എത്ര തിന്നാലും തീരാത്ത വാഴപ്പഴം!

By Web TeamFirst Published Jun 23, 2021, 6:54 PM IST
Highlights

ശലഭയാത്രകള്‍. റോസ് ജോര്‍ജ് എഴുതുന്ന വെര്‍ച്വല്‍ യാത്രാനുഭവം. മൂന്നാം ഭാഗം

യാത്രകളും കണ്ടുമുട്ടലുകളും സംഭവ്യമല്ലാത്ത മഹാമാരിക്കാലത്ത്, സഞ്ചാരം കൂടുതലുള്ള ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍ ഹൈവേയില്‍ ആണ് ആ സമാഗമം. അതിനെ തുടര്‍ന്നൊരു യാത്ര. വീട്ടിലിരുന്ന് വിദൂരദേശത്തേക്ക്, അവിടത്തെ ജീവിതങ്ങളിലേക്ക്, വീഡിയോകളിലൂടെ, ചിത്രങ്ങളിലൂടെ,   വാക്കുകളിലൂടെ ഒരു യാത്ര.  കൊവിഡ് കാലത്ത്, വീടിനുള്ളില്‍ അടച്ചിടപ്പെട്ട്, മറ്റൊരാളുടെ കണ്ണിലൂടെ അകലങ്ങളിലെ വിചിത്രദ്വീപിലേക്ക് നടത്തിയ യാത്ര.

 

 

''വളരെ വ്യത്യസ്തമായ ജീവിതസാഹചര്യങ്ങളാണിവിടെ.'' -അന്നത്തെ യാത്രയുടെ തുടക്കത്തിലെ സാജു വിശദീകരിച്ചു. 

''അതെനിക്ക് തോന്നി, എന്തൊക്കെ തരം മനുഷ്യരാണ്?''-ഞാന്‍ പറഞ്ഞു. 

''സാംസ്‌കാരികവും സാമൂഹ്യവുമായ വൈവിധ്യങ്ങള്‍ ഏറെയുണ്ട്. ഏറെക്കാലം ബ്രിട്ടന്റെയും ജര്‍മ്മനിയുടെയും ഓസ്ട്രേലിയയുടെയും കോളനി ആയിരുന്നല്ലോ ഇവിടം. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പാപ്പുവ ന്യൂ ഗിനിയയില്‍ ജോലി ചെയ്യുന്നുണ്ട്്. അവരില്‍ ഒരാള്‍ ഞാനും''-സാജു പറഞ്ഞു നിര്‍ത്തി. 

''ഒരുപാട് ഇന്ത്യക്കാരുണ്ടോ ഇവിടെ?''

''മുപ്പത്തിയെട്ടു വര്‍ഷമായി ഇന്ത്യന്‍ ഹൈ കമ്മീഷന്‍ ഇവിടെ ഉണ്ട്. രണ്ടായിരത്തി അഞ്ഞൂറോളം ഇന്ത്യക്കാരുണ്ട്. അതില്‍ എണ്‍പതുപേരെങ്കിലും മലയാളികളായിരിക്കും. ''      

 

 

ഇവിടെ എല്ലാവരും ഇംഗ്ലീഷ് പറയും. എങ്കിലും തനതു ഭാഷയായ മോട്ടുവും പിഡ്ജിനും ഒരുപോലെ ഉപയോഗിക്കപ്പെടുന്നു. കിനായും ടോയയും ആണ് കറന്‍സി. അവയുടെ ആദിരൂപങ്ങള്‍ മുത്തു ചിപ്പികള്‍ ചെത്തിയെടുത്ത രൂപത്തില്‍ ആയിരുന്നു. കഴുത്തിലിടാന്‍ പാകത്തില്‍ നടുക്കൊരു ദ്വാരവും.

ഭാഷയുടെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യമാണ് പാപ്പുവ ന്യൂ ഗിനി. ലിപികളില്ലാത്ത 864 ഭാഷകള്‍ ഗോത്രവര്‍ഗക്കാര്‍ സംസാരിക്കുന്നു. അത്ര തന്നെ വ്യത്യസ്തമായ സംസ്‌കാരങ്ങള്‍. ഓരോ ഗ്രാമത്തിനും ഓരോ ഭാഷ. വാമൊഴിയായി മാത്രം അവ വിനിമയം ചെയ്യപ്പെടുന്നു. 

സാജു പറഞ്ഞുപോവുന്നതിനിടെ, എന്റെ മനസ്സില്‍ ചോദ്യങ്ങള്‍ ഉണ്ടാവുന്നു.

''അപ്പോള്‍ പരസ്പരം മനസ്സിലാവാതെ ഒറ്റപ്പെട്ടു നില്ക്കുന്ന തുരുത്തുകളാവില്ലേ ആ ഗ്രാമങ്ങള്‍?''

''ശരിയാണ്, പരസ്പരം ആശയവിനിമയം സാധ്യമാകാത്തതിനാല്‍ അവര്‍ കരുതലോടു കൂടിയാണ് ജീവിക്കുന്നത്.  ആ കരുതല്‍ അവരുടെ അതിജീവന മന്ത്രം കൂടിയാണ്.''

