ശിവസേനയെ അനുനയിപ്പിച്ച് സഖ്യം തുടരാനുള്ള ശ്രമവുമായി ബിജെപി

By Web TeamFirst Published Dec 17, 2018, 8:41 AM IST
Highlights

ഹിന്ദി ഹൃദയഭൂമിയിൽ തങ്ങൾക്ക് നേരിടേണ്ടി വന്ന പരാജയം മഹാരാഷ്ട്രയിലും ആവർത്തിക്കാനുള്ള സാധ്യത മുന്നിൽകണ്ടാണ് ശിവസേനയുമായി അനുരഞ്ജനത്തിന് ബിജെപിയുടെ ശ്രമം. എന്തുവില കൊടുത്തും മഹാരാഷ്ട്രയിൽ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ നേടിയ വിജയം ആവർത്തിക്കണമെന്നാണ് ദേശീയ നേത്യത്വത്തിന്റെ നിര്‍ദേശം

മുംബൈ: തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ ഇടഞ്ഞ് നിൽക്കുന്ന ശിവസേനയെ ഒപ്പം നിർത്താൻ ശ്രമങ്ങളുമായി ബിജെപി. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശിവസേനയുമായി മുഖ്യമന്ത്രി ദേവന്ദ്ര ഫട്നവസ് ചർച്ച നടത്തും. ഒറ്റയ്ക്ക് മത്സരിക്കുമെന്ന ശിവസേനയുടെ പ്രഖ്യാപനത്തിനിടെയാണ് ബിജെപിയുടെ അനുനയ നീക്കം.

ഹിന്ദി ഹൃദയഭൂമിയിൽ തങ്ങൾക്ക് നേരിടേണ്ടി വന്ന പരാജയം മഹാരാഷ്ട്രയിലും ആവർത്തിക്കാനുള്ള സാധ്യത മുന്നിൽകണ്ടാണ് ശിവസേനയുമായി അനുരഞ്ജനത്തിന് ബിജെപിയുടെ ശ്രമം. എന്തുവില കൊടുത്തും മഹാരാഷ്ട്രയിൽ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ നേടിയ വിജയം ആവർത്തിക്കണമെന്നാണ് ദേശീയ നേത്യത്വം നൽകിയ നിർദ്ദേശം. ഇതെതുടർന്നാണ് ശിവസേനയുമായി അനുര‍ഞ്ജനത്തിന് മുഖ്യമന്ത്രി ദേവന്ദ്ര ഫട്നവസ് തന്നെ നേരിട്ട് ഇറങ്ങുന്നത്

48 ലോക്സഭ സീറ്റുകളുള്ള സംസ്ഥാനത്ത് പകുതി സീറ്റ് നൽകണമെന്ന ആവിശ്യമാകും ശിവസേന മുന്നോട്ട് വെയ്ക്കുക. ഇതിന് ബിജെപി തയ്യാറെയേക്കുമെന്നാണ് സൂചന. ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷം വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ശിവസേനയെ കൂടെ നിർത്തുന്ന തരത്തിലുള്ള രാഷ്ട്രീയ ഫോർമുലാകും ബിജെപി മുന്നോട്ട് വെയ്ക്കുക. എന്നാൽ ബിജെപിയുമായി ചർച്ചയെക്കുറിച്ച് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ ഇതുവരെ പ്രതികരിച്ചിട്ടില്ല.
 

click me!