഴുത്തുകാരനും 'മതിലുകള്‍: ലൗ ഇന്‍ ദ റ്റൈം ഓഫ് കൊറോണ' എന്ന സിനിമയുടെ സംവിധായകനുമായ അന്‍വര്‍ അബ്ദുള്ള എഴുതുന്ന ആത്മകഥാപരമായ കുറിപ്പുകള്‍ അവസാനിക്കുന്നു

ഞാനീയിടെ ഒരു കൊച്ചുസിനിമയെടുത്തു. അതിന്റെ പേര് മതിലുകള്‍: ലൗ ഇന്‍ ദ റ്റൈം ഓഫ് കൊറോണയെന്നാണ്. ആ സിനിമയിലൂടെ ഞാന്‍ ബഷീറിനെയും അടൂരിനെയും അവരെയൊരുമിപ്പിച്ച മതിലുകളെയും ഒരു ഡീ- റീഡിംഗിനു വിധേയമാക്കുകയാണ്. ഞാന്‍ സാങ്കേതികവിദഗ്ദ്ധനല്ല. ചലച്ചിത്രകാരനാകാന്‍ ശ്രമം നടത്തുകയാണു ഞാന്‍. ഈ സിനിമ ചെയ്യാന്‍ ഞാന്‍ അടൂരിന്റെ സിനിമകള്‍ നേരത്തേ പറഞ്ഞതുപോലെ, വീണ്ടും വീണ്ടും കണ്ടു. മതിലുകള്‍ പത്തുപ്രാവശ്യമെങ്കിലും കണ്ടു. ആറു പ്രാവശ്യമെങ്കിലും വീണ്ടും വായിച്ചു. എന്നിട്ടു വേറേ കഥയും വേറേ തിരക്കഥയും വേറേ സംഭാഷണങ്ങളുമുണ്ടാക്കി. വേറെ സിനിമയാണു ചെയ്തത്. അതു നോവെല്ലയായിട്ടെഴുതി, മാദ്ധ്യമം വാരികയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. 

 

 

ഈയടുത്തും മതിലുകളും എലിപ്പത്തായവും നിരവധി തവണ കണ്ടിരുന്നു, തുടര്‍ച്ചയായിത്തന്നെ. ചിലനേരം സിനിമ യൂട്യൂബില്‍ വച്ച്, ഫോണ്‍ കമിഴ്ത്തിവച്ച്, സ്പീക്കറില്‍ ശബ്ദം മാത്രം കേള്‍ക്കും. 

അടൂര്‍ പടങ്ങളുടെ ശബ്ദം മാത്രം ശ്രദ്ധിച്ചാല്‍ വലിയ അനുഭൂതിയാണത്. മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍ഷിപ്പു മാത്രമല്ല, അതിനപ്പുറം, പൊളിറ്റിക്കല്‍ കോണ്‍ഷ്യസ്‌നെസ് എത്ര കൃത്യമാണ്!  കഥാപുരുഷന്റെ അവസാനത്തെ കഥപറച്ചില്‍ രംഗമുണ്ടല്ലോ, 'എല്ലായ്‌പോഴും നീ തന്നെ ജയിക്കുമെന്നതിന് എന്താണുറപ്പ്' എന്നു ചോദിക്കുകയും സിനിമ തീരുകയും (തുടങ്ങുകയും) ചെയ്യുന്ന ആ ജൈവവിദ്യ, മറക്കാനാകാത്തതാണത്. 

ഈയിടെ ഒരു രാഷ്ട്രീയപ്രസ്താവം നടത്തിയതിന് ചിലര്‍ ചന്ദ്രനിലേക്കയക്കാന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി കിടിലമായിരുന്നു: ''ഇതുവരെ ആളുകളെ പാക്കിസ്ഥാനിലേക്കായിരുന്നു അയച്ചിരുന്നത്, ഇപ്പോള്‍ അവിടെ സ്ഥലം തീര്‍ന്നുകാണാം. സാരമില്ല, എങ്ങോട്ടായാലും ടിക്കറ്റെടുത്തുതന്നാല്‍ വിരോധമില്ല. പിന്നെ, ഇനി അവാര്‍ഡൊന്നും കിട്ടാനില്ല. അതുകൊണ്ട് അവാര്‍ഡിനാണ് ഈ പറച്ചിലെന്നു കരുതേണ്ട. ഇനി വല്ല ജിലേബിയോ ഒക്കെ കിട്ടിയാല്‍ കൊള്ളാം.''

