ഛത്തിസ്ഗഢ് കോണ്‍ഗ്രസിന്: മന്ത്രിമാര്‍ ഉള്‍പ്പെടെ ബിജെപിയുടെ പല നേതാക്കള്‍ക്കും സഭയിലെത്താനാകില്ല

By Web TeamFirst Published Dec 11, 2018, 6:20 PM IST
Highlights

മന്ത്രിമാര്‍ ഉള്‍പ്പെടെ ബിജെപിയുടെ പല പ്രമുഖ നേതാക്കള്‍ക്കും സഭയിലെത്താനാകില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചനകള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 39 സീറ്റുകള്‍ മാത്രം ലഭിച്ച സ്ഥാനത്താണ് കോണ്‍ഗ്രസിന്‍റെ കുതിച്ചു ചാട്ടം

ദില്ലി: ശക്തമായ ഭരണ വിരുദ്ധ വികാരത്തിലേറി ഛത്തിസ്ഗഢില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലേക്കെത്തുകയാണ്. പ്രവചനങ്ങള്‍ കാറ്റില്‍പ്പറത്തിയ പോരാട്ടത്തില്‍ 90 അംഗ സഭയില്‍ കോണ്‍ഗ്രസ് 63 സീറ്റുകളില്‍ ലീഡ് നേടിയിട്ടുണ്ട്. മന്ത്രിമാര്‍ ഉള്‍പ്പെടെ ബിജെപിയുടെ പല പ്രമുഖ നേതാക്കള്‍ക്കും സഭയിലെത്താനാകില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചനകള്‍

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 39 സീറ്റുകള്‍ മാത്രം ലഭിച്ച സ്ഥാനത്താണ് കോണ്‍ഗ്രസിന്‍റെ കുതിച്ചു ചാട്ടം. സംസ്ഥാനമാകെ കോണ്‍ഗ്രസ് തരംഗം ആഞ്ഞടിച്ചപ്പോള്‍ ബിജെപിയുടെ പല ശക്തികേന്ദ്രങ്ങളും ഇത്തവണ കാറ്റില്‍ പറന്നു. മാവോയിസ്റ്റ് ശക്തി കേന്ദ്രങ്ങങ്ങളായ ബസ്തറില്‍ മുഴുവന്‍ സീറ്റുകളിലും കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. 18 സീറ്റുള്ള ഈ മേഖലയില്‍ 12 സീറ്റുകളാണ് കഴിഞ്ഞ തവണ കോണ‍്ഗ്രസിന് ലഭിച്ചിരുന്നത്. കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളെല്ലാം ജയം ഉറപ്പിച്ചു കഴിഞ്ഞു. 

പിസിസി അധ്യക്ഷന്‍ ഭൂപേഷ് ബഗേല്‍ , കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം തമര്‍ധ്വജ് സാഹു, മുതിര്‍ന്ന നേതാവ് ടി എസ് സിംഗ് ദേവ് എന്നിവരെല്ലാം നല്ല‍ ലീഡ് നിലനിര്‍ത്തുന്നുണ്ട്. എബി വാജ്പോയുടെ അനന്തിരവളും കോണ്‍ഗസ് സ്ഥാനാര്‍ഥിയുമായ കരുണ്‍ ശുക്ളക്കെതിരെ ആദ്യഘട്ടത്തില്‍ പിന്നിലായിരുന്ന മുഖ്യമന്ത്രി രമണ്‍ സിംഗ് ലീഡ് നേടിയിട്ടുണ്ട്. എന്നാല്‍ ഭൂരിഭാഗം മന്ത്രിമാരും വീണ്ടും സഭ കാണില്ലെന്നുറപ്പായി. മന്ത്രിമാരായ ബ്രിജ് മോഹന്‍ അഗര്‍വാള്‍ , കേദാര്‍ കശ്യപ്, മഹേഷ് ഗഗ്ഡ, ,ദയാല്‍ ദാസ് ബഗേല്‍ , അമര്‍ അഗര്‍വാള്‍ എന്നിവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ഏറെ പിന്നിലാണ്. അജിത് ജോഗിയുടെ സഖ്യത്തിനും കാര്യമായി നേട്ടമുണ്ടാക്കാനായിട്ടില്ല. അജിത് ജോഗിയുടെ ജനതാ കോണ്‍ഗ്രസിന് 5ലും ബിഎസ്പിക്ക് 3 സീറ്റിലും മാത്രമാണ് ലീഡുളളത്.

സഖ്യത്തില്‍പ്പെട്ട സിപിഐക്കും ആരേയും നിയമസഭയിലേക്ക് അയക്കാന്‍ കഴിയില്ലെന്നാണ് വോട്ടെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. മല്‍സരിക്കുന്ന രണ്ട് സീറ്റിലും സിപിഐ ഏറെ പിന്നിലാണ്. അതേ സമയം മുഖ്യമന്ത്രി ആരായിരിക്കും എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. നേതാക്കള്‍ തമ്മിലെ പടലപ്പിണക്കം മൂലം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെയാണ് കോണ‍്ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. നിയമസഭാ കക്ഷിയോഗം ചേര്‍ന്ന സാധ്യതാ പട്ടിക ഹൈക്കമാന്‍റിന് സമര്‍പ്പിക്കുമെന്ന് മുതിര്‍ന്നകോണ്‍ഗ്രസ് നേതാവ് ടി എസ് സിംഗ്ദേവ് അറിയിച്ചു. 

click me!