Asianet News MalayalamAsianet News Malayalam

നടക്കാതെ പോയ ഒരു ബഷീര്‍ സിനിമ!

എന്റെ ബഷീര്‍ എന്റെ അടൂര്‍ . എഴുത്തുകാരനും 'മതിലുകള്‍: ലൗ ഇന്‍ ദ റ്റൈം ഓഫ് കൊറോണ' എന്ന സിനിമയുടെ സംവിധായകനുമായ അന്‍വര്‍ അബ്ദുള്ള എഴുതുന്ന ആത്മകഥാപരമായ കുറിപ്പുകള്‍ ഭാഗം മൂന്ന് . കവര്‍ പെയിന്റിംഗ്: മുരളി നാഗപ്പുഴ
 

My Adoor My Basheer autobiographical notes by Anvar Abdulla part 3
Author
Thiruvananthapuram, First Published Jul 7, 2021, 7:09 PM IST

കവര്‍ പെയിന്റിംഗ്: മുരളി നാഗപ്പുഴ

.................


തിരക്കഥ  ശ്രീനിവാസനെ വായിച്ചുകേള്‍പ്പിക്കാനുള്ള ശ്രമമായി. ശ്രീനിവാസന്‍ തിരക്കഥ വാങ്ങി. പക്ഷേ, പിന്നെ, മറുപടി പറയുന്നില്ല. എവിടെയും ഇട്ടു പിടിക്കാനുമാവുന്നില്ല. ഒടുക്കം ഹാരിസ് മാഷിന്റെ സുഹൃത്തായ  ടി.കെ. രാജീവ് കുമാറിന്റെ 'ഒരുനാള്‍ വരും സിനിമയുടെ സെറ്റായ കുറ്റാലത്തു ചെന്നാല്‍ കാണാമെന്നായി. അങ്ങനെ, എന്റെ കാറില്‍ ഞാനും ഹാരിസും സജിനും കുറ്റാലത്തേക്ക്. കുറ്റാലത്തുവച്ചു അവര്‍ രണ്ടാളും ശ്രീനിയെയും ഞാന്‍ ദേവയാനിയെയും കണ്ടു. ദേവയാനിയെക്കണ്ടു എന്നു പറഞ്ഞാല്‍, നോക്കിനിന്നു എന്നര്‍ത്ഥം. ശ്രീനിയും ഹാരിസ് മാഷും തമ്മില്‍ ഒരു മിനിറ്റത്തെ സംഭാഷണം,

 

My Adoor My Basheer autobiographical notes by Anvar Abdulla part 3

വിസി ഹാരിസ്

 

ബഷീര്‍ വീണ്ടും വരുന്നത്, വിസി ഹാരിസിലൂടെത്തന്നെയാണ്. ഹാരിസ് മാഷിന്റെ സിനിമാസംവിധാനശ്രമത്തില്‍ എന്നും ഞാനും ഉണ്ടായിരുന്നു. ഞാന്‍ എംഎയ്ക്കു പഠിക്കുമ്പോഴാണ്, അദ്ദേഹം സി. അയ്യപ്പന്റെ 'പ്രേതഭാഷണം' എന്ന കഥ തിരക്കഥയാക്കുന്നത്. അത് ആദ്യം വായിച്ചവരില്‍ ഒരാള്‍ ഞാനാണ്. ആ കൈയെഴുത്തുപ്രതിയില്‍ ഇരുപത്തിരണ്ടാമത്തെ സീന്‍ കഴിഞ്ഞാല്‍ ഇരുപത്തിനാലാമത്തെ സീനായിരുന്നു. ഇരുപത്തിമൂന്ന് എന്നെഴുതാന്‍ മറന്ന ഒരു കൈത്തെറ്റ്. 

ഞാന്‍ അദ്ദേഹത്തോടെ പറഞ്ഞു, ഇരുപത്തിമൂന്നാമത്തെ സീന്‍ ഇല്ലാതെ ഒരു സിനിമ! ഇത് ലോകസിനിമയിലാദ്യമായാണ്.

ഹാരിസ് മാഷ് ചിരിച്ചു. 

