ആദ്യമായി അടൂരിനെക്കാണുന്നത്, സ്‌കൂള്‍ കാലത്തുതന്നെയാണ്. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഉമ്മിച്ചയുടെയും വാപ്പിച്ചയുടെയും കൂടെ ഏതോ യാത്രയ്ക്കു നില്‍ക്കുമ്പോള്‍, മുന്നില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ആ ഖാദി ജൂബയും വെണ്‍കേശവും എല്ലാമായി, ഇന്നത്തേതിലും ഇരുപത്തഞ്ചു വയസ്സെങ്കിലും ചെറുപ്പമായി. ഞാന്‍ പേടിയും കൗതുകവും നിറഞ്ഞ കണ്ണുകളോടെ, അദ്ദേഹത്തെ നോക്കിക്കൊണ്ടേയിരുന്നു. അദ്ദേഹം അവിടത്തെ കടയില്‍നിന്നെന്തോ മാഗസിന്‍ വാങ്ങുന്നതും വണ്ടിവന്നപ്പോള്‍ കയറിപ്പോകുന്നതും ഒക്കെ ഞാന്‍ വിസ്മയത്തോടെ കണ്ടുനിന്നു.

 

വിഖ്യാത ചലച്ചിത്രകാരന്‍ റൊമാന്‍ പൊളാന്‍സ്‌കിക്കൊപ്പം അടൂര്‍. ഫയല്‍ ചിത്രം.. Image courtesy: adoorgopalakrishnan.com
 

ബഷീറിന്റെ മരണത്തിന് പിറ്റേക്കൊല്ലം ലോകസിനിമയുടെ നൂറാം വര്‍ഷം പ്രമാണിച്ച്, തിരുവനന്തപുരം കലാഭവനില്‍ സൂര്യ നടത്തിയ ഫിലിം ഫെസ്റ്റിവലില്‍ അടൂരിന്റെ വിധേയനാണു പ്രദര്‍ശിപ്പിച്ചത്. അതുകഴിഞ്ഞ് അടൂരുമായുള്ള സംവാദത്തില്‍ യുവകവി സി.എസ്. ജയചന്ദ്രന്‍ ചോദിച്ചു: മതിലുകളില്‍ മമ്മൂട്ടി നന്നായി അഭിനയിച്ചു, എന്നാല്‍, വിധേയനില്‍ അദ്ദേഹം മമ്മൂട്ടിയായിത്തന്നെ നില്‍ക്കുന്നു, ഇതെന്തുകൊണ്ടാണ്?

അടൂരിന്റെ മറുപടി ഇത്രമാത്രം: അങ്ങനെയോ? ഇതുവരെയും പലരില്‍നിന്നും ഞാന്‍ തിരിച്ചാണു കേട്ടിട്ടുള്ളത്. 

അതവിടെത്തീര്‍ന്നു.

 

അടൂര്‍ വിയന്നയില്‍. ഫയല്‍ ചിത്രം.. Image courtesy: adoorgopalakrishnan.com

 

അടൂരിനോടുള്ള അഭിനിവേശം ഉണ്ടാകുന്നത് സ്‌കൂള്‍കാലത്തുതന്നെ ദൂരദര്‍ശനില്‍ 'അനന്തരം' വരുന്നതോടെയാണ്. ആ സിനിമ അടിമുടി ഉലച്ചുകളഞ്ഞു. എനിക്കു കാര്യമായി മനസ്സിലായൊന്നുമില്ല. എന്നാലും അതിലെ പല രംഗങ്ങളും എന്നെ വിടാതെ ബാധിച്ചു. ബസ്സിലിരിക്കുന്ന ശോഭനയുടെ ചിരി. ബസ്സിന്റെ മാറിമാറിവരുന്ന ഒരുവാതില്‍ക്കോട്ട, പെരുങ്കോട്ട എന്നീ തലക്കുറികള്‍, തിരുവനന്തപുരം നഗരത്തിന്റെ ആലസ്യം, പടവുകളിറങ്ങുന്ന ബാലന്‍, രാത്രിമഴ, ആ മൂന്നു പരിചാരകര്‍... പിന്നീട്, എന്റെ ചലച്ചിത്രഗവേഷണപ്രബന്ധത്തില്‍ അനന്തരത്തെയൊക്കെ വായിച്ചിട്ടുണ്ട്. അടിയന്തിരാവസ്ഥയില്‍ ജനിച്ച്, അടിയന്തിരാവസ്ഥാനന്തരകാലത്ത് വളരുന്ന അജയന്റെ കഥ ഒരു രാഷ്ട്രീയാന്യാപദേശമാണെന്ന മട്ടിലാണ് എന്റെ ആ വായന. അനന്തരം എന്ന പേരുതന്നെ അതാണ്. അതുപോലെ, മോണോലോഗ് എന്ന രീതിയിലുള്ള ഏറ്റവും പ്രധാനപ്പെട്ട ഫിലിം നറേഷനാണത്.

