അന്ന് പുരുഷന്മാർക്കൊപ്പം ജോലി ചെയ്തതിന് കളിയാക്കി, ഇന്ന് മകളെ പഠിപ്പിക്കുന്നതിനും; പക്ഷേ, ഇവർക്ക് പറയാനുള്ളത്

By Web TeamFirst Published Apr 13, 2021, 4:48 PM IST
Highlights

പിന്നെ ഞങ്ങളുടെ കുടുംബം വളര്‍ന്നു. ഞങ്ങള്‍ക്ക് യോഗിത എന്നൊരു മകളുണ്ടായി. അവള്‍ ജനിച്ച ദിവസം അവളെ എടുത്തുയര്‍ത്തിക്കൊണ്ട് അവളുടെ അച്ഛന്‍ പറഞ്ഞത് ഒരുനാള്‍ നീ ഒരു ഓഫീസറാകും എന്നാണ്. 

നമ്മളെന്ത് ചെയ്‍താലും ചുറ്റുമുള്ളവർക്ക് കളിയാക്കാനായി എന്തെങ്കിലും കാണും അല്ലേ? ഒന്ന് മാറിച്ചിന്തിച്ചാൽ, അവരെ പോലെ ജീവിക്കാതിരുന്നാൽ ഒക്കെ. ഇന്ന് ഒരു കാര്യം പറഞ്ഞ് കളിയാക്കും, നാളെ മറ്റൊരു കാര്യം പറഞ്ഞ്... അതങ്ങനെ നീളും. എന്നാൽ, ജീവിതത്തിലും തനിക്കു ചുറ്റുമുള്ള ലോകത്തും മാറ്റം കൊണ്ടുവരണം എന്നുള്ളവർ അതിലൊന്നും വീണുപോകില്ല. പകരം അവർ ധൈര്യത്തോടെ മുന്നോട്ട് പോകും. അത്തരം ഒരു സ്ത്രീയുടെ പൊസിറ്റീവായിട്ടുള്ള അനുഭവം ആണ് ഇത്. ഹ്യുമൻസ് ഓഫ് ബോംബെ ഫേസ്ബുക്ക് പേജിലാണ് ഈ അനുഭവം പങ്കുവച്ചിരിക്കുന്നത്. 

കുറിപ്പ് വായിക്കാം: 

മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചതിനെ കുറിച്ച് എനിക്ക് വലിയ ഓര്‍മ്മയൊന്നും ഇല്ല. ജനിക്കുന്ന അന്ന് മുതല്‍ പെണ്‍കുട്ടിയെ ഒരു ഭാരമായി കാണുന്ന സമൂഹം ആയിരുന്നു അത്. പതിനൊന്നാമത്തെ വയസില്‍ എന്‍റെ വിവാഹം കഴിഞ്ഞു. ഭര്‍ത്താവിന് അന്ന് 14 വയസായിരുന്നു പ്രായം. വിവാഹദിവസത്തെ കുറിച്ച് എനിക്ക് വലിയ ഓര്‍മ്മയൊന്നുമില്ല. എനിക്കിഷ്ടപ്പെട്ട മധുരപലഹാരം ഒരുപാട് കഴിച്ചു എന്നത് മാത്രമാണ് ആ ദിവസത്തെ കുറിച്ചുള്ള എന്‍റെ ഓര്‍മ്മ. 