ആ തിരക്കഥ സിനിമയാക്കാന്‍ ഞങ്ങള്‍ പാമ്പാക്കുടിയിലുള്ള ഒരു നിര്‍മാതാവിനെക്കാണാന്‍ പോയതൊക്കെ ഓര്‍ക്കുന്നു. എനിക്കേ അന്നു കാറുള്ളൂ. ഒരു മാരുതി എണ്ണൂറ്. അതിലാണു യാത്രകളെല്ലാം. സി. അയ്യപ്പനെക്കാണാന്‍ ഞാനും ഹാരിസ്മാഷും ടി.എം. യേശുദാസന്‍ സാറും (സാറുമെന്നെ പഠിപ്പിച്ച മാഷാണ്) പോയതും ഓര്‍ക്കുന്നു. അന്ന് ലെറ്റേഴ്‌സില്‍ പഠിച്ചിരുന്ന ഉമ രാജന്‍ വര്‍ഗീസ്, നിര്‍മാതാവിനെ കണ്ടെത്തിത്തരാന്‍ യത്‌നിച്ചതുമോര്‍ക്കുന്നു.

ആ പടം നടന്നില്ല. 

ആ സമയത്ത്, ഇന്ത്യാവിഷന്‍ ആരംഭിക്കാന്‍ പോകുന്നു. അതിന്റെ തലപ്പത്തുള്ള ജമാലുദ്ദീന്‍ ഫാറൂഖി, പ്രോഗ്രാമിന്റെ ഉപദേശകസമിതിയില്‍ ഹാരിസിനെയും ഉള്‍പ്പെടുത്തി. പിന്നീടു സംഭവിച്ചതുപോലെ, അതൊരു സമ്പൂര്‍ണ്ണ ന്യൂസ് ചാനലായല്ല ഉദ്ദേശിച്ചിരുന്നത്. നല്ല കഥകള്‍ ഷോര്‍ട്ട് ഫിലിമുകളാക്കാനും നല്ല നോവലുകള്‍ 15-25 എപ്പിസോഡുകളുള്ള സീരീസാക്കാനും ഫാറൂഖി-ഹാരിസ് സഖ്യത്തിന് ലക്ഷ്യമുണ്ടായിരുന്നു. അതില്‍ ഒരു സീരീസും ഒരു ഷോര്‍ട്ട് ഫിലിമും ഹാരിസ് സാര്‍ സംവിധാനം ചെയ്യാനും ഉദ്ദേശ്യമുണ്ടായിരുന്നു. അതിനായി ടി.വി. കൊച്ചുബാവയുടെ 'കാള' എന്ന കഥയും പി. വത്സലയുടെ 'വിലാപം' എന്ന നോവലുമാണ് ഹാരിസ് തെരഞ്ഞെടുത്തത്. അതുരണ്ടും എന്നോടു തിരക്കഥയെഴുതാന്‍ പറഞ്ഞു. അങ്ങനെ 'കാള' ഞാന്‍ ഷോര്‍ട്ട് ഫിലിം തിരക്കഥയാക്കി. 'വിലാപം' രണ്ട് എപ്പിസോഡ് തിരക്കഥയും ബാക്കി സീന്‍ ഓര്‍ഡറുമാക്കി. 

ഇങ്ങനെയിരിക്കുമ്പോഴാണ് ഇന്ത്യാവിഷന്റെ സ്വഭാവം മാറിയത്. മറ്റെല്ലാ പദ്ധതികളും ശൂന്യതയില്‍ വിലയം പ്രാപിച്ചു. ശൂന്യത അവിടെത്തന്നെയുണ്ടായിരുന്നതുകൊണ്ട്, പില്‍ക്കാലത്ത് ഇന്ത്യാവിഷനും അതില്‍ വിലയം പ്രാപിച്ചു. എന്തിനും വിലയം പ്രാപിക്കാന്‍ ശൂന്യതയുടെ ജീവിതം ഇനിയും ബാക്കി

പിന്നീടാണു ഹാരിസിന്റെ തലയില്‍ ബഷീര്‍ ഉദിക്കുന്നത്. 'ഹുന്ത്രാപ്പി ബുസാട്ടോ' ഇംഗ്ലീഷിലാക്കിയ ആളാണു ഹാരിസ്. അതിലപ്പുറമൊന്നും ബഷീറിനെ ഇംഗ്ലീഷിലാക്കാന്‍ പറ്റില്ല. അതിനിടെ, ബഷീറിനെക്കുറിച്ച് എന്‍ എസ് മാധവനെഴുതിയ വിവാദലേഖനത്തിന് എഴുതിയ മറുലേഖനവും ഹാരിസിന്റെ വകയായി വന്നിരുന്നു.