അന്ത ഹന്തക്കിന്ത ജിലേബി എന്ന് വി.കെ.എന്‍. പൂര്‍വകാലപ്രാബല്യത്തോടെ പറഞ്ഞത്, ഈ സന്ദര്‍ഭം താന്‍ മരിച്ചുകഴിഞ്ഞുണ്ടാകുമെന്ന ഭവിഷ്യല്‍ദര്‍ശനമൂലമാകാം.

അതുപോലെ, ഭാസ്‌കരപ്പട്ടേലര്‍ വിധേയനാക്കിയപ്പോള്‍ അടൂര്‍ വരുത്തിയ മാറ്റം. തോട്ട പൊട്ടാത്ത അമ്പലക്കുളം. അന്നതു വലിയ വിവാദമായല്ലോ. ഇന്നു വിവാദപ്പുകമാറ്റി നോക്കുമ്പോള്‍, അടൂര്‍ ഗംഭീരമായ മാറ്റമാണു വരുത്തിയിരിക്കുന്നത്. അത് പടത്തിന്റെ ആന്തരികത മാറ്റിപ്പണിയുന്നു. കഥാപാത്രങ്ങളുടെ ബലാബലങ്ങള്‍ക്ക് ക്രിസ്തീയ- ഹൈന്ദവ സംഘര്‍ഷാവസ്ഥ നല്കുന്നു. കുടിയേറ്റക്കാരനും പരിവര്‍ത്തിതക്രിസ്ത്യാനിയുമായ തൊമ്മിയുടെ അന്തസ്ഥലം സക്കറിയ നല്കിയതില്‍നിന്നു ഭിന്നമാക്കി മാറ്റുന്നു, അടൂര്‍. വിധേയനിലെ തൊമ്മി അടൂരിന്റെ തൊമ്മിയും നോവെല്ലയിലെ തൊമ്മി സക്കറിയയുടെ തൊമ്മിയുമായിത്തീരുന്നു.

 

 

ഒരു കൗതുകച്ചിന്ത് പറയാം. 

അടൂരിന്റെ ആദ്യസിനിമയില്‍ മിന്നിമറയുന്നുണ്ട് ഭരത് ഗോപി. അദ്ദേഹമാണ് രണ്ടാമത്തെച്ചിത്രമായ കൊടിയേറ്റത്തിലെ കേന്ദ്രകഥാപാത്രം. അതിലൊന്നു മിന്നിമറയുന്നുവെന്നു തോന്നുന്നു, ഗംഗ; മുഖാമുഖത്തിലെ കേന്ദ്രകഥാപാത്രം. മുഖാമുഖത്തിലെ ചെറുവേഷമായ അശോകനാണ് അടുത്തപടം അനന്തരത്തിലെ നായകന്‍. അനന്തരത്തിലെ ചെറുവേഷക്കാരനായ മമ്മൂട്ടി അനന്തരമെടുക്കുന്ന മതിലുകളില്‍ നായകന്‍. മതിലുകളില്‍ ചെറുവേഷമണിഞ്ഞ ഗോപകുമാര്‍ അടുത്ത പടമായ വിധേയനില്‍ പ്രധാനവേഷം. ഒരു മുന്‍ചിത്രത്തില്‍ ബാലതാരമായ വിശ്വനാഥനാണ് അടുത്ത ചിത്രമായ കഥാപുരുഷനിലെ മുഖ്യവേഷം.

ഇപ്പോള്‍ അടൂരിന് എണ്‍പതു വയസ്സ് പൂര്‍ത്തിയാകുന്നു. ബഷീറിന്റെ കടന്നുപോക്കിന് കാല്‍നൂറ്റാണ്ടും കഴിഞ്ഞു. ഈ കാലസന്ധിയില്‍ കൊറോണ അടൂരിനെയും മുഖംമൂടിയണിയിച്ചിരിക്കുന്നു. വ്യക്തിപരമായി എനിക്ക് ഏറ്റവും ബഹുമാനമുറ്റ ആളാണ് അടൂര്‍. 