അവിടം മുതല്‍ ഭര്‍ത്താവിന്‍റെ വീട്ടുകാരാണ് എന്‍റെ മാതാപിതാക്കളുടെ പകരം നിന്നത്. അവരെന്നെ സ്കൂളില്‍ ചേര്‍ത്തു. ഞാനതു വരെ സ്കൂളില്‍ പോയിട്ടില്ലായിരുന്നു. അതിനാല്‍ തന്നെ പുതിയ പുസ്തകങ്ങള്‍ വാങ്ങുക, പേനയും സ്ലേറ്റും വാങ്ങുക ഇതൊക്കെ എന്നെ ഒരുപാട് സന്തോഷിപ്പിച്ചു. ഞാനാകെ അത്ഭുതത്തിലായിരുന്നു. എല്ലാ ദിവസവും ഞാനും ഭര്‍ത്താവും ഒരുമിച്ച് സ്കൂളില്‍ പോകും. തിരികെ വരുമ്പോള്‍ രണ്ടുപേരെയും വിളിച്ചിരുത്തി, അമ്മയുടെ കൈകൊണ്ട് തന്നെ ഭക്ഷണം വാരിത്തരും. അച്ഛന്‍ നമുക്ക് രാത്രിയില്‍ കഥകള്‍ പറഞ്ഞുതരും. 

ഭര്‍ത്താവിന്‍റെ വീട്ടില്‍ സത്യത്തില്‍ എന്‍റെ സ്വന്തം വീട്ടിലേതിനേക്കാള്‍ സന്തോഷത്തിൽ ആയിരുന്നു ഞാന്‍. എന്നാല്‍, എന്‍റെ പതിനഞ്ചാമത്തെ പിറന്നാള്‍ ദിവസം അതെല്ലാം തകിടം മറിഞ്ഞു. ഭര്‍ത്താവിന്‍റെ അച്ഛന് ഹൃദയാഘാതം ഉണ്ടായി. അവിടെവച്ച് തന്നെ അദ്ദേഹം മരിച്ചു. അമ്മയ്ക്ക് ആ നഷ്ടം താങ്ങാനായില്ല. അവര്‍ക്ക് പക്ഷാഘാതമുണ്ടായി. ഞങ്ങളുടെ ലോകം തന്നെ മാറി. ഞങ്ങള്‍ അതുവരെ രണ്ട് കുട്ടികളായിരുന്നു. പൊടുന്നനെ വീടിന്‍റെ ഭാരം ഞങ്ങളുടെ തലയിലായി. ഞങ്ങള്‍ വളരാന്‍ നിര്‍ബന്ധിക്കപ്പെട്ടു എന്ന് പറയുന്നതാവും ശരി. അതിന് ആദ്യം ത്യജിക്കേണ്ടി വന്നത് ഞങ്ങളുടെ പഠനം ആയിരുന്നു. കഴിക്കാന്‍ റൊട്ടി വാങ്ങാന്‍ പണമില്ലാത്തവര്‍ എങ്ങനെയാണ് പഠിക്കുക? 

ഭര്‍ത്താവ് അടുത്തുള്ള ഫാമില്‍ പണിക്ക് പോയിത്തുടങ്ങി. അദ്ദേഹത്തിന് പണി ചെയ്ത് യാതൊരു പരിചയവും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ വെറും 1500 രൂപ മാത്രമേ കിട്ടിയുള്ളൂ. അത് ഞങ്ങള്‍ക്ക് ഭക്ഷണം വാങ്ങാനൊന്നും തികയില്ലായിരുന്നു. അമ്മയുടെ മരുന്നിനും വലിയ വില ആയിരുന്നു. അങ്ങനെ ഒരുദിവസം ഞാന്‍ ഭര്‍ത്താവിനോട് ചോദിച്ചു, ഞാനും കൂടി വരട്ടെ നിങ്ങളുടെ കൂടെ പണിക്ക്. എല്ലാ യാഥാസ്ഥിതിക പുരുഷന്മാരെയും പോലെ വേണ്ട എന്ന് പറയും എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍, അതിനെന്താ വന്നോളൂ എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഞാനാകെ ത്രില്ലടിച്ചു.