ഏതായാലും ബഷീറിന്റെ സിനിമയ്ക്കു വഴങ്ങാത്ത ഒരു രചനാത്രയം സിനിമയാക്കാനാണ് ഹാരിസ് തീരുമാനിച്ചത്. സ്ഥലംകഥകള്‍. സ്ഥലത്തെ പ്രധാനദിവ്യന്‍, ആനവാരിയും പൊന്‍കുരിശും, മുച്ചീട്ടുകളിക്കാരന്റെ മകള്‍ എന്നിവ. ആ പ്രൊജക്ട് എന്നോടു പറഞ്ഞു. അതിനു പ്രൊഡ്യൂസര്‍ റെഡി. ബി. രാകേഷ് എന്ന പ്രമുഖനിര്‍മാതാവാണ് ഉള്ളത്. പക്ഷേ, താരങ്ങള്‍ വേണം. ആനവാരിയായി ശ്രീനിവാസനും പൊന്‍കുരിശുതോമയായി സലിം കുമാറും വേണം. പ്രധാനം ശ്രീനിവാസനാണ്. ശ്രീനിവാസന്‍ തയ്യാറായാല്‍ പടം നടക്കും. ശ്രീനിവാസനുമായി പ്രാരംഭച്ചര്‍ച്ച കഴിഞ്ഞു. തിരക്കഥ കണ്ടിട്ടുവേണം ശ്രീനിക്കൊരു അഭിപ്രായം പറയാന്‍. തിരക്കഥ എഴുതാമോ എന്നെന്നോടു ചോദിച്ചു. ഞാന്‍ വിരണ്ടുപോയി. ബഷീറിനു തിരക്കഥയെഴുതാനും മാത്രം പറ്റുമോ?

ഞാന്‍ വീട്ടില്‍പ്പോയിരുന്ന് ഈ പറയുന്ന മൂന്നു കൊച്ചുനോവലുകളും മണ്ടന്‍ മുത്തപ്പാ എന്ന കഥയും അനേകാവര്‍ത്തി വായിച്ചു. എനിക്കൊരു വഴി തെളിയുന്നില്ല. ഈ മൂന്നു കൃതികളെയും കൂട്ടിയിണക്കി, അതു സാദ്ധ്യമാക്കാന്‍ സഹജമായി സാധിക്കുന്നില്ല. ഞാന്‍ പ്ലാനിംഗ് എഴുത്തുകാരനല്ല, എനിക്കൊരു സഹജപ്രവാഹം വന്നാല്‍ വന്നു, ഇല്ലെങ്കില്‍ മുക്കിയിട്ടുകാര്യമില്ല. ഞാന്‍ അടിയറവുപറയുമ്പോലെ, ഹാരിസിനെ സമീപിച്ചു നിസ്സഹായത അറിയിച്ചു. 

പിന്നെ, ഹാരിസ് മാഷ്, സജിന്‍ (പി.ജെ.സജിന്‍) അതിനു പറ്റിയ ആളാണെന്നുറപ്പിച്ചു. സജിന്‍ അപ്പോഴേക്കും 'നാരായണിയെത്തേടി' ഡോക്യുമെന്ററി എടുക്കുന്നതിനായി ബഷീറില്‍ ഗംഭീരവായനയും റിസേര്‍ച്ചും കഴിഞ്ഞപാടേയാണ്. സജിന്‍ അതേറ്റെടുത്തു. സത്യം പറഞ്ഞാല്‍, മെരുങ്ങാത്ത ആ മൂന്നു കുതിരകളെയും മെരുക്കിപ്പൂട്ടി, ദിവസങ്ങള്‍ക്കകം സജിന്‍ തിരക്കഥ പൂര്‍ത്തിയാക്കി.