 

ഡിപ്ലോമ സിനിമയുടെ ചിത്രീകരണത്തിനിടെ അടൂര്‍. ഫയല്‍ ചിത്രം.. Image courtesy: adoorgopalakrishnan.com
 

ആദ്യമായി അടൂരിനെക്കാണുന്നത്, സ്‌കൂള്‍ കാലത്തുതന്നെയാണ്. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഉമ്മിച്ചയുടെയും വാപ്പിച്ചയുടെയും കൂടെ ഏതോ യാത്രയ്ക്കു നില്‍ക്കുമ്പോള്‍, മുന്നില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ആ ഖാദി ജൂബയും വെണ്‍കേശവും എല്ലാമായി, ഇന്നത്തേതിലും ഇരുപത്തഞ്ചു വയസ്സെങ്കിലും ചെറുപ്പമായി. ഞാന്‍ പേടിയും കൗതുകവും നിറഞ്ഞ കണ്ണുകളോടെ, അദ്ദേഹത്തെ നോക്കിക്കൊണ്ടേയിരുന്നു. അദ്ദേഹം അവിടത്തെ കടയില്‍നിന്നെന്തോ മാഗസിന്‍ വാങ്ങുന്നതും വണ്ടിവന്നപ്പോള്‍ കയറിപ്പോകുന്നതും ഒക്കെ ഞാന്‍ വിസ്മയത്തോടെ കണ്ടുനിന്നു.

ഇതുകഴിഞ്ഞാണ് അനന്തരത്തിനു പിന്നാലെ 'മതിലുകള്‍' വരുന്നത്. ഞാന്‍ തിയറ്ററില്‍ കാണുന്ന ആദ്യത്തെ അടൂര്‍പടം. അതുംകഴിഞ്ഞ്, ഞാന്‍ പി.ജി.ക്ക് സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ ചേര്‍ന്നു. അവിടെ ഡി. വിനയചന്ദ്രന്‍, വി.സി.ഹാരിസ്, പി. ബാലചന്ദ്രന്‍, നരേന്ദ്രപ്രസാദ് (അപ്രത്യക്ഷം) ഉണ്ട്. ആ സമയത്ത് വിധേയനും കഴിഞ്ഞ്, അടൂര്‍ കഥാപുരുഷന്‍ എടുക്കുകയാണ്. ഡി. വിനയചന്ദ്രന്‍ സാര്‍ അടൂരിന്റെ സെറ്റില്‍പോകുന്നു എന്നു കേട്ട് അദ്ഭുതത്തോടെ അദ്ദേഹത്തെ നോക്കിനിന്നു. പിന്നെക്കേട്ടു, ആ അടൂര്‍ പടത്തില്‍ വിനയചന്ദ്രന്‍ സാര്‍ അഭിനയിച്ചെന്ന്. പടത്തില്‍ മഷിയിട്ടുനോക്കിയാല്‍ അദ്ദേഹത്തെക്കാണില്ല. കേട്ടവിവരം, അദ്ദേഹം ചെന്നപ്പോള്‍, ഒരാള്‍ക്കൂട്ടസീനില്‍ ആളുപോരാഞ്ഞിട്ട്, അടൂര്‍ കവിയെയും പിടിച്ചുനിര്‍ത്തിയെന്നാണ്. ഉടുപ്പൂരി നില്‍ക്കുന്ന അദ്ദേഹത്തിന്റെയും കൂട്ടരുടെയും പിന്നിലാണു ക്യാമറ. അതിലൊരാള്‍ ഡി.വിനയചന്ദ്രകവിയായിരിക്കാം; അത്രമാത്രം.

 

കവികളായ കടമ്മനിട്ട, പഴവിള രമേശന്‍, ആര്‍ട്ടിസ്റ്റ് പാരീസ് വിശ്വനാഥന്‍, ഫോട്ടോഗ്രാഫര്‍ ശിവന്‍ എന്നിവര്‍ക്കൊപ്പം അടൂര്‍ (മധ്യഭാഗത്ത്). . ഫയല്‍ ചിത്രം.. Image courtesy: adoorgopalakrishnan.com

 

സ്‌കൂളില്‍പ്പഠിക്കുമ്പോള്‍ത്തന്നെ, ഞാന്‍ അടൂരിനെ പുസ്തകമായും വായിക്കുന്നുണ്ട്. അടൂര്‍ എഴുതിയ ഒരു നാടകം ചങ്ങനാശ്ശേരിയിലെ ആനന്ദാശ്രമം എന്ന ലൈബ്രറിയില്‍നിന്നാണു കിട്ടിയതും വായിച്ചതും. അവിടെ താമസിച്ചിരുന്ന കൊച്ചാപ്പയുടെ വീട്ടില്‍ നിന്നപ്പോഴാണതുണ്ടായത്.