''ഇനി നമുക്ക്  ആദ്യം ഗ്രാമങ്ങളിലേക്ക് പോകാം''-കൂട്ടുകാരന്‍ പറഞ്ഞു.

കേട്ട പാടെ ഞാനും കൂടെയിറങ്ങി.

കാടുമായി ബന്ധപ്പെട്ടുകിടക്കുന്ന ഗ്രാമജീവിതം കാണാന്‍ എനിക്ക് ധൃതിയായിരുന്നു. മഴക്കാടുകളോട് തൊട്ടുരുമ്മി നില്‍ക്കുന്ന ഫലസമൃദ്ധി ഞാന്‍ കണ്‍നിറയെ കണ്ടു.

''വലിച്ചെറിഞ്ഞാല്‍ നൂറു മേനി വിളവ് തരുന്ന മണ്ണാണിത്.''-കൂട്ടുകാരന്‍ പറഞ്ഞു.  

ശരിയാണ്, സജീവമായ ലാവാപ്രവാഹത്തില്‍ തൃപ്തയായ ഭൂമി. കാരറ്റ്, ഉരുളക്കിഴങ്ങ., വാഴ, മധുരക്കിഴങ്ങ് എല്ലാമുണ്ട്. ഉയരമുള്ള ഭാഗങ്ങളില്‍ മഞ്ഞു മൂടിയ മലനിരകള്‍. കാപ്പിയും ഉരുളക്കിഴങ്ങും ആ മണ്ണിന് ഏറെ പ്രിയം. തെങ്ങുകള്‍  തീരപ്രദേശങ്ങളില്‍ മാത്രം.

''വാഴയാണ് പ്രധാന ആഹാരം. വാഴയുടെ ഇലകള്‍ കാണപ്പെട്ട ചൂണ്ടപ്പന പോലത്തെ മരത്തില്‍ തദ്ദേശവാസി യായ എസ്സി  എന്ന യുവാവ് ആപ് അടിച്ചു പിടിപ്പിക്കുന്നു. ചവിട്ടു പടികള്‍ കേറും പോലെ അയാള്‍ മുകളിലെത്തി ഒരു ഭീമന്‍ വാഴക്കുല വെട്ടി താഴെ ഇറക്കുന്നു. ഇതാണ് ഇവിടുത്തെ വാഴപ്പഴം. ഒരെണ്ണം കഴിക്കണമെങ്കില്‍ രണ്ട് കൈകളും ഒരു ദിവസവും വേണം. ശരിയാണ് നമ്മുടെ കണക്കില്‍ അത് പത്തു പേര്‍ക്കെങ്കിലും അകത്താക്കാന്‍ ഉള്ള ഭക്ഷണമാണ്.''

 

 

 

''പക്ഷെ...''

ഒന്ന് നിര്‍ത്തിയിട്ട് സാജു തുടര്‍ന്നു. ''ഈ ഭക്ഷ്യ സമൃദ്ധി വേണ്ട വിധം മാര്‍ക്കറ്റ് ചെയ്യാനുള്ള കണക്റ്റിവിറ്റി റോഡുകള്‍ തമ്മിലില്ല. സപ്ലൈ കൂടുതലും ഡിമാന്‍ഡ് കുറവുമാണ്. ''

ഉള്‍നാടന്‍ പ്രവിശ്യകളിലെ  കുന്നുകള്‍ കയറുമ്പോള്‍ ഞാന്‍ ചോദിച്ചു, ''ഇതൊക്കെ ആരുടേതാണ്?''

''ദാ, ആ കാണുന്ന മലമുതല്‍ ഈ  കാണുന്ന മല വരെ ഒരു ഗോത്രത്തിന്റെ സ്വന്തം. ആ കാണുന്ന നദി മുതല്‍ ഈ കാണുന്ന നദി വരെ മറ്റൊരു ഗോത്രത്തിന്‍േറത്. കാട്, മരങ്ങള്‍, പൂക്കള്‍, പക്ഷികള്‍, മൃഗങ്ങള്‍ എല്ലാം ആ ഗോത്രത്തിന്റെ സ്വന്തം.''

ഇവിടെ എല്ലാം അറിയപ്പെടുന്നത് അതാതു പ്രദേശം കൈവശം വച്ചിരിക്കുന്ന ഗോത്രവര്‍ഗ്ഗത്തിന്റെ പേരിലാണ്.  പിന്നെ ഇവിടുത്തെ കാടുകളില്‍ മാംസഭോജികളായ മൃഗങ്ങള്‍ ഒന്നുമില്ല. 

 

 

കങ്കാരു പോലെ ഇരിക്കുന്ന ഒരു ചങ്ങാതി  അടിവയറിനോട് ചേര്‍ത്ത് ഒരു ബാഗും വച്ച് ഇരിക്കുന്നത് കണ്ടു. 

''കങ്കാരു ആണോ അത്?''-ഞാന്‍ ചോദിച്ചു. 

