'ചാവൽബാബ' എന്ന രമൺസിംഗിന്‍റെ വീഴ്ച; ബിജെപിയുടെ നെടുങ്കോട്ട തകർത്ത് കോൺഗ്രസ്

By Web TeamFirst Published Dec 11, 2018, 6:18 PM IST
Highlights

രമണ്‍ സിംഗിന്‍റെ ജനപ്രീതിയില്‍ ഇക്കുറിയും അധികാരം നിലനിര്‍ത്താം എന്ന ബിജെപിയുടെ പ്രതീക്ഷ അമ്പേ തെറ്റിപ്പോയി. ജനവികാരം തിരിച്ചറിയാൻ രമൺ സിംഗിനായില്ല. മാവോയിസ്റ്റ് ഭീഷണിയുടെയും പട്ടിണിയുടെയും സംഘര്‍ഷങ്ങളുടെയും നാടായ ഛത്തീസ്ഗഡില്‍ പതിനഞ്ച് വര്‍ഷക്കാലമായി കുമിഞ്ഞുകൂടിയ ഭരണവിരുദ്ധ വികാരം ഇത്രകണ്ട് ഉണ്ടെന്ന് കോൺഗ്രസിന് പോലും തിരിച്ചറിയാൻ വോട്ടെണ്ണിത്തീരേണ്ടി വന്നു.

ഛത്തീസ്ഗഡ്: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഏറെ ആശങ്കയുണര്‍ത്തിയ സംസ്ഥാനമായിരുന്നു ഛത്തീസ്ഗഡ്. ബിജെപിക്ക് ആകട്ടെ ഏറ്റവുമധികം ആത്മവിശ്വാസം ഉണ്ടായിരുന്നത് ഛത്തീസ്ഗഡിലായിരുന്നു. ഡോക്ടര്‍ മുഖ്യമന്ത്രിയെന്നും ചാവല്‍ബാവയെന്നുമൊക്കെ വിശേഷണമുള്ള രമണ്‍സിംഗിന്‍റെ ജനപ്രിയമുഖമായിരുന്നു അതിന് കാരണം. ഛത്തീസ്ഗഡിൽ മൂന്ന് വർഷം തുടർച്ചയായി മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ബിജെപിയുടെ ഏറ്റവും താരത്തിളക്കമുള്ള നേതാവായിരുന്നു അദ്ദേഹം. രമൺ സിംഗിന്‍റെ വ്യക്തിപ്രഭാവം ഉയർത്തിക്കാട്ടി ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ കോൺഗ്രസിന് എടുത്തുപറയാൻ ഒരു നേതാവ് പോലും ഇല്ലായിരുന്നു.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിയെ ഏറ്റവുമധികം പിന്തുണച്ച സംസ്ഥാനങ്ങളിലൊന്നും രമൺ സിംഗിന്‍റെ ഛത്തീസ്ഗഡ് ആയിരുന്നു. എക്സിറ്റ് പോൾ ഫലങ്ങളിൽ നേരിയ മുൻതൂക്കം ഉംണ്ടായിരുന്നെങ്കിലും കോൺഗ്രസിന് ഛത്തീസ്ഘഡിൽ അത്രകണ്ട് ആത്മവിശ്വാസം ഇല്ലായിരുന്നു. സംസ്ഥാന സർക്കാരിനെതിരെ വലിയ തോതിലുള്ള ഭരണവിരുദ്ധ വികാരമില്ല എന്നും വിലയിരുത്തലുകൾ വന്നുകൊണ്ടിരുന്നു. ഇന്ത്യയിൽ ആദ്യമായി ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കിയാണ് രമൺ സിംഗ് ശ്രദ്ധേയനും ജനപ്രിയനുമായത്. ഡോക്ടറായ രമൺസിംഗിനെ അങ്ങനെ അന്നദാതാവായ  'ചാവൽബാബ' എന്ന് ജനങ്ങൾ വിളിച്ചു.