എം.എ കഴിഞ്ഞ് അല്പകാലത്തിനുശേഷം ഞാന്‍ ദീപികയില്‍ പത്രപ്രവര്‍ത്തനത്തിലിരിക്കെയാണ്, ആദ്യമായി അടൂരിനെ വിളിക്കുകയും സംസാരിക്കുകയും ചെയ്യുന്നത്. 'ഈ മധ്യവേനല്‍ അവധിക്കാലത്തെ പ്രശസ്തരുടെ പദ്ധതികള്‍' എന്ന ഒരു പരിപാടിക്ക് എഡിറ്റര്‍ പറഞ്ഞിട്ടുള്ള വിളിയായിരുന്നു അത്. എനിക്കു പേടിയുണ്ടായിരുന്നു, ഇങ്ങനൊരു ബാലിശകാര്യത്തിനു വിളിച്ചു സംസാരിച്ചാല്‍ അടൂര്‍ 'പോയിപ്പണി നോക്കഡേയ്' എന്നു പറയുമോന്ന്. പക്ഷേ, ഒന്നു നോക്കിയിട്ടു പറയാം എന്നും പറഞ്ഞ്, ആ വലിയ മനുഷ്യന്‍ ഏതോ നോട്ടീസ് തപ്പിപ്പിടിച്ചു വായിച്ചിട്ട്, ചില കഥകളി പ്രോഗ്രാമുകളെപ്പറ്റിയും അതു കാണാന്‍ പോകുന്നതിനെപ്പറ്റിയുമൊക്കെ പറഞ്ഞു. ഞാനതെഴുതി. എന്തൊരു നല്ല മനുഷ്യന്‍ എന്നു തോന്നി.

പിന്നീട്, ഫെസ്റ്റിവലുകളില്‍വച്ചു കാണും; മിണ്ടാനും അടുക്കാനുമുള്ള പേടികൊണ്ട് ഒരു ചിരിയില്‍ അഭിവാദനമൊതുക്കും. ആരെന്നുപോലുമറിയാതുള്ള മറുപുഞ്ചിരിയില്‍ അദ്ദേഹം കടന്നുപോകും.

 

സത്യജിത് റേയ്‌ക്കൊപ്പം അടൂര്‍. ഫയല്‍ ചിത്രം.. Image courtesy: adoorgopalakrishnan.com
 

ഒരിക്കല്‍ക്കൂടി വിളിച്ചിട്ടുണ്ട്. ഒരു പബ്ലിഷര്‍ക്കുവേണ്ടി ജോലി ചെയ്യവേ, കുറച്ചു നാടകങ്ങള്‍ പുറത്തിറക്കാനുള്ള പദ്ധതി ഞാന്‍ പറഞ്ഞു. സാധാരണ നാടകങ്ങളല്ല. അടൂര്‍ എഴുതിയ നാടകം, ലോഹിതദാസ് എഴുതിയ നാടകം, ലിയോ ടോള്‍സ്റ്റോയിയുടെ തമച്ഛക്തി... അങ്ങനെ... അക്കൂട്ടത്തില്‍ ലോഹിതദാസിന്റെ നാടകം 'സിന്ധു ശാന്തമായൊഴുകുന്നു' ഇറങ്ങുകയും ചെയ്തു (അതു മറ്റൊരു കഥയായതിനാല്‍ ഇവിടെ വിട്ടുകളയുന്നു).

അടൂരിനെ വിളിക്കുന്നതിനു മുന്‍പ്, ഞാന്‍ ആനന്ദാശ്രമം ലൈബ്രറിയില്‍ച്ചെന്ന്, വളരെ ശ്രമപ്പെട്ട് ആ നാടകം കണ്ടെത്തി. അദ്ദേഹത്തെ വിളിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, ആ നാടകം ഇനി ഇറക്കണ്ട. അതൊക്കെ ചെറുപ്പകാലത്തെ ചില വിക്രിയകള്‍. അതെല്ലാം ബാലിശമായ സംഗതികളാണ്...

അപ്പോള്‍ നിരാശ തോന്നിയെങ്കിലും പിന്നീട് അദ്ദേഹം പറഞ്ഞതാണു ശരിയെന്നു തോന്നി. അദ്ദേഹത്തിന്റെ പ്രതിഭ മഹത്വമാര്‍ജ്ജിക്കുന്നതിനു മുമ്പുള്ള കാലത്തേതാണാ കൃതി. അതിന് നമ്മള്‍ കാണുന്ന ചരിത്രമൂല്യമല്ല അദ്ദേഹം കാണുന്നത്. അതു പ്രസിദ്ധീകരിക്കാതിരിക്കുന്നതാണു ഭംഗി. അദ്ദേഹം കിറുകൃത്യമായ തീരുമാനമാണു പറഞ്ഞിരിക്കുന്നത്.

(അടുത്ത ഭാഗം നാളെ)