''പേര് വല്ലബി. വേണേല്‍ കങ്കാരൂന്റെ അനിയന്‍ ആയി കൂട്ടാം.'' 

''അപ്പോള്‍ സിംഹം, കടുവ, പുലി...അതൊന്നുമില്ലേ ഇവിടെ?''

''ഇല്ല. അവരൊന്നും ഇവിടെയില്ല. മൃഗഭരണം ഇല്ലാത്ത കാടുകളാണിത്. പക്ഷെ മുതലകള്‍ ഒരുപാടുണ്ട്.''

നടക്കുന്നതിനിടെ കണ്ടു, മരക്കൊമ്പില്‍ വേറൊരാള്‍. 

''അത് കസ്‌ക്യൂസ്. അതിന്റെ മിനുമിനുപ്പുള്ള തോലുകൊണ്ട് മാറ് മറക്കും, ഇവിടുത്തെ ഗോത്രവര്‍ഗക്കാര്‍.''

അപ്പോള്‍ സാജു ഒരു ചിത്രം കാണിച്ചു തന്നു. ഇത് ലൂസി. സ്‌കൂളില്‍ ജോലി ചെയ്യുന്ന ഫിലിപ്പൈന്‍സുകാരി. കസ്‌കുസിന്റെ തോലുകൊണ്ടുള്ള മേല്‍വസ്ത്രം ധരിച്ചു തലയില്‍ തൂവല്‍ അലങ്കാരങ്ങളുമായാണ് നില്‍പ്പ്.  ഇവിടത്തെ പരമ്പരാഗത വേഷമാണത്. 

''ലൂസി കൊള്ളാമല്ലോ. എനിക്ക് ലൂസിയുടെ ആ സ്പിരിറ്റ് ഇഷ്ടമായി.''

 

 

''സാജു എങ്ങനെയാണ്, ഇവരുടെ സംസ്‌കാരത്തെ കുറിച്ച് ഇത്രയേറെ മനസ്സിലാക്കിയത്?''-ഞാന്‍ ചോദിച്ചു. 

''പല തരക്കാരായ കുട്ടികളുണ്ടല്ലോ സ്‌കൂളില്‍. പിന്നെ അവരുടെ മാതാപിതാക്കളുമായുള്ള നിരന്തര ഇടപെടല്‍. പിന്നെ, സ്‌കൂളില്‍ നടക്കുന്ന സാംസ്‌കാരിക പരിപാടികള്‍. അതൊക്കെയാവും...'' -അദ്ദേഹം കൂടുതല്‍ വിനയാന്വിതനായി. പിന്നെ എനിക്ക് പലതരം ചിത്രങ്ങള്‍ കാണിച്ചുതരാന്‍ തുടങ്ങി. 

ശിലായുഗത്തിലെ ആള്‍ക്കാരുടേത് പോലെ കൂര്‍ത്ത കല്ലുകള്‍. അമ്പും വില്ലും. ആറ്റില്‍ നിന്നെടുക്കുന്ന പരന്ന കല്ലുകളെ മരക്കൊമ്പില്‍ ചൂരല്‍ കൊണ്ട് ചേര്‍ത്ത് കെട്ടി ഉണ്ടാക്കിയെടുക്കുന്ന കോടാലികള്‍.  പരസ്പരബന്ധമില്ലാതെ ഒറ്റപ്പെട്ടു കിടക്കുന്ന ജനങ്ങള്‍ സ്വയരക്ഷക്ക് വേണ്ടിയും അതിജീവനത്തിനു വേണ്ടിയും തയ്യാറാക്കി വച്ചിരിക്കുന്ന ശേഖരങ്ങള്‍.  ആ കാഴ്ചകള്‍ വിസ്മയിപ്പിച്ചു കൊണ്ടിരുന്നു.

 

 

മാറ് മറക്കാതെ പുല്‍പ്പാവാട ഇട്ട സ്ത്രീകളും കുട്ടികളും. പെനിസ് ഗാര്‍ഡ് ആയി പ്രകൃതിയില്‍ നിന്നുതന്നെ ഏതോ ചെടിയുടെ നീളമുള്ള കായ ഉപയോഗിക്കുന്ന പുരുഷന്മാര്‍.

''ഇത് പടിഞ്ഞാറന്‍ പ്രവിശ്യയാണ്...''കൂട്ടുകാരന്റെ വിവരണം.

മലയോര മേഖലകളില്‍ വൈവിധ്യമുള്ള കാഴ്ചകളാണ്, നിറയെ. പക്ഷികളുടെ തൂവലുകളില്‍ നിറം പിടിപ്പിച്ച കേശാലങ്കാരവുമായി ഒരു കൂട്ടം സ്ത്രീകള്‍ കാഴ്ചയില്‍ നിന്നും മറഞ്ഞു.

 

ഒന്നാം ഭാഗം: പാപ്പുവ ന്യൂഗിനി; പ്രാവിന്റെ രൂപത്തില്‍ ഒരു ദ്വീപ്

രണ്ടാം ഭാഗം: സ്വാതന്ത്ര്യത്തിലേക്കുള്ള  പാത! 
 

click me!