 

My Adoor My Basheer autobiographical notes by Anvar Abdulla part 3

ശ്രീനിവാസന്‍

 

അതുമായി ശ്രീനിവാസനെ വായിച്ചുകേള്‍പ്പിക്കാനുള്ള ശ്രമമായി. ശ്രീനിവാസന്‍ തിരക്കഥ വാങ്ങി. പക്ഷേ, പിന്നെ, മറുപടി പറയുന്നില്ല. എവിടെയും ഇട്ടു പിടിക്കാനുമാവുന്നില്ല. ഒടുക്കം ഹാരിസ് മാഷിന്റെ സുഹൃത്തായ  ടി.കെ. രാജീവ് കുമാറിന്റെ 'ഒരുനാള്‍ വരും സിനിമയുടെ സെറ്റായ കുറ്റാലത്തു ചെന്നാല്‍ കാണാമെന്നായി. അങ്ങനെ, എന്റെ കാറില്‍ ഞാനും ഹാരിസും സജിനും കുറ്റാലത്തേക്ക്.

കുറ്റാലത്തുവച്ചു അവര്‍ രണ്ടാളും ശ്രീനിയെയും ഞാന്‍ ദേവയാനിയെയും കണ്ടു. ദേവയാനിയെക്കണ്ടു എന്നു പറഞ്ഞാല്‍, നോക്കിനിന്നു എന്നര്‍ത്ഥം. ശ്രീനിയും ഹാരിസ് മാഷും തമ്മില്‍ ഒരു മിനിറ്റത്തെ സംഭാഷണം, പിന്നെ, കാണുന്നത് ഹാരിസ് മാഷ് വന്നു വണ്ടിയില്‍ക്കയറി, പോകാം എന്നു പറയുന്നതാണ്. ഞങ്ങള്‍ വണ്ടിവിട്ടു. ഞങ്ങള്‍ ചോദിക്കാന്‍ തുടങ്ങി: മാഷേ, ശ്രീനിവാസന്‍ എന്തു പറഞ്ഞു?

ഹാരിസ് മാഷ് പറഞ്ഞു: തിരക്കഥ എന്നെ ശക്തമായി ഇടിച്ചില്ല; ചില തിരുത്തുകള്‍ വേണമെന്ന്...

ഞങ്ങള്‍: ചെയ്യാമെന്നു പറയാമായിരുന്നില്ലേ?..

ഹാരിസ്: അതു കേട്ടപ്പോള്‍ ഞാനിങ്ങുപോന്നു...

എന്തുപറയണമെന്നറിയാതെ, ഞാനും സജിനും മുഖത്തോടു മുഖം നോക്കി. ഞാന്‍ ആത്മഗതം പോലെ പറഞ്ഞു, ശ്രീനിവാസന്‍ ഒരു തിരക്കഥാകൃത്താണ്. അദ്ദേഹം ഈ രചനകള്‍ വായിച്ചിട്ടുമുണ്ടാകും. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ ചില ടച്ചസ് വരുത്താന്‍ ആഗ്രഹമുണ്ടാകും. അതു നമുക്കു ചര്‍ച്ച ചെയ്ത്, തീരുമാനിക്കാവുന്നതേയുള്ളൂ. അതെന്താ മാഷ് പറയാതിങ്ങുപോന്നത്...

ഹാരിസ് മറുപടിയൊന്നും പറഞ്ഞില്ല. 

ഞങ്ങള്‍ ഇതൊക്കെ അങ്ങോട്ടുള്ള യാത്രയില്‍ പറഞ്ഞിരുന്നതാണ്. ഏതു ദൈവംതമ്പുരാന്‍ എഴുതിയ തിരക്കഥയാണെങ്കിലും അദ്ദേഹം ചില ടച്ചസൊക്കെ പറഞ്ഞേക്കും. അത് അദ്ദേഹം തന്നെ ചെയ്യുകയാണെങ്കില്‍, കൂടുതല്‍ നല്ലതല്ലേ. ബഷീറിനെ എഴുതിയ തിരക്കഥയില്‍ ശ്രീനിവാസനെപ്പോലൊരാളുടെ ടച്ചസ് നല്ലതാണ്. എന്നെല്ലാം. എല്ലാം, ശ്രീനിവാസന്റെ ആ പറച്ചിലില്‍ തട്ടിത്തെറിപ്പിച്ച് മാഷ് ഇങ്ങു പോന്നു. കൂടെ ഞങ്ങളും. 

എനിക്കിന്നും ഉറപ്പാണ്, ആ സംസാരം ഒരു ചര്‍ച്ചയായിമാറിയിരുന്നെങ്കില്‍, ആ പടം നടക്കുമായിരുന്നു; അത് ബഷീറിനു ലഭ്യമാകാവുന്ന ഏറ്റവും നല്ല സ്മാരകങ്ങളില്‍ ഒന്നായിരുന്നേനേ.