2002ൽ സംസ്ഥാനത്ത് മാവോവാദി സംഘടനകളെ നിരോധിക്കുന്നതിൽ മു‌ന്‍ കൈയ്യെടുത്ത നേതാവാണ് രമൺ സിങ്. മാവോയിസ്റ്റ് വേട്ടക്കായി സൽവാജുദൂം എന്ന പേരിൽ സേന രൂപീകരിച്ചതും  രമൺ സിംഗായിരുന്നു. സാൽവാജുദൂം മനുഷ്യാവകാശ ലംഘനം നടത്തുന്ന വാർത്തകൾ പുറത്തുവന്നപ്പോൾ പൗരാവകാശ സംഘടനകൾ എതിർത്തെങ്കിലും സാൽവാജുദൂമിന്‍റെ മാവോയിസ്റ്റ് വേട്ടയെ അനുകൂലിച്ച് പ്രതിപക്ഷ പാർട്ടികളടക്കം അന്ന് രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ രണ്ടുതവണയും രമൺസിംഗ് രാജ്നന്ദ്ഗാവിൽ നിന്നാണു ജയിച്ചത്. രാജ്നന്ദ്ഗാവിൽ കോൺഗ്രസ് ടിക്കറ്റിൽ രമൺ സിംഗിനെതിരെ മത്സരിക്കാന്‍ കോൺഗ്രസ് തെരഞ്ഞെടുത്തത് വാജ്പേയിയുടെ അനന്തിരവള്‍ കരുണ ശുക്ലയെ. വാജ്പേയ്‌യുടെ സഹോദരൻ അവധ് ബിഹാരി വാജ്പേയിയുടെ മകളാണ് അറുപത്തിയെട്ടുകാരിയായ കരുണ ശുക്ല. മുമ്പ് ജാന്‍ഗിരി മണ്ഡലത്തില്‍നിന്നുള്ള ബിജെപി എംപിയായിരുന്നു. 2003ൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് വരെ ബിജെപി പരിഗണിച്ച നേതാവ്. എന്നാൽ 2009 ലെ തെരഞ്ഞെടുപ്പിൽ അടിതെറ്റിയതോടെ ബിജെപിയിൽ ഒതുക്കപ്പെട്ട കരുണ ശുക്ല രാജിവച്ച് 2014ൽ കോൺഗ്രസിലെത്തി. രമൺ സിംഗിന്‍റെ വ്യക്തിപ്രഭാവത്തെ മറികടക്കാൻ കോൺഗ്രസ് ഇറക്കിയ തുറുപ്പുചീട്ട് ഒരു ഘട്ടത്തിൽ ബിജെപിയെ വിറപ്പിച്ചു. വോട്ടണ്ണലിന്‍റെ ഒരു വേളയിൽ രമൺസിംഗ് മൂന്നാം സ്ഥാനത്തായിരുന്നു. എങ്കിലും ഒടുവിൽ മുപ്പത്തയ്യായിരത്തിലേറെ വോട്ടിന് രമൺ സിംഗ് ജയിച്ചുകയറി, തോറ്റ ടീമിന്‍റെ ജയിച്ച ക്യാപ്റ്റനായി.

രമണ്‍ സിംഗിന്‍റെ ജനപ്രീതിയില്‍ ഇക്കുറിയും അധികാരം നിലനിര്‍ത്താം എന്ന ബിജെപിയുടെ പ്രതീക്ഷ അമ്പേ തെറ്റിപ്പോയി. മുഴുവൻ ഫലവും പുറത്തുവന്നപ്പോൾ ബിജെപിയെ പിന്തള്ളി കോൺ‌ഗ്രസ് ബഹുദൂരം മുന്നിലെത്തി. ഇക്കുറി ജനവികാരം തിരിച്ചറിയാൻ രമൺ സിംഗിനായില്ല. മാവോയിസ്റ്റ് ഭീഷണിയുടെയും പട്ടിണിയുടെയും സംഘര്‍ഷങ്ങളുടെയും നാടായ ഛത്തീസ്ഗഡില്‍ പതിനഞ്ച് വര്‍ഷക്കാലമായി കുമിഞ്ഞുകൂടിയ ഭരണവിരുദ്ധ വികാരം ഇത്രകണ്ട് ഉണ്ടെന്ന് കോൺഗ്രസിന് പോലും തിരിച്ചറിയാൻ വോട്ടെണ്ണിത്തീരേണ്ടി വന്നു.

സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന അജിത്‌ജോഗി പുതിയ പാര്‍ട്ടിയുണ്ടാക്കി ബിഎസ്പിയുമായി ചേര്‍ന്ന് മത്സരിച്ചിട്ടും കോണ്‍ഗ്രസിന്‍റെ പെട്ടിയിലേക്കുള്ള വോട്ടുകളില്‍ ചലനമുണ്ടാക്കാനായില്ല. ഭരണവിരുദ്ധ വോട്ടുകള്‍ ചിതറിപ്പോകുമെന്ന ബിജെപിയുടെ പ്രതീക്ഷകളും അസ്ഥാനത്തായി. ബിജെപിയും കോണ്‍ഗ്രസും സഖ്യങ്ങളൊന്നുമില്ലാതെയാണ് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. 90 സീറ്റുകളിലും ഇരു പാര്‍ട്ടികളും നേർക്കുനേർ മത്സരിച്ചു. ഒടുവിൽ ഛത്തീസ്ഘഡ് എന്ന ബിജെപിയുടെ നെടുങ്കോട്ട കോൺഗ്രസ് തകർത്തിരിക്കുന്നു. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രമൺ സിംഗ് പടിയിറങ്ങുന്നു.

 

click me!