അടുത്ത ദിവസം അമ്മയെ നോക്കാന്‍ അയല്‍ക്കാരോട് പറഞ്ഞ് ഞാനും ഭര്‍ത്താവിനൊപ്പം ഫാമില്‍ ജോലിക്ക് പോയി. അവിടെ സ്ത്രീകള്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. അവിടെ ഉണ്ടായിരുന്ന പുരുഷന്മാര്‍ ഒരു അന്യഗ്രഹ ജീവിയെ കണ്ടതുപോലെയാണ് എന്നെ നോക്കിയത്. ഞങ്ങളും നാളെ മുതല്‍ വളയൊക്കെ ധരിച്ചുവരാം എന്നായിരുന്നു അവരുടെ കമന്‍റ്. അതെന്നെ അലട്ടി. അവരുടെ പെരുമാറ്റം ഭര്‍ത്താവ് അവരോട് കലഹിക്കുന്നതില്‍ വരെ എത്തിച്ചേര്‍ന്നു. എന്നാല്‍, ഞങ്ങളുടെ ബോസ് നല്ല മനുഷ്യനായിരുന്നു. അദ്ദേഹം എന്നോട് മോശമായി പെരുമാറുന്നവരെ പിരിച്ചുവിട്ടു. ഒപ്പം മുന്നറിയിപ്പും നല്‍കി. ഒരു സ്ത്രീ ഇവിടെ ജോലി ചെയ്യുന്നതില്‍ നിങ്ങളില്‍ ആര്‍ക്കെങ്കിലും പ്രശ്നമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഇവിടെ നിന്നും പോകാം. അതെനിക്ക് ആത്മവിശ്വാസം തന്നു. ഞങ്ങള്‍ക്ക് മാസം 3000 രൂപ കിട്ടി. 

പിന്നെ ഞങ്ങളുടെ കുടുംബം വളര്‍ന്നു. ഞങ്ങള്‍ക്ക് യോഗിത എന്നൊരു മകളുണ്ടായി. അവള്‍ ജനിച്ച ദിവസം അവളെ എടുത്തുയര്‍ത്തിക്കൊണ്ട് അവളുടെ അച്ഛന്‍ പറഞ്ഞത് ഒരുനാള്‍ നീ ഒരു ഓഫീസറാകും എന്നാണ്. സത്യത്തില്‍ അതിനുവേണ്ടിയാണ് ഓരോ ദിവസവും ഞങ്ങള്‍ അധ്വാനിക്കുന്നത്. ഞങ്ങള്‍ കഠിനാധ്വാനം ചെയ്യുകയാണ്. കാരണം അവള്‍ക്ക് ഞങ്ങളെ പോലെ വിദ്യഭ്യാസം ഉപേക്ഷിക്കേണ്ടി വരരുത്. പക്ഷേ, സങ്കടം അതൊന്നുമല്ല ഇന്നും ആളുകള്‍ ഞങ്ങളെ കളിയാക്കി പറയും, വിവാഹം കഴിപ്പിക്കാതെ അവളെ പഠിക്കാന്‍ വിടുന്നൂ എന്ന്. 

എന്നാല്‍, ഇതേ ആളുകള്‍ തന്നെ ഞാന്‍ ഫാമില്‍ ജോലിക്ക് പോയിത്തുടങ്ങിയപ്പോഴും കളിയാക്കി ചിരിച്ചിരുന്നു. എന്നാല്‍, ഇന്ന് എനിക്കൊപ്പം 12 സ്ത്രീകള്‍ കൃഷിജോലിയിലവിടെയുണ്ട്. ആണുങ്ങള്‍ക്കൊപ്പം, അവരുടെ അതേ ജോലി ചെയ്യുന്നു, അതേ ശമ്പളം വാങ്ങുന്നു. അതുകൊണ്ട് അത്രേയുള്ളൂ, ഒരു മാറ്റം കൊണ്ടുവരിക. അക്ഷരാഭ്യാസമൊന്നും നേടാൻ എനിക്കായില്ലെങ്കിലും, ഇവിടെ ഒരു മാറ്റം ഞാൻ എന്തായാലും കൊണ്ടുവരും. 

“I don’t remember living with my parents. Where I come from, the moment a girl is born, family members think of her as a...

Posted by Humans of Bombay on Tuesday, 6 April 2021

(ചിത്രത്തിന് കടപ്പാട്: ഹ്യുമൻസ് ഓഫ് ബോംബെ)
 

click me!