പിന്നെയും ബഷീര്‍ വരുന്നത്, നോവലിസ്റ്റും പ്രിയസുഹൃത്തുമായ സുരേഷ് പി. തോമസിന്റെ കൂടെയാണ്. സുരേഷ് 'ഉടമ്പടി' എന്നൊരു സിനിമ ആലോചിക്കുന്ന സമയം. അതിനുശേഷം, ബഷീറിനെ നായകനാക്കി, ബഷീറിന്റെ കഥയൊന്നുമല്ലാത്തൊരു സിനിമ ചെയ്യണം. സുരേഷിനൊരു ധാരണയുണ്ട്. പക്ഷേ, തിരക്കഥാരചനയില്‍ ഞാനും കൂടിയാല്‍ നന്നായിരിക്കും. ഞങ്ങള്‍ കഥ ചര്‍ച്ച ചെയ്തു. ഞാനതിനൊരു തിരക്കഥ (സീന്‍ ഓഡര്‍ ഡീറ്റെയില്‍) ഉണ്ടാക്കി. അതു സുരേഷുമായി പിന്നീടു ചര്‍ച്ച ചെയ്യുകയും സുരേഷിനിഷ്ടപ്പെടുകയും ചെയ്‌തെങ്കിലും പിന്നീട്, അതു നടന്നില്ല. 

കുറേക്കഴിഞ്ഞ്, അതു ചെയ്യുന്നെങ്കിലും വേറേ തരത്തിലായിരിക്കും എന്നു സുരേഷ് പറഞ്ഞു. സുരേഷ് വ്യത്യസ്തമായ മറ്റൊരു തിരക്കഥാരൂപം ഉണ്ടാക്കി. സത്യത്തില്‍ ആ രണ്ടു സിനിമയും സാദ്ധ്യമാണ്. തല്‍ക്കാലം, സാദ്ധ്യമായിട്ടില്ലെങ്കിലും. അവ രണ്ടും സാദ്ധ്യമാകുമെന്ന സ്വപ്നതടസ്സത്താലാണ് അതെപ്പറ്റി കൂടുതല്‍ വിശദാംശങ്ങള്‍ പറയാത്തത്. എന്റെ തിരക്കഥയ്ക്കു ഞാനിട്ട പേര്, കാമുകന്റെ ഡയറി എന്നാണ്. സുരേഷിന്റേതിന് സുരേഷ് ഇട്ട പേര് 'നിലാവില്‍ തെളിഞ്ഞ പൂങ്കാവനം' എന്നായിരുന്നെന്നു തോന്നുന്നു. രണ്ടു പേരിലുമുണ്ട്, പടത്തിന്റെ വ്യത്യാസം.അടൂര്‍ പിന്നീടെടുത്ത സിനിമകളോട് അദ്ദേഹത്തിന്റെ മുന്‍കാലസിനിമകളോടു തോന്നിയ ആഭിമുഖ്യം ഉണ്ടായിട്ടില്ല. കഥാപുരുഷനു ശേഷമുള്ള സിനിമകളേക്കാള്‍ കഥാപുരുഷന്‍ വരെയുള്ള സിനിമകളാണു കൂടുതല്‍ ഇഷ്ടം. അവസാനസിനിമയായ സുഖാന്ത്യം വരെ കണ്ടിട്ടുണ്ട്. പിന്നെയുമായിരിക്കും അത്രയൊന്നും ഇഷ്ടമില്ലാത്ത സിനിമകള്‍. പക്ഷേ, നാലുപെണ്ണുങ്ങളും ഒരു പെണ്ണും രണ്ടാണും വരെയുള്ള സിനിമകളില്‍ വരെ ആ കൈമുദ്ര സുന്ദരമായി പതിഞ്ഞിരിക്കുന്നു. 

(അടുത്ത ഭാഗം നാളെ)
 

ഒന്നാം ഭാഗം: എന്റെ ബഷീര്‍, എന്റെ അടൂര്‍
രണ്ടാം ഭാഗം: അനന്തരം, അടൂര്‍! ...

Follow Us:
Download App:
  • android
  • ios