ഞാനീയിടെ ഒരു കൊച്ചുസിനിമയെടുത്തു. അതിന്റെ പേര് മതിലുകള്‍: ലൗ ഇന്‍ ദ റ്റൈം ഓഫ് കൊറോണയെന്നാണ്. ആ സിനിമയിലൂടെ ഞാന്‍ ബഷീറിനെയും അടൂരിനെയും അവരെയൊരുമിപ്പിച്ച മതിലുകളെയും ഒരു ഡീ- റീഡിംഗിനു വിധേയമാക്കുകയാണ്. ഞാന്‍ സാങ്കേതികവിദഗ്ദ്ധനല്ല. ചലച്ചിത്രകാരനാകാന്‍ ശ്രമം നടത്തുകയാണു ഞാന്‍. ഈ സിനിമ ചെയ്യാന്‍ ഞാന്‍ അടൂരിന്റെ സിനിമകള്‍ നേരത്തേ പറഞ്ഞതുപോലെ, വീണ്ടും വീണ്ടും കണ്ടു. മതിലുകള്‍ പത്തുപ്രാവശ്യമെങ്കിലും കണ്ടു. ആറു പ്രാവശ്യമെങ്കിലും വീണ്ടും വായിച്ചു. എന്നിട്ടു വേറേ കഥയും വേറേ തിരക്കഥയും വേറേ സംഭാഷണങ്ങളുമുണ്ടാക്കി. വേറെ സിനിമയാണു ചെയ്തത്. അതു നോവെല്ലയായിട്ടെഴുതി, മാദ്ധ്യമം വാരികയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. 

 

 

ആ സിനിമയിപ്പോള്‍ റൂട്‌സ്, ഫസ്റ്റ് ഷോസ്, ലൈം ലൈറ്റ്, സീനിയ എന്നീ സ്‌ക്രീമിഗ് ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളില്‍ ഓടുന്നുണ്ട്. ഏകലവ്യവന്ദനമെന്നു പറഞ്ഞ്, ഞാന്‍ അടൂരിന്റെ പേരിനുമുന്നില്‍ പ്രണാമമര്‍പ്പിച്ചുകൊണ്ടാണ് സിനിമ തുടങ്ങുന്നത്. സെന്‍സറിംഗ് കഴിഞ്ഞുവരുമ്പോള്‍ വണ്ടിയിലിരുന്നു ഭാര്യ സ്മിത പലവട്ടം പറഞ്ഞ കാര്യം വീണ്ടും പറഞ്ഞു: അടൂര്‍ സാറിനെയൊന്നു കാണണ്ടേ?...

കാണണം..., ഞാനും പറഞ്ഞു. 

പക്ഷേ, അതിനുള്ള ധൈര്യം അവലംബിക്കാനായില്ല. ഈ കൊറോണാകാലത്ത് നമ്മള്‍ അങ്ങനെ ചെല്ലുന്നതു ശരിയാണോ എന്നൊരു തൊടുന്യായം ഉണ്ടാക്കി, ആ കൂടിക്കാഴ്ചയ്ക്കുള്ള ശ്രമമില്ലാതാക്കി. നമ്പര്‍ സംഘടിപ്പിച്ചു കൈയില്‍ വച്ചെങ്കിലും വിളിച്ചുസംസാരിക്കാനും ഇങ്ങനൊരു സാഹസം കാട്ടിയെന്നും പറയാനുള്ള മടിയും പേടിയും മൂലം അതും ചെയ്തില്ല. 

എങ്കിലും അടൂരിനും ബഷീറിനും ഉള്ള സല്യൂട്ട് ആണ് എന്നെ സംബന്ധിച്ചിടത്തോളം 'മതിലുകള്‍: ലൗ ഇന്‍ ദ റ്റൈം ഓഫ് കൊറോണ.'

(അവസാനിച്ചു)

ഒന്നാം ഭാഗം: എന്റെ ബഷീര്‍, എന്റെ അടൂര്‍
രണ്ടാം ഭാഗം: അനന്തരം, അടൂര്‍! 

മൂന്നാം ഭാഗം: നടക്കാതെ പോയ ഒരു ബഷീര്‍ സിനിമ!.

